ക്രൂരനായ ഉടമയിൽ നിന്നു രക്ഷപ്പെട്ട ആന മോചനത്തിന്റെ വാർഷികം ആഘോഷിച്ച കഥ
നവീൻ മോഹൻ
ഒരിടത്തൊരിടത്ത് ഒരു ആനയുണ്ടായിരുന്നു, രാജുവെന്നായിരുന്നു പേര്. 40 വർഷത്തോളം രാജു ജീവിച്ചത് ഉത്തർപ്രദേശിലെ തെരുവുകളിലായിരുന്നു. അവന്റെ ഉടമയാകട്ടെ കൊടുംക്രൂരനും. പാവം രാജുവിന് അയാൾ മര്യാദയ്ക്കു ഭക്ഷണം പോലും കൊടുത്തിരുന്നില്ല. മാത്രമല്ല, വല്ലാതെ ദ്രോഹിക്കുകയും ചെയ്തിരുന്നു. രാജുവിനെ തെരുവിലിറക്കി ഭിക്ഷ യാചിച്ചായിരുന്നു അയാൾ ജീവിച്ചിരുന്നത്. അവനെ തന്റെ നിയന്ത്രണത്തിൽ നിർത്താനായി ചെയ്തിരുന്നതാകട്ടെ കൊടും ക്രൂരതയും. മൂർച്ചയുള്ള ഇരുമ്പാണികൾ നിറഞ്ഞ ചങ്ങലയായിരുന്നു പലപ്പോഴും രാജുവിന്റെ കാലിനു ചുറ്റും കെട്ടിയിട്ടിരുന്നത്. നടക്കാൻ മടിക്കുമ്പോൾ തോട്ടിമുന കൊണ്ടു കുത്തുകയും ചെയ്യും.
പ്രായാധിക്യം കാരണം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു രാജുവിന്. എന്നാൽ കൃത്യമായി മരുന്നൊന്നും നൽകിയില്ല. പട്ടിണിയും അസുഖങ്ങളുമൊക്കെക്കാരണം രാജു എല്ലും തോലുമായി. അങ്ങനെയിരിക്കെയാണു വൈൽഡ്‌ലൈഫ് എസ്‌ഒഎസ് എന്ന കൂട്ടായ്മ തെരുവിൽ തളർന്നു നടക്കുന്ന രാജുവിനെ കാണുന്നത്. അസുഖ ബാധിതനായിരുന്നിട്ടും മരുന്നു പോലും അന്നേരം ഉടമ നൽകിയിരുന്നില്ല. ഉടൻ അവർ സർക്കാർ അധികൃതരെ വിവരമറിയിച്ചു. രാജുവിനെ മോചിപ്പിക്കുകയാണെങ്കിൽ തങ്ങൾ സംരക്ഷിക്കാമെന്നും ഉറപ്പു നൽകി. അങ്ങനെ 5 വർഷം മുൻപ് ഒരു ജൂലൈയിൽ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് രാജു ആ മൃഗസ്നേഹികൾക്കൊപ്പം ട്രക്കിൽ കയറി യാത്ര തിരിച്ചു.
തെരുവിൽ നിന്നു ശരിക്കും രാജുവെത്തിയത് ഒരു കൊട്ടാരത്തിലേക്കായിരുന്നു. മഥുരയിലെ എലഫന്റ് കൺസർവേഷൻ ആൻഡ് കെയർ സെന്ററിൽ (ഇസിസിസി) രാജുവിനു വേണ്ടി നിറയെ ഭക്ഷണവും മരുന്നും കുളിക്കാൻ തൊട്ടടുത്ത് ഒരു കുളം വരെ റെഡി. യാതൊരു കുറുമ്പും കാണിക്കാതെ പുതിയ സംരക്ഷകർക്കൊപ്പം രാജു സന്തോഷത്തോടെ ജീവിച്ചു. കൃത്യസമയത്തു മരുന്നും പരിചരണവും ഭക്ഷണവും ലഭിച്ചതോടെ അവൻ വീണ്ടും തടിച്ചുരുണ്ടു. ശരീരത്തിലെ മുറിവുകളെല്ലാം ഉണങ്ങി. ആരോഗ്യപ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ രാജുവിന്റെ കഥ വാർത്തയാക്കി. അഞ്ചു വർഷം കൊണ്ട് ഇസിസിസിയിലെ പ്രിയപ്പെട്ട ആനയായും അതോടെ രാജു മാറി.
രാജുവിന്റെ സന്തോഷ ജീവിതത്തിന്റെ അഞ്ചാം വർഷം ഗംഭീരമായിത്തന്നെ ആഘോഷിക്കാനായിരുന്നു സംരക്ഷണ കേന്ദ്രത്തിന്റെ തീരുമാനം. അങ്ങനെ രാജുവിന് വേണ്ടി സ്പെഷൽ കേക്ക് തയാറാക്കി. രാജുവിന് ഏറെ ഇഷ്ടമുള്ള തണ്ണിമത്തനും മത്തങ്ങയുമായിരുന്നു കേക്കിൽ ധാരാളമായി ചേർത്തിരുന്നത്. ഒപ്പം പലതരം പഴങ്ങളും വേവിച്ച പരിപ്പുമൊക്കെ ചേർത്തു. കരിമ്പു കൊണ്ട് 5 എന്നു കേക്കിൽ എഴുതുകയും ചെയ്തു. അതും പോരാതെ തെങ്ങോല കൊണ്ട് 5 എന്നെഴുതി കേക്കിനു സമീപത്തു വയ്ക്കുകയും ചെയ്തു.
തന്റെ രക്ഷപ്പെടലിന്റെ അഞ്ചാം വർഷം ആഹ്ലാദത്തോടെത്തന്നെ ആഘോഷിച്ചു ‘തിന്നു’തീർത്തു രാജു. വൈൽഡ്‌ലൈഫ് എസ്‌ഒഎസിന്റെ സ്ഥാപകൻ കാർത്തിക് സത്യനാരായണിന്റെ നേതൃത്വത്തിലായിരുന്നു ഈ കേക്ക് ആഘോഷം. ഇതിന്റെ വിഡിയോയും അവർ പുറത്തുവിട്ടു. രാജുവിന്റെ രക്ഷപ്പെടലാഘോഷം വൈകാതെ വൈറലാവുകയും ചെയ്തു.