ഈ പാവയുടെ രൂപം നിങ്ങളെ ഭയപ്പെടുത്തും, ഉറപ്പ്; അതിനു കാരണവുമുണ്ട്...
പാവക്കുട്ടികളെ ഇഷ്ടമാണ് എല്ലാ കൊച്ചുകൂട്ടുകാർക്കും. പക്ഷേ ചില പാവക്കുട്ടികളെ കണ്ടാൽ പേടിയാകും. പ്രേതബാധയേറ്റ പാവക്കുട്ടികളുടെ കഥ പുസ്തകങ്ങളിലും സിനിമകളിലുമൊക്കെ കണ്ടിട്ടുമുണ്ടാകുമല്ലോ. ഇനി പറയാൻ പോകുന്ന പാവക്കുട്ടിയുടെ കഥയും അൽപം പേടിപ്പെടുത്തുന്നതാണ്. അവയുടെ രൂപമാണ് കാരണം. ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം കണ്ടില്ലേ? അതൊരു പാവയാണ്. അതെന്താണ് ആ പാവയ്ക്ക് ഇങ്ങനെയൊരു രൂപം? അതിനു പിന്നിലൊരു കാരണമുണ്ട്. കുട്ടികൾ പേടിക്കേണ്ട കേട്ടോ, പക്ഷേ ഓഫിസ് ജോലി ചെയ്യുന്ന മുതിർന്നവർക്കു വലിയൊരു പാഠമാണ് പാവയുടെ രൂപം.
യുകെയിലെ ഒരു കൂട്ടം ആരോഗ്യ വിദഗ്ധരാണ് എമ്മ എന്നു പേരിട്ട പാവയ്ക്കു രൂപം നൽകിയത്. ഒത്ത ഒരു മനുഷ്യസ്ത്രീയുടെ ഉയരമുണ്ട് എമ്മയ്ക്ക്. പക്ഷേ കാഴ്ചയിൽ വല്ലാത്തൊരു രൂപമാണ്. തടിച്ച കാലുകൾ, കലങ്ങിയ കണ്ണുകൾ, മുതുകത്ത് കൂനു വന്നതു പോലെ വളഞ്ഞ രൂപം... ഇതെല്ലാം എമ്മയുടെ ജോലി കാരണം സംഭവിച്ചതാണ്. എമ്മയ്ക്കു മാത്രമല്ല യുകെയിലെ ബാക്കിയെല്ലാം ഓഫിസ് ജോലിക്കാർക്കും ഈ രൂപം വരും. അടുത്ത 20 വർഷത്തിനകം യുകെയിലെ ഓഫിസ് സൗകര്യങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ വെരിക്കോസ് വെയിൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണു കാത്തിരിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.
ഓരോരുത്തരുടെയും ജോലി ചെയ്യുന്ന രീതിയിലും മാറ്റം വരണം. ഇപ്പോൾ പറയുന്ന കാര്യങ്ങളൊന്നും ആരും ശ്രദ്ധയോടെ കേട്ടില്ലെങ്കിൽ 20 വർഷത്തിനപ്പുറം എല്ലാവരുടെയും രൂപം എമ്മയെപ്പോലെയാകുമെന്നാണു ഗവേഷകരുടെ മുന്നറിയിപ്പ്. ഫ്രാൻസ്, ജർമനി, യുകെ എന്നിവിടങ്ങളിലെ മൂവായിരത്തോളം ഓഫിസ് ജീവനക്കാർക്കായി വില്യം ഹിഷാം എന്ന ഗവേഷകന്റെ നേതൃത്വത്തിൽ ഒരു സര്‍വേ നടത്തിയിരുന്നു. അവർ നൽകിയ വിവരങ്ങളെല്ലാം ഗവേഷകസംഘം വിശദമായി പരിശോധിച്ചു. യുകെയിലെ ഓഫിസ് ജോലിക്കാരില്‍ 50% പേർക്കും കണ്ണു വേദനയുടെ പ്രശ്നമുണ്ട്. 48% പേർക്ക് നടുവേദനയും തലവേദനയും സ്ഥിരമായുണ്ട്. ഇതെല്ലാം ജോലി ചെയ്യുന്ന രീതിയുടെ പ്രശ്നം കൊണ്ടു മാത്രം സംഭവിക്കുന്നതാണെന്നുമോർക്കണം.
എമ്മയ്ക്ക് ദേഹത്തു പലയിടത്തും ചുവന്നു തിണർക്കുന്ന എക്സിമ രോഗവുമുണ്ട്. കൂടാതെ അമിത വണ്ണം, കാലുകൾ തടിച്ചു വീർക്കുന്ന പ്രശ്നം തുടങ്ങിയവയും. ഓഫിസിലെ ലൈറ്റിങ്ങിന്റെ പ്രശ്നം കാരണമാണ് കണ്ണ് ചുവന്നു കലങ്ങുന്നത്. ചർമവും വരണ്ടുണങ്ങിയ അവസ്ഥയിലാണ്. ഓഫിസ് അധികൃതർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ ഭാവിയിൽ എമ്മമാരെ തട്ടി നടക്കാനാകില്ലെന്നും ഗവേഷകരുടെ മുന്നറിയിപ്പുണ്ട്. ജീവനക്കാർക്കും ഉണ്ട് ഉപദേശങ്ങളേറെ– ചുമ്മാ ഇരുന്നു ജോലി ചെയ്യരുത്, ഇടയ്ക്കിടയ്ക്ക് എണീറ്റു നടക്കണം. കംപ്യൂട്ടറിനു മുന്നിലിരിക്കുന്ന രീതിയും ശ്രദ്ധിക്കണം. ഇടയ്ക്കിടെ ഓഫിസ് സംവിധാനത്തിനും മാറ്റം വരുത്തണം. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ‘ദ് വർക്ക് കൊളീഗ് ഓഫ് ദ് ഫ്യൂച്ചർ’ എന്ന പേരിൽ റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ട്.
ഫെല്ലോവ്സ് എന്ന കമ്പനിയാണ് ഈ പഠനത്തിനു വേണ്ട സഹായം നൽകിയത്. ഓഫിസുകൾക്കു വേണ്ട ഫർണിച്ചർ നിർമിച്ചു നൽകുന്ന കമ്പനിയാണിത്. തങ്ങളുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു അവർ സർവേ നടത്തിയതും എമ്മയെ തയാറാക്കിയതും. സംഗതി ഇത്രയ്ക്കു ഗുരുതരമാകുമെന്നു പക്ഷേ കമ്പനിയും കരുതിയിരുന്നില്ല. ഓഫിസ് ജീവിതം എപ്രകാരമാണ് ഓരോരുത്തരെയും മാറ്റിമറിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഇപ്പോൾ പലരും എമ്മയെ അവതരിപ്പിക്കുന്നത്. യൂട്യൂബിലെ എമ്മയുടെ വിഡിയോയും ഒട്ടേറെ പേർ ഷെയർ ചെയ്യുന്നുണ്ട്.
Summary : Emma doll representation of the next generation's office worker