മ്യൂസിയം കാണാനെത്തിയവരെ ‘പേടിപ്പിച്ച്’ ഭീമൻ ദിനോസർ- വിഡിയോ
നവീൻ മോഹൻ
റോഡിലൂടെ ചങ്ങലയും കുലുക്കി ഒരു ആന നടന്നു പോവുകയാണെങ്കിൽ എത്ര വലിയ ആളാണെങ്കിലും കൗതുകത്തോടെ ഒന്നു നോക്കിപ്പോകും. അപ്പോൾപ്പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ? അവർ അന്തംവിട്ടങ്ങനെ നോക്കി നിൽക്കും– ‘അമ്പോ, എന്തു വലുപ്പാ ഈ ആനയ്ക്ക്...’ പക്ഷേ നൂറാനകളുടെ വലുപ്പമുണ്ടായിരുന്ന ജീവികളും ഒരുകാലത്തു നമ്മുടെ ഭൂമിയിലുണ്ടായിരുന്നു– പടുകൂറ്റൻ ദിനോസറുകളാണവ. അവയൊക്കെ ഇന്നുമുണ്ടായിരുന്നെങ്കിൽ പിന്നെ മനുഷ്യന്റെ പൊടിപോലും കാണാൻ കിട്ടുകയില്ല. എന്നെങ്കിലും ദിനോസറുകൾ തിരിച്ചുവന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും കാണാനുള്ള കൗതുകം കൊണ്ടാണത്. അത്തരം കഥകൾ പറയുന്ന ‘ജുറാസിക് പാർക്ക്’ പോലുള്ള ഒട്ടേറെ സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.
< അങ്ങനെയിരിക്കെയാണ് അടുത്തിടെ ഇംഗ്ലണ്ടിലെ ഒരു മ്യൂസിയത്തിൽ കൂറ്റൻ ‘ദിനോസര്‍’ ഇറങ്ങിയത്. അവിടത്തെ യോർക്‌ഷയർ മ്യൂസിയത്തിലെ ‘ജുറാസിക് വേൾഡി’ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു അതിന്റെ വരവ്. മ്യൂസിയം കാണാനെത്തിയവരെയും അവിടത്തെ പൊലീസുകാരെയുമൊക്കെ പേടിപ്പിച്ചു വിറപ്പിച്ചായിരുന്നു ദിനോസർ എത്തിയത്! അതിന്റെ വിഡിയോയും പുറത്തിറക്കി. പക്ഷേ വിഡിയോയിൽ ദിനോസറിന്റെ ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒപ്പം ഒരു ക്ഷണക്കത്തും– ‘മാർച്ച് 24ന് ദിനോസറുകളെ കാണാം’ എന്നതായിരുന്നു അത്. മ്യൂസിയത്തിൽ പുതുതായി ആരംഭിക്കുന്ന ജുറാസിക് വേൾഡിന്റെ പരസ്യമായിരുന്നു ആ വിഡിയോ.
ദിനോസർ ഫോസിലുകൾക്കു വേണ്ടിയുള്ളതായിരുന്നു മ്യൂസിയത്തിലെ ആ പുതിയ വിഭാഗം. അവിടത്തെ ഏറ്റവും വലിയ ആകർഷണമാകട്ടെ ഒര ഭീമൻ ഇക്തിയോസോറസിന്റെ ഫോസിലും. ഇംഗ്ലണ്ടിലെ വിറ്റ്ബിയിൽ നിന്ന് എട്ടു വർഷം മുൻപാണ് ഈ ഫോസിൽ കണ്ടെത്തിയത്. ഇത്രയും വർഷത്തിനിടെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ അതിനെപ്പറ്റി തലങ്ങും വിലങ്ങും പഠിച്ചു. അതിനു കാരണവുമുണ്ട്. 16.5 കോടി– ഒൻപതു കോടി വർഷത്തിനിടയ്ക്കാണ് ഇക്തിയോസോറുകൾ ലോകത്തു ജീവിച്ചിരുന്നതായി കരുതുന്നത്.
ഗ്രീക്കുഭാഷയിൽ ‘മത്സ്യപ്പല്ലി’ എന്നാണ് ഇക്തിയോസോറിന്റെ അർഥം. വായിൽ പല്ലുള്ളതായിരുന്നു പ്രത്യേകതകളിലൊന്ന്. ‘നീന്തുന്ന ദിനോസറുകൾ’ എന്നാണു വിളിപ്പേര്. എന്നാൽ ഭൂമുഖത്ത് ദിനോസറുകൾ പ്രത്യക്ഷപ്പെടുന്നതിനു മുൻപേ തന്നെ ഇക്തിയോസോറുകൾ ഉണ്ടായിരുന്നുവെന്നതാണു സത്യം. വമ്പൻ ശരീരമായിരുന്നെങ്കിലും വേഗത്തിൽ നീന്താനുള്ള കഴിവുണ്ടായിരുന്നു ഇവയ്ക്ക്. മാത്രവുമല്ല മുട്ടയിടുന്നതിനു പകരം കുഞ്ഞുങ്ങളെ പ്രസവിക്കുകയായിരുന്നു ഇവ ചെയ്തിരുന്നത്. അക്കാര്യത്തിലാണ് ഇപ്പോൾ ഗവേഷകർ ആശയക്കുഴപ്പത്തിലായിരിക്കുന്നത്.
