കൗബോയ് തൊപ്പിവച്ച് മുറ്റം നിറയെ പ്രാവുകൾ; കൗതുകക്കാഴ്ച, പക്ഷേ...
‘അപ്പുക്കുട്ടാ തൊപ്പിക്കാരാ...’ എന്ന പാട്ട് യുഎസിലെ ലാസ് വേഗസ് നിവാസികൾ കേട്ടിരുന്നെങ്കിൽ അവർ അതിനൊരു പാരഡിയുണ്ടാക്കിയേനെ– ‘പ്രാവുകുട്ടാ തൊപ്പിക്കാരാ...’ എന്ന്. അത്തരമൊരു രസികൻ കാഴ്ചയാണ് കുറച്ചു നാളുകളായി ലാസ് വേഗസ് തെരുവുകളിൽ തത്തിത്തത്തി നടക്കുന്നത്. കുഞ്ഞന്‍ തൊപ്പി വച്ച പ്രാവുകളാണ് കഥയിലെ താരം. ചുവപ്പും പിങ്കും നിറമുള്ള കൗബോയ് തൊപ്പി ധരിച്ച പ്രാവുകളെ മുറ്റത്തു കണ്ടപ്പോൾ പലരും ആദ്യം ഒന്നമ്പരന്നു. അത് പ്രാവിന്റെ തലയിൽ വളർന്നു വന്ന പ്രത്യേക ഭാഗം എന്തെങ്കിലുമായിരിക്കുമെന്നാണ് ഒറ്റനോട്ടത്തിൽ കരുതിയത്. ചിലർ അതിന്റെ വിഡിയോയെടുത്ത് ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെ പോസ്റ്റും ചെയ്തു. ബോബി ലീ എന്നയാളുടേതായിരുന്നു ആദ്യ പോസ്റ്റ്. വൈകാതെ സംഗതി വൈറലുമായി.
ലാസ് വേഗസിന്റെയും നെവാഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം തൊപ്പിക്കാരൻ പ്രാവുകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. സൂക്ഷ്മ പരിശോധനയിൽ വ്യക്തമായി, സംഗതി ശരിക്കും തൊപ്പി തന്നെയാണ്. പക്ഷേ പറക്കുമ്പോഴും ആ തൊപ്പിക്ക് യാതൊരു അനക്കവും തട്ടുന്നില്ല. പ്രദേശത്തെ പക്ഷിസംരക്ഷണ കൂട്ടായ്മയായ ലോഫ്റ്റി ഹോപ്സ് അങ്ങനെയാണു വിഷയത്തിൽ ഇടപെടുന്നത്. അവർ ചില പ്രാവുകളെ തന്ത്രപൂർവം പിടികൂടി. നോക്കുമ്പോഴുണ്ട് എല്ലാറ്റിന്റെയും തലയിൽ കുഞ്ഞൻ തൊപ്പി ശക്തിയേറിയ പശ വച്ച് ഒട്ടിച്ചിരിക്കുകയാണ്. പശയുടെ ശക്തി കാരണം പലതിന്റെയും തലയിലെ തൂവലുകൾ വരെ കൊഴിഞ്ഞു പോയിരുന്നു.
ഡിസംബർ ആദ്യവാരം മുതൽ ഇത്തരത്തിൽ പലയിടത്തു നിന്നും വിഡിയോകൾ വന്നുകൊണ്ടേയിരിക്കുകയാണ്. ഇത്തരം പ്രാവുകളെ കാണുന്നത് ‘അഭിമാന’പ്രശ്നമായിപ്പോലും പലരും കണക്കാക്കാൻ തുടങ്ങിയ അവസ്ഥ! പോക്കിമോൻ ഗോ ഗെയിമിൽ പലതരം ജീവികളെ പലയിടത്തു നിന്നായി കണ്ടെത്തുന്നതു പോലെ തൊപ്പിവച്ച പ്രാവുകളെ തേടിയുള്ള കറക്കത്തിലായി പലരും. ചുവപ്പും പിങ്കും തൊപ്പിവച്ച പ്രാവുകൾക്ക് പ്രത്യേക പേരുകളുമിട്ടു ഇവർ. തവിട്ടു തൊപ്പി വച്ച പ്രാവുകളെ ചിലർ കണ്ടെന്നു പറയുന്നുണ്ടെങ്കിലും അവയുടെ ചിത്രങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
തൊപ്പി വച്ച പ്രാവുകളെ കാണാൻ ഭംഗിയുണ്ടെങ്കിലും അവയുടെ ജീവനു ഭീഷണിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചുവപ്പ് നിറം വഴി ഇവയെ വേട്ടക്കാരൻ മൃഗങ്ങള്‍ക്കും പരുന്തു പോലുള്ള വമ്പന്‍ പക്ഷികള്‍ക്കും എളുപ്പം തിരിച്ചറിയാനാകുമെന്നതാണു കാരണം. നെവാഡ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് എന്ന കൂട്ടായ്മയുടെയും ലോഫ്റ്റി ഹോപ്സിന്റെയും നേതൃത്വത്തിൽ പ്രാവുകളെ തൊപ്പിയിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ചിലതിനെ പിടികൂടുകയും ചെയ്തുകഴിഞ്ഞു.
Summary : Dove with tiny cowboy hats mystery in La Vegas