ഉർമി, ബൂരാൻ, കുരങ്ങി, മോന്ത, മണ്ടൂസ്... ഇവരൊക്കെ ആരാണ്?
വർഗീസ് സി. തോമസ്
ഉംപുൻ കാലത്ത് അറിയാം ചില കാറ്റുവിശേഷങ്ങൾ.
‘ചുമ്മാ കാറ്റു കൊള്ളാൻ പോയതാ’ – ഈ ഡയലോഗ് നമ്മൾ ഇടയ്ക്കിടെ എടുത്തു വീശാറില്ലേ. എന്നാൽ ഓർക്കുക, കാറ്റു ‘ചുമ്മാ’ വീശുന്നതല്ല. ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ കാറ്റിനു വലിയ പങ്കുണ്ട്. ഒരു പ്രദേശത്തെ വായു ചൂടുപിടിച്ച് ഭാരം കുറഞ്ഞു മുകളിലേക്ക് ഉയരുമ്പോൾ ആ ശൂന്യസ്ഥലത്തേക്കു മറ്റിടങ്ങളിൽ നിന്നുള്ള മർദം കൂടിയ തണുത്ത വായു ഒഴുകിയെത്തും. മർദവ്യതിയാനം ഒഴിവാക്കി സന്തുലനം നിലനിർത്താനുള്ള അന്തരീക്ഷത്തിന്റെ ഈ ആത്മാർഥ ശ്രമത്തെയാണു നാം വെറും കാറ്റെന്നു വിളിച്ചു തള്ളുന്നത്. മൺസൂൺ കേരളത്തിലെത്തുന്നതും ഇത്തരമൊരു ബ്രഹ്മാണ്ഡ കാറ്റിന്റെ ചിറകിലാണ്.
കാറ്റിനും സോക്സ്
ഫാക്ടറികളിലും വിമാനത്താവളങ്ങളിലുമൊക്കെ നീണ്ട സഞ്ചി പോലുള്ള തുണി കമ്പിയിൽ കെട്ടിയിരിക്കുന്നതു കണ്ടിട്ടുണ്ടോ? കാറ്റ് അളക്കാനുള്ള വിൻഡ് സോക്സ് ആണത്. ഇതിൽ 5 വളയങ്ങളുണ്ട്; ഓറഞ്ച് നിറത്തിൽ 3, വെള്ള 2. എത്ര വളയങ്ങൾ നേരെ വടി പോലെ നിൽക്കുന്നു എന്നു നോക്കിയാണു കാറ്റിന്റെ വേഗം നിശ്ചയിക്കുന്നത്. നോട്ട് (Knot) എന്ന ഏകകമാണു വേഗം അളക്കാൻ ഉപയോഗിക്കുന്നത്. കാറ്റിനു 3 നോട്ട് (മണിക്കൂറിൽ 5.5 കിലോമീറ്റർ) ആകുമ്പോൾ ആദ്യ ഓറഞ്ച് വളയം നേരെ നിൽക്കും. 15 നോട്ട് (മണിക്കൂറിൽ 27.78 കിലോമീറ്റർ) ആയാൽ 5 വളയവും വായു കയറി നിറഞ്ഞ് സോക്സ് കാറ്റിന്റെ ദിശയിൽ നേരെ നിൽക്കും.
കാലാവസ്ഥ വകുപ്പും മറ്റും കാറ്റ് അളക്കുന്നത് അനിമോമീറ്റർ ഉപയോഗിച്ചാണ്. എന്നാൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലെത്തി വൈദ്യുതത്തൂൺ വരെ വളയ്ക്കുന്ന വമ്പൻ ചുഴലിയും സൂപ്പർ സൈക്ലോണും അളക്കാൻ സാധാരണ അനിമോമീറ്റർ പോരാ. മികച്ച റൊട്ടേഷൻ നിരക്കുള്ള, കാറ്റിൽ വളയാത്ത ഉപകരണം വേണം. കാലാവസ്ഥ റഡാറുകളുമാകാം.
പവർഫുൾ കാറ്റ്
കാറ്റിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാമെന്നു കൂട്ടുകാർക്കറിയാമല്ലോ. ഇതിനായി വിൻഡ് മില്ലുകളുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇവ കാണാം. തമിഴ്നാട്ടിൽ വ്യാപകമാണ്.
ഭാഷയിലും വീശും
കാറ്റു പോകുക, കാറ്റുവീഴ്ച, കാറ്റടിക്കുക തുടങ്ങി പല കാറ്റുപ്രയോഗങ്ങളും മലയാളത്തിലുണ്ട്. കാറ്റുവീഴ്ച തെങ്ങിനെ ബാധിക്കുന്ന വേരു രോഗമാണ്. 1882ലെ വെള്ളപ്പൊക്കത്തിനു ശേഷമാണ് ഈ രോഗം കേരളത്തിലെത്തിയതെന്നു ഗവേഷകർ. കാറ്റുള്ളപ്പോൾ
തൂറ്റണം (അവസരത്തിനൊത്തു പ്രവർത്തിക്കുക), കാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ കൊള്ളും (സന്ദർഭം ശ്രദ്ധിക്കാതെ പ്രവർത്തിച്ചാൽ ദോഷഫലമുണ്ടാകും) തുടങ്ങിയ പഴഞ്ചൊല്ലുകളിലും കാറ്റുണ്ട്.