വിറ്റ്ബിയിൽ നിന്നു ലഭിച്ച ഇക്തിയോസോറിന്റെ വയറ്റിൽ നിന്ന് 6–8 കുഞ്ഞൻ ഭ്രൂണങ്ങളാണു കണ്ടെത്തിയിരിക്കുന്നത് (ഇക്തിയോസോറുകൾ ജനിക്കും മുന്‍പുള്ള വളരെ ചെറിയ രൂപമാണ് ഭ്രൂണം) അതായത് ഇക്തിയോസോർ കുഞ്ഞുങ്ങൾ ജനിക്കുന്നതിനു മുൻപ് അവയെ തിന്ന ഒരു ഭീകരന്റെ ഫോസിലാണ് ലഭിച്ചിരിക്കുന്നതെന്നാണു സൂചന. ഏതോ പാറയിൽ വയറിടിച്ചാണ് ഈ ഭീകരൻ ഇക്തിയോസോർ ചത്തത്. അങ്ങനെ വാരിയെല്ലൊക്കെ പുറത്തു കാണാവുന്ന വിധമായിരുന്നു ഫോസിൽ. ആ എല്ലുകൾക്കിടയിലായിരുന്നു ഭ്രൂണങ്ങൾ കണ്ടെത്തിയത്. മാംസപ്രിയരാണെങ്കിലും കുഞ്ഞുങ്ങളെ തിന്നുന്ന സ്വഭാവക്കാരല്ല ഇക്തിയോസോറുകളെന്നു പറയുന്നു ഗവേഷകർ. മാത്രവുമല്ല ആറെട്ടു കുഞ്ഞ് ഇക്തിയോസോറുകളെയൊന്നും ഒറ്റയടിക്ക് ഇവ കഴിക്കാനിടയില്ല. വയറ്റിൽ ഇവ അധികനേരം കിടന്നതായും കണ്ടെത്താനായിട്ടില്ല. അങ്ങനെയെങ്കിൽ വയറ്റിൽ ദഹിപ്പിക്കാനുള്ള ‘ആസിഡു’കളുടെ പ്രയോഗം കാരണം എന്തെങ്കിലും സംഭവിച്ചതിന്റെ തെളിവും ഫോസിലിൽ നിന്നു ലഭിച്ചേനേ. ഇതുപക്ഷേ വയറ്റിൽ ഭ്രൂണങ്ങൾ ‘സൂക്ഷിച്ചു വച്ച’ അവസ്ഥയിലായിരുന്നു. ഇതാണ് ഗവേഷകരെ ഇന്നും കുഴക്കുന്നത്. ഗർഭിണിയായ ഇക്തിയോസോറായിരുന്നോ ഇതൊന്നും അന്വേഷിച്ചു. അങ്ങനെയെങ്കിൽ ഗർഭാശയത്തിലല്ലേ ഭ്രൂണം കാണേണ്ടത്, വയറ്റിൽ അല്ലല്ലോ എന്നും ചോദിക്കുന്നു ഗവേഷകർ.
വയറ്റിൽ ഭ്രൂണങ്ങളുള്ള ആ ദിനോസറാണ് യോർക്‌ഷയർ മ്യൂസിയത്തിലെ ഏറ്റവും വലിയ ആകർഷണവും. ബ്രിട്ടനിലും ജർമനിയിലുമാണ് പ്രധാനമായും ഇക്തിയോസോറുകളുടെ ഫോസിലുകൾ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഗുജറാത്തിൽ നിന്ന് ഇക്തിയോസോറിന്റെ ഫോസിൽ കണ്ടെത്തിയതു വൻ വാർത്തയായിരുന്നു. മ്യൂസിയത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയാണ് ഇക്തിയോസോറുകളുടെ ഫോസിൽ വിശേഷങ്ങൾ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കുന്നത്. കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് കടൽ അടക്കിവാണിരുന്നവയാണ് ഈ ദിനോസറുകൾ. വെളളത്തിനടുത്തേക്കെത്തുന്ന കൂറ്റൻ ദിനോസറുകളെ വരെ ഇവ പിടികൂടി തിന്നിരുന്നു. അത്തരം കാഴ്ചകളുടെ മായികലോകവും ഒരുക്കിയിരിട്ടുണ്ട് യോർക്‌ഷയർ മ്യൂസിയത്തിലെ ‘ജുറാസിക് വേൾഡി’ൽ.