ഈ ദ്വീപിലേക്കു പോകല്ലേ.. മടങ്ങി വരവുണ്ടാകില്ല!
ജെഎം
കെനിയയിൽ ഒരു ദ്വീപുണ്ട്, എൻവൈറ്റനേറ്റ് എന്നാണു പേര്. ആ ദ്വീപ് പ്രശസ്തമായത് ഇന്നും ആർക്കും പിടികിട്ടാത്ത ചില പ്രത്യേകതകൾകൊണ്ടാണ്. എന്താണെന്നോ, അവിടേക്കു കയറിയവരാരും പിന്നെ തിരിച്ചു വന്നിട്ടില്ല. മാന്ത്രിക കഥകളിൽ മാത്രം കേട്ടുപരിചയമുള്ള ഈ അവസ്ഥയ്ക്കു പിന്നിലുള്ള യാഥാർഥ്യം ആരും കണ്ടെത്തിയിട്ടില്ല.
കെനിയയിലെ ടെർക്കാന തടാകത്തിലെ അനേകം ദ്വീപുകളിൽ ഒന്നാണ് എൻവൈറ്റനേറ്റ്. എൻവൈറ്റനേറ്റ് എന്ന പേരിന് ഗോത്രഭാഷയിൽ നോ റിട്ടേൺ എന്നാണ് അർഥം. ദ്വീപിന്റെ സ്വഭാവത്തിനനുസരിച്ച് ഇട്ടതാണു പേര്.
റുഡോൾഫ് തടാകമെന്ന പേരുമുണ്ട് ടെർക്കാനയ്ക്ക്. ക്ഷാരസ്വഭാവമുള്ള വെള്ളം നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ തടാകമാണിത്. 1935 ൽ വിവിയൻ ഫ്യൂക്സ് എന്ന ബ്രിട്ടിഷ് പര്യവേക്ഷകൻ ടെർക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെക്കുറിച്ചു പഠിക്കാനെത്തി. മാസങ്ങളോളം നീളുന്നതായിരുന്നു പഠനം. എല്ലാ ദ്വീപുകളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എൻവൈറ്റനേറ്റിലേക്കും ഫ്യൂക്സ് രണ്ടു സഹപ്രവർത്തകരെ പറഞ്ഞയച്ചു. മാർട്ടിൻ ഷെഫ്‌ലിസും ബിൽ ഡേസണും. പക്ഷേ, അവർ പിന്നീടു തിരിച്ചു വന്നില്ല. അവരെ തിരക്കിപ്പോകാൻ ഫ്യൂക്സ് കൂട്ടു വിളിച്ചെങ്കിലും ഗോത്ര വർഗക്കാരാരും തയാറായില്ല.
ദ്വീപിനെപ്പറ്റി ഗോത്രവിഭാഗക്കാരോടു കാര്യമായി അന്വേഷിച്ചപ്പോഴാണു സംഭവങ്ങളുടെ ചുരുളഴിഞ്ഞു തുടങ്ങിയത്. ഇതാദ്യമായിട്ടായിരുന്നില്ല ആ ദ്വീപിലെത്തിയവരെ കാണാതായത്. വർഷങ്ങൾക്കു മുൻപേ എൻവൈറ്റനേറ്റ് ദ്വീപുവാസികളെ മുഴുവൻ ഒറ്റയടിക്കു കാണാതായ സംഭവമുണ്ടായിട്ടുണ്ട്. അതിനു ശേഷം ആ ദ്വീപിലേക്കു മനുഷ്യരാരും പോകാറില്ല. ഫ്യൂക്സിന്റെയും സംഘത്തിന്റെയും കയ്യിലെ ആധുനിക ഉപകരണങ്ങളും മറ്റും കണ്ടപ്പോൾ ആപത്തൊന്നും വരില്ലെന്നു കരുതിയാണു ഗോത്രവർഗക്കാർ ഒന്നും മിണ്ടാതിരുന്നത്.
ഫ്യൂക്സ് എൻവൈറ്റനേറ്റിനെപ്പറ്റിയുള്ള പരമാവധി കഥകൾ ശേഖരിച്ചു. ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു എൻവൈറ്റനേറ്റിലേത്. അതിനാൽത്തന്നെ അവിടേക്ക് ആദ്യമായെത്തിയ ഗോത്രവിഭാഗക്കാർക്കു താമസവും കൃഷിയുമെല്ലാമായി സുഖമായിക്കഴിഞ്ഞു. തിളങ്ങുന്ന മരതകപ്പച്ച നിറത്തിലായിരുന്നു അവിടത്തെ സസ്യങ്ങൾ. തവിട്ടുനിറത്തിലുള്ള പാറക്കൂട്ടങ്ങളാകട്ടെ പോളിഷ് ചെയ്തതു പോലെ മിനുസമുള്ളതും. മരങ്ങളുടെ ശാഖകൾ പരസ്പരം കെട്ടിപ്പിണഞ്ഞ് കരിങ്കല്ലിനേക്കാൾ കരുത്തുറ്റ പ്രകൃതിദത്ത മതിലുകളായിരുന്നു അവിടെ.
രാത്രി ചിലപ്പോൾ പുകപോലുള്ള ചില രൂപങ്ങൾ വീടുകൾക്കു മുന്നിൽ വരും. മനുഷ്യന്റെ രൂപമായിരിക്കും അവയ്ക്ക്. ദ്വീപിൽ പലയിടത്തും അവയെ കാണുന്നതും പിന്നീടു പതിവായി. ഈ ‘പുകമനുഷ്യരെ’ തൊടുന്നവർ പെട്ടെന്ന് അതിനൊപ്പം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാകുമെന്നു വരെയായി കഥകൾ. ദ്വീപുനിവാസികളുടെ മൃതശരീരം തടാകത്തിൽ തുടരെ പ്രത്യക്ഷപ്പെടാൻ കൂടി തുടങ്ങിയതോടെ ഒരിക്കൽ സ്വർഗമായിരുന്ന ദ്വീപ് ശാപഭൂമിയെന്നു കുപ്രസിദ്ധി നേടി. ഇതോടെ മറ്റു ദ്വീപുകളിൽ നിന്നുള്ളവരുടെ വരവു പൂർണമായി നിലച്ചു. ഫ്യൂക്സ് പക്ഷേ ഇതൊക്കെ വെറും കഥകളായിത്തന്നെയാണു േരഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും ദ്വീപിലെ പ്രതിഭാസത്തിനു പിന്നിലുള്ള കാരണം ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല.
ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ അപ്രത്യക്ഷമായ ദ്വീപ് !...