പറപറക്കും പേരുകൾ
കാറ്റുകളിലെ ചക്രവർത്തിയാണ് ചുഴലിക്കാറ്റ്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ, അറ്റ്ലാന്റിക്കിൽ ഹരിക്കേൻ, പസിഫിക്കിൽ ടൈഫൂൺ – എന്തു വിളിച്ചാലും നാശംവിതയ്ക്കുന്നതിൽ ഇവ കഴിഞ്ഞേ അണുബോംബ് പോലും വരൂ. സൈക്ലോൺ ഐ (കണ്ണ്) എന്നറിയപ്പെടുന്ന മധ്യഭാഗമാണു വിനാശകരമായ കാറ്റും മഴയും നിറച്ചു ജലബോംബായി മാറുന്നത്.
വമ്പൻ കൊടുങ്കാറ്റുകൾക്കു പേരിടൽ തുടങ്ങിയതു നാവികരാണ്. സ്ത്രീകളുടെയും വിശുദ്ധരുടെയും പേരാണ് ആദ്യകാലത്തു നൽകിയിരുന്നത്. 1953 മുതലാണ് അറ്റ്ലാന്റിക് സമുദ്രമേഖലയിൽ (യുഎസ്) ഇപ്പോഴത്തെ രീതിയിലെ പേര് ഉപയോഗിച്ചു തുടങ്ങിയത്. രാജ്യങ്ങളിലെ കാലാവസ്ഥ വകുപ്പുകൾ നിർദേശിച്ച്, ലോക കാലാവസ്ഥ കേന്ദ്രം (ഡബ്ല്യുഎംഒ) തയാറാക്കുന്ന പട്ടികയിൽനിന്നാണു കാറ്റുകൾക്കു പേരിടുന്നത്. പെട്ടെന്നു പറയാനും ഓർക്കാനുമാകുന്ന പേരുകളാണു തിരഞ്ഞെടുക്കുക; വൈകാരികമായി ആരെയും മുറിപ്പെടുത്താത്തതും.
ഉംപുൻ ഒടുവിലാൻ
ബംഗാൾ – ബംഗ്ലദേശ് തീരങ്ങളെ കശക്കിയെറിഞ്ഞ ഉംപുൻ ചുഴലിക്കാറ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയെ. ബംഗ്ലദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ 2004ൽ കൈമാറിയ പട്ടികയിലെ അവസാനത്തെ കാറ്റാണ് ഉംപുൻ (മേഘം എന്ന് അർഥം). 64 കാറ്റുകളുടെ പേരടങ്ങുന്ന ഈ പട്ടിക ഇനി ചരിത്രം. പകരം 13 രാജ്യങ്ങൾ നിർദേശിച്ച 169 കാറ്റുകളുടെ പുതിയ പട്ടിക നിലവിൽ വരും. ഇറാൻ, ഖത്തർ, സൗദി, യുഎഇ, യെമൻ എന്നിവയാണു കൂട്ടായ്മയിലെ
പുതിയ രാജ്യങ്ങൾ. ഉർമി, ഗുർണി, ബൂരാൻ, പൂയൻ, കാണി, കുരങ്ങി, കുരധി, തുണ്ടി, പിങ്കു, നിന്നട, വിടുലി, മോന്ത, പുട്ടാല, മച്ച, മണ്ടൂസ്... ഇനി വരാനുള്ള കാറ്റുകളുടെ ചില പേരുകളാണിവ.
ഓഖിയെ മറന്നോ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വൻ നാശം വിതച്ച കാറ്റുകളാണ് നർഗീസ് (2008; 1.38 ലക്ഷം മരണം), ലൈല (2010), നീലം (2012), പൈലിൻ (2013), നിലോഫർ (2014), വാർധ (2016), സാഗർ, തിത്‌ലി (2018), ബുൾബുൾ (2019) തുടങ്ങിയവ. 2014ലെ ഹുദ്‌ഹുദ് ചുഴലി ആന്ധ്രയിലെ വിശാഖപട്ടണം നഗരത്തിന്റെ പുരോഗതിയെ 20 വർഷത്തോളം പിന്നോട്ടടിച്ചു. 2017 ഡിസംബറിൽ കേരളത്തെ ദുഃഖത്തിലാഴ്ത്തിയ ഓഖി ചുഴലിക്കാറ്റിന്റെ അർഥമെന്തെന്നോ – കണ്ണുനീർ!