ശത്രു വന്നാൽ ചിറകൊടിഞ്ഞതു പോലെ അഭിനയം, കൗതുകമുണർത്തി വാൾ കൊക്കൻ!
ഡോ. അബ്ദുല്ല പാലേരി
ആരിലും കൗതുകമുണർത്തുന്ന കൊക്കിന് ഉടമയാണ് വാൾ കൊക്കൻ (Eurasian Curlew).16 മുതൽ 19 സെന്റിമീറ്റർ വരെ നീളമുള്ള വളഞ്ഞ കൊക്ക്. ആഴമുള്ള മാളത്തിലും ചെളിയിലും പൂഴിയിലും ഒളിച്ചിരിക്കുന്ന ഇരയെ അനായാസം പിടിച്ചുതിന്നാൻ നീണ്ട കൊക്ക് സഹായിക്കുന്നു.
സൈബീരിയയിലും സമീപ പ്രദേശങ്ങളിലും കൂടുകൂട്ടുകയും അവിടെനിന്നു കേരളത്തിലെത്തുകയും ചെയ്യുന്ന ദേശാടനപ്പക്ഷിയാണ് വാൾ കൊക്കൻ. സെപ്റ്റംബറിൽ കേരളത്തിലെത്തും. മേയിൽ ജന്മനാട്ടിലേക്കു തിരിച്ചുപോകും. വിരളമായി ചില പക്ഷികൾ മഴക്കാലം തുടങ്ങിയാലും ഇന്ത്യയിൽ തങ്ങും. മാലദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഇതു ദേശാടനത്തിന് എത്താറുണ്ട്. 1971ൽ തമിഴ്നാട്ടിൽ വച്ചു വളയമിട്ടു വിട്ട ഒരു പക്ഷിയെ 1973ൽ ശ്രീലങ്കയിൽ കണ്ടെത്തിയിരുന്നു.
കടൽത്തീരങ്ങളും അഴിമുഖങ്ങളുമാണ് വാൾക്കൊക്കന്റെ ഇഷ്ടപ്പെട്ട താവളങ്ങൾ. എങ്കിലും ഉൾനാടൻ തണ്ണീർത്തടങ്ങളിലും ചെളിത്തിട്ടകളിലും ഇതിനെ കാണാം.
കേർലേ...കേർലേ.. എന്ന് കരയുന്നതുകൊണ്ടാണ് വാൾകൊക്കന് ഇംഗ്ലിഷിൽ കെർലേ(Curlew) എന്ന പേരുകിട്ടിയത്.
ഞണ്ട്, പുഴു, മത്സ്യം, കക്ക, പ്രാണികൾ തുടങ്ങിയവയാണ് മുഖ്യ ഭക്ഷണം.വിരളമായി പഴങ്ങളും ഭക്ഷിക്കാറുണ്ട്.ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് പ്രജനന കാലം. പുല്ലുകൾക്കിടയിലാണു കൂടു കൂട്ടുക. ചുള്ളിക്കമ്പുകളും സസ്യാവശിഷ്ടങ്ങളും ഉപയോഗിച്ചാണ് കൂടുനിർമാണം. ഒരു കൂട്ടിൽ നാലു മുട്ടയിടും. ഏതാണ്ട് ഒരു മാസമാണ് അടയിരിപ്പു കാലം.
ശത്രുക്കളെ കാണുമ്പോൾ അച്ഛനോ അമ്മയോ ചിറകൊടിഞ്ഞതു പോലെ കിടന്നു കുഞ്ഞുങ്ങളിൽ നിന്നു ശത്രുക്കളുടെ ശ്രദ്ധ തിരിക്കാറുണ്ട്. ശത്രുക്കളിൽനിന്നു രക്ഷ കിട്ടാൻ ചിലയിനം പരുന്തുകൾ കൂടുണ്ടാക്കിയതിനു സമീപം വാൾ കൊക്കൻ കൂടുകൂട്ടാറുണ്ട്.
തവിട്ടും വെളുപ്പും കലർന്ന പക്ഷിയാണിത്. തൂവലുകളിൽ കടും തവിട്ടു നിറം കാണാം. പൃഷ്ടഭാഗത്തിനും അടിഭാഗത്തിനും വെളുത്തനിറമാണ്. അടിയിലെ വെളുപ്പിലും പാർശ്വഭാഗത്തും ചെറിയ വരകൾ കാണാം.
ഏതാനും വർഷങ്ങളായി ഇതിന്റെ എണ്ണം കുറഞ്ഞുവരികയാണ്. രാജ്യാന്തര പ്രകൃതി സംരക്ഷണ സമിതി(IUCN) ഇതിനെ അപകടഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Summary : Eurasian curlew