ഡാർവിനും ഗാലപ്പഗോസിലെ കുരുവികളും!

രേഷ്മ രമേശ്

പരിണാമം എന്ന ചെറിയ വാക്കിന് എത്രയോ വലിയ അർഥമാണുള്ളത്. ഒരു കോശത്തിൽനിന്നു കോടിക്കണക്കിനു ജീവജാലങ്ങൾ ഉണ്ടായ മഹാദ്ഭുതത്തിനെ ശാസ്ത്രം വിളിക്കുന്ന പേരാണു പരിണാമം.

പരിണാമം എന്ന ചെറിയ വാക്കിന് എത്രയോ വലിയ അർഥമാണുള്ളത്. ഒരു കോശത്തിൽനിന്നു കോടിക്കണക്കിനു ജീവജാലങ്ങൾ ഉണ്ടായ മഹാദ്ഭുതത്തിനെ ശാസ്ത്രം വിളിക്കുന്ന പേരാണു പരിണാമം. പല രൂപത്തിൽ, ഭാവത്തിൽ, ആകൃതിയിൽ ജീവികൾ ഉടലെടുത്തതിനെക്കുറിച്ചു പല ശാസ്ത്രജ്ഞരും കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. പരിണാമം പോലെ, ആ കണ്ടെത്തലുകളും തുടരുന്നു. ആദ്യം ലാമാർക്കിനെ പരിചയപ്പെടാം. അന്നുവരെ നിലനിന്ന അനുമാനങ്ങളെ തെളിവുകൾ നിരത്തി ശാസ്ത്രീയമായി അപഗ്രഥിക്കാൻ ആദ്യം ശ്രമിച്ചത് അദ്ദേഹമാണ്.

ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1744– 1829)
ഫ്രഞ്ച് ജീവശാസ്ത്രകാരൻ. അപ്പോഴുള്ള തെളിവുകൾ ശാസ്ത്രീയമായി നിർവചിച്ച ആദ്യത്തെ ആൾ. സൈനികനായ ലാമാർക്ക് പ്രഷ്യയ്ക്കെതിരെ 1757 മുതൽ 62വരെ നടന്ന യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. ധീരതയ്ക്കുള്ള അവാർഡും നേടി. പക്ഷേ, 1766ൽ പരുക്കിനെത്തുടർന്ന് അദ്ദേഹം സൈന്യത്തിൽനിന്നു വിരമിച്ചു. പിന്നീടു സസ്യശാസ്ത്രത്തിൽ ശ്രദ്ധവച്ചു. ജന്തുശാസ്ത്രത്തിൽ അധ്യാപകനുമായി. ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിൽ അംഗത്വമെടുത്ത അദ്ദേഹം ഒട്ടേറെ പ്രബന്ധങ്ങൾ തയാറാക്കിയിട്ടുണ്ട്. എങ്കിലും ലോകം ലാമാർക്കിനെ ഓർക്കുന്നത്, ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ പേരിലാണ്. അംഗീകരിക്കപ്പെട്ടില്ലെങ്കിലും ആ ശ്രമം ഇന്നും ശാസ്ത്രരേഖകളിൽ തