പകൽ ശവപ്പെട്ടിക്കുള്ളിൽ, രാത്രി യുവതികളുടെ രക്തം കുടിക്കും ഡ്രാക്കുള!, Dracula, Bram Stoker, Padhippura, Manorama Online

പകൽ ശവപ്പെട്ടിക്കുള്ളിൽ, രാത്രി യുവതികളുടെ രക്തം കുടിക്കും ഡ്രാക്കുള!

ജസ്റ്റിൻ മാത്യു

ലോകമെമ്പാടുമുള്ള മനുഷ്യരെ 122 വർഷമായി ഭയത്തിന്റെ കുന്തമുനയിൽ കുരുക്കിയിട്ടിരിക്കുകയാണ് ഐറിഷ് എഴുത്തുകാരനായ ബ്രോം സ്റ്റോക്കർ. 1897ൽ അദ്ദേഹമെഴുതിയ നോവലിലെ കഥാനായകനായ ഡ്രാക്കുള ഇന്നും പേടിയുടെ മറ്റൊരു പേരാണ്. കാർപാത്യൻ മലനിരകൾക്കിടയിലെ കോട്ടയിലാണ് ഡ്രാക്കുള പ്രഭുവിന്റെ താമസം. പകൽ മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുന്ന പ്രഭു രാത്രി പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കും. ആ യുവതികൾ യക്ഷികളായി പ്രഭുവിന്റെ അടിമകളാകും.

ലണ്ടൻ നഗരത്തിൽ കൊട്ടാരം വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രഭുവിനെ തേടി ജൊനാഥൻ ഡ്രാക്കുള കോട്ടയിൽ എത്തുന്നിടത്താണു കഥയുടെ തുടക്കം. അവിടെ വച്ച് ഡ്രാക്കുള ഒരു സാധാരണ മനുഷ്യനല്ലെന്ന് ജൊനാഥൻ മനസിലാക്കുന്നു. തുടർന്ന് കോട്ടയിൽ നിന്ന് അയാൾ രക്ഷപ്പെടുന്നു. നഗരത്തെക്കുറിച്ച് ജൊനാഥനിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയ പ്രഭുവും അവിടെയെത്തുന്നു. പിന്നീടു ജൊനാഥന്റെ വേണ്ടപ്പെട്ടവർക്കു ഡ്രാക്കുള ശത്രുവാകുന്നു.

‌ജൊനാഥന്റെ കാമുകി മീനയുടെ കൂട്ടുകാരി ലൂസിയെ രക്തം കുടിച്ച് ഡ്രാക്കുള ഇരയാക്കുകയും ലൂസി കൊല്ലപ്പെടുകയും ചെയ്യുന്നു. അതോടെ ഡോക്ടർ സിവാർഡ്, പ്രഫസർ വാൻഹെൽസിങ്, ജൊനാഥൻ എന്നിവരടങ്ങുന്ന സംഘം ഡ്രാക്കുളയെ നശിപ്പിക്കാൻ തീരുമാനിക്കുകയാണ്. ഇതിനിടെ മീനയും ഡ്രാക്കുളയുടെ ഇരയാകുന്നുണ്ടെങ്കിലും രക്ഷപ്പെടുന്നു. ലണ്ടനിൽ നിൽക്കക്കള്ളിയില്ലാതായ ഡ്രാക്കുള കാർപാത്യൻ മലനിരയിലെ തന്റെ കോട്ടയിലേക്കു പലായനം ചെയ്തു. പിൻതുടർന്നെത്തുന്ന വാൻഹെൽസിങും സംഘവും സാഹസികമായി ഡ്രാക്കുളയെ നശിപ്പിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. പേടിയുടെ മൂർത്തരൂപമായി ഒരുപാടു തലമുറകൾ കൈമാറിയ ഈ കഥാപാത്രം ഇന്നും സാങ്കൽപികമാണെന്നു പലരും വിശ്വസിക്കുന്നില്ല. വായനയുടെ രസച്ചരടുകൾ പൊട്ടാതെ ഭയമെന്ന വികാരത്തെ അതിഭീകരമാംവിധം മുറിവേൽപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ബ്രോം സ്റ്റോക്കറുടെ വിജയം

Summary : Dracula, Bram Stoker