ആനയുടെ ‘ചവിട്ടേറ്റു’ വളരുന്ന മ്യാൻമറിലെ തവളകൾ!!
ആനയുടെ ചവിട്ടേറ്റാൽ പിന്നെ തവളയുടെ കാര്യം പറയാനുണ്ടോ! ചമ്മന്തിപ്പരുവമായതു തന്നെ. പക്ഷേ ആനയുടെ ‘ചവിട്ടേൽക്കുന്നതു’ കാരണം ജീവിക്കുന്ന തവളകളെപ്പറ്റി കേട്ടിട്ടുണ്ടോ? മ്യാൻമറിലാണ് അത്തരം തവളകളുള്ളത്. അവിടെ ആന ചവിട്ടുന്നത് തവളയുടെ തലയിൽ അല്ലെന്നു മാത്രം. പകരം ആനകളുടെ ചവിട്ടേറ്റുണ്ടാകുന്ന ചെറുകുഴികളാണ് തവളകൾക്ക് പുതുജീവൻ നല്‍കുന്നത്. ആനക്കാൽ പതിഞ്ഞുണ്ടാകുന്ന കുഴികളിൽ കൃത്യമായി മുട്ടയിടുന്ന തവളകളെ കണ്ടെത്തിയത് മ്യാൻമറിലെ വൈൽഡ്‌ലൈഫ് കൺസർവേഷൻ സൊസൈറ്റി (ഡബ്ല്യുസിഎസ്) ഗവേഷകരാണ്.
ഏഷ്യൻ ആനകൾക്കിടയിലെ ഈ ‘ഇക്കോസിസ്റ്റം എൻജിനീയറിങ്’ ഇപ്പോൾ പരിസ്ഥിതി പ്രവർത്തകർക്കിടയിലും ചർച്ചാവിഷയമാണ്. കാരണം ലോകത്ത് വംശനാശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ഏഷ്യൻ ആനകളുടെ( Elephas maximus) സ്ഥാനം. ഏതെങ്കിലും ഒരു പ്രദേശത്തെ പരിസ്ഥിതിയുടെ വളർച്ചയ്ക്കോ നാശത്തിനോ കാരണമാകാവുന്ന വിധം ഒരു ജീവിയോ സസ്യമോ പ്രവർത്തിക്കുന്നതിനെയാണ് ഇക്കോസിസ്റ്റം എൻജിനീയറിങ് എന്നു പറയുന്നത്. ഒരു പ്രത്യേക സ്ഥലത്തെ ചില തരം ജീവികളുടെ വളർച്ചയ്ക്കും വൈവിധ്യത്തിനുമെല്ലാം ജീവലോകത്തെ ഈ ‘എൻജിനീയർമാർ’ കാരണമാകാറുണ്ട്. മ്യാൻമറിലെ താമന്തി വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ അത്തരമൊരു ഗവേഷണത്തിലായിരുന്നു ഡബ്ല്യുസിഎസ് ഗവേഷകർ.
അവിടെ ജൂൺ മുതൽ സെപ്റ്റംബർ വരെ കനത്ത മഴയാണ്. അതുകൊണ്ടുതന്നെ പോക്രോം പോക്രോം കരയുന്ന തവളകൾക്ക് സന്തോഷകാലവുമാണ്. അവ മുട്ടയിടുന്നതും ഇക്കാലത്തു തന്നെ. പക്ഷേ മാർച്ച് മുതൽ ജൂൺ വരെയുള്ള സമയം വേനലാണ്. ആവശ്യത്തിനു വെള്ളം ലഭിക്കാത്ത ഇക്കാലത്ത് തവളകൾക്കും ഏറെ ബുദ്ധിമുട്ടാണ്. അങ്ങനെയാണ് 2016 മാർച്ച് മുതൽ 2017 മാർച്ച് വരെയുള്ള സമയത്ത് ഗവേഷകർ ഈ മഴക്കാടുകളിലെത്തിയത്. മഴക്കാലത്ത് ആനകൾ ചവിട്ടി പലയിടത്തും ചെറുകുഴികളുണ്ടായിരുന്നു. അവയിൽ പലതിലും വെള്ളം കെട്ടിക്കിടന്നിരുന്നു. ഇടയ്ക്കു പെയ്യുന്ന വേനൽമഴയിലോ ഭൂമിക്കടിയിൽ നിന്ന് ഊർന്നിറങ്ങിയോ അതിൽ പലതിലും വെള്ളവും നിറഞ്ഞിരുന്നു. ഏകദേശം 20 വെള്ളക്കുഴികളിൽ ഗവേഷകർ പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്, എല്ലാറ്റിലും തവളകൾ മുട്ടയിട്ടിരിക്കുന്നു. ചിലതിൽ വാൽമാക്രിക്കുഞ്ഞുങ്ങളുമുണ്ട്. ഒരിടത്ത് ഒറ്റയടിക്ക് ഏഴു കുഴികൾ വരെ ഒരാനയുടെ കാൽപാദമേറ്റ് രൂപപ്പെട്ടിരുന്നു. അവയിലെല്ലാത്തിലും സന്തോഷത്തോടെ കഴിയുന്ന വാൽമാക്രിക്കുഞ്ഞുങ്ങളും.
മുതിർന്നു തവളയായി രൂപം മാറുന്നതു വരെ ഈ മാക്രിക്കുഞ്ഞുങ്ങളെല്ലാം സുരക്ഷിതമായി കുഴിയിൽ കഴിയുകയും ചെയ്യും. വേനൽക്കാലത്ത് സാധാരണ ചെറുകുളങ്ങളിലും മറ്റുമാണ് തവളകൾ മുട്ടിയിടുക. പക്ഷേ അവിടെ വമ്പൻ മീനുകളുടെ രൂപത്തിൽ ഭീഷണികൾ നീന്തി നടപ്പുണ്ടാകും. വാൽമാക്രികളെ കണ്ടാൽ അവ പിടികൂടി ശാപ്പിട്ടു കളയും. എന്നാൽ ‘ആനക്കാൽക്കുഴി’യിൽ അങ്ങനെയൊരു പ്രശ്നമേയില്ല. ഇക്കോസിസ്റ്റം എൻജിനീയറിങ്ങിന്റെ കാര്യത്തിൽ ആഫ്രിക്കൻ ആനകൾ ഏറെ പ്രശസ്തരാണ്. അവ ചെടികളുടെ കമ്പൊടിക്കുന്നതും മുളങ്കാടുകളിൽ കയറുന്നതുമെല്ലാം മറ്റു പല ജീവികൾക്കും സഹായകരമാകുന്നുണ്ട്. വിത്തുവിതരണത്തിനാണ് ഒരു സഹായം. മരച്ചില്ലകളും മരവും മറ്റും താഴെ വീഴുന്നതു വഴി ചെറുപല്ലികൾക്കും മറ്റു കുഞ്ഞൻ സസ്തനികൾക്കും ആനകൾ അറിയാതെ തന്നെ കൂടൊരുക്കാറുമുണ്ട്. ആനപ്പിണ്ടത്തിൽ കൂടു കൂട്ടുന്ന പ്രാണികൾ വരെയുണ്ട്. ചെടികൾക്കാവശ്യമായ ‘വൻതോതിലുള്ള’ വളവും ആനപ്പിണ്ടത്തിലൂടെ കാട്ടിൽ ലഭിക്കുന്നു. ഏഷ്യൻ ആനകളിൽ ഇതാദ്യമായാണ് പക്ഷേ ഇത്തരമൊരു ‘എൻജിനീയറിങ്’ സഹായം കണ്ടെത്തുന്നത്.
കാട്ടിലെ മിക്ക കുളങ്ങളും വറ്റിവരണ്ടിരിക്കുമ്പോൾ തവളകൾക്കു ലഭിക്കുന്ന ഈ സഹായം പരിസ്ഥിതിക്കു നൽകുന്ന സഹായവും ചെറുതല്ല. വരണ്ട കാലത്തും ഭൂഗർഭജലം ഊർന്നിറങ്ങി സംരക്ഷിച്ചു നിർത്താന്‍ ഈ ‘കുഴിക്കുളങ്ങൾ’ സഹായിക്കുമെന്നർഥം. ഇത്തരം കുഞ്ഞൻ കുഴികളിൽ പല തരത്തിലുള്ള തവളകൾ വന്നുചേരുന്നതിന്റെ ഗുണവുമുണ്ട്. ഓരോ പ്രദേശത്തും തവളകളുടെ വൈവിധ്യം ശക്തമാകുന്നതിനാണിത് സഹായകരമാകുന്നത്. ആനകളുടെ കാലു കൊണ്ടുണ്ടാകുന്ന കുഴികളിൽ വെള്ളം നിറഞ്ഞ് അതിൽ തവളകൾ മുട്ടയിടുന്ന സംഭവം ലോകത്ത് ആദ്യമായാണ് രേഖപ്പെടുത്തുന്നതെന്നും ഗവേഷകർ പറയുന്നു. മാമെലിയ ജേണലിൽ ഈ പഠനത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. ഇനിയിപ്പോൾ ആനസംരക്ഷണത്തിന് ഒരു പുതിയ മുദ്രാവാക്യം കൂടിയായെന്നും ഗവേഷകർ പറയുന്നു: ‘ആനയെ രക്ഷിക്കൂ... തവളകളെയും...’ എന്ന്.