ഈജിപ്തിൽ വീണ്ടും കണ്ടെത്തി പൂച്ച മമ്മികൾ !

ജെഎം

ഈജിപ്തിലെ ഒരു സംഘം പുരാവസ്തു ഗവേഷകർ കഴിഞ്ഞദിവസം ഏറെ പഴക്കമേറിയ കുറേ മമ്മികൾ കണ്ടെടുത്തു. ഈജിപ്തിൽ മമ്മികൾ കണ്ടെത്തുന്നതിൽ എന്താ ഇത്ര പ്രത്യേകത എന്നു ചിന്തിക്കാൻ വരട്ടെ. കണ്ടെത്തിയതു പൂച്ചമമ്മികളാണ്. തടികളിൽ തീർത്ത പൂച്ചകളുടെ 100 ശിൽപങ്ങളും ഈജിപ്ത്യൻ ദേവതയായ ബെസ്റ്റെറ്റിന്റെ, വെങ്കലത്തിൽ നിർമിച്ച രൂപവും പൂച്ചകളുടെ മമ്മികൾക്കൊപ്പം കണ്ടെടുത്തു.

പുരാതന ഈജിപ്തുകാർക്കു പൂച്ചകളോടു വലിയ സ്നേഹമായിരുന്നു. പൂച്ചകൾ‌ക്കായി ഒരു ദേവത അവർക്കുണ്ടായിരുന്നത്രേ. പൂച്ചകളുടെയും വളർത്തുമൃഗങ്ങളുടെയുമൊക്കെ ദേവതയായാണ് അവർ ബെസ്റ്റെറ്റിനെ ആരാധിച്ചിരുന്നത്.

മനുഷ്യ നിർമിതമായ ഈ രൂപങ്ങളും മമ്മികളും ഏകദേശം 6,000 വർഷത്തോളം പഴക്കമുള്ളതാണെന്നും ഈ പ്രദേശം അതിപുരാതനമായ സെമിത്തേരിയായിരുന്നെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപേ ശക്തവും സമ്പന്നവുമായ സംസ്കാരം ഈജിപ്തിനുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്നും അധികൃതർ പറയുന്നു.

പൂച്ചമമ്മികൾ കാണാൻ വിനോദ സഞ്ചാരികൾ ഈജിപ്തിലേക്കു പ്രവഹിക്കും എന്നാണ് ഇവരുടെ സ്വപ്നം.

പുരാതന ഈജിപ്തുകാർ മരിക്കുമ്പോൾ അവർക്കൊപ്പം അവരുടെ വളർത്തു മൃഗങ്ങളെയൊ അവയുടെ ശിൽപത്തെയൊ അടക്കിയിരുന്നതായി പുരാവസ്തു ഗവേഷകയും പ്രഫസറുമായ സലീമ ഇക്രാം പറയുന്നു. മരണ ശേഷവും ഇഷ്ട ജീവികൾ തങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന ആഗ്രഹമായിരുന്നു ഈ ആചാരത്തിനു പിന്നിൽ. വളർത്തു മൃഗങ്ങളെ മമ്മികളായി അടക്കുന്നതു ദേവാലയങ്ങളിൽ തിരി തെളിക്കുന്നതിനു തുല്യമായ ഒരു ആചാരമായി കരുതിയിരുന്നുവെന്നും സലിമ തന്റെ ബ്ലോഗിൽ വിശദീകരിക്കുന്നുണ്ട്.

സിംഹങ്ങളുടെയും പ്രാവുകളുടെയും പരുന്തുകളുടെയുമൊക്കെ ശിൽപങ്ങളും ഈജിപ്തിന്റെ പലഭാഗങ്ങളിൽ നിന്നു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തടികളിൽ തീർത്ത പാമ്പുകളെയും മുതലകളെയും വരെ ഇത്തരത്തിൽ അടക്കം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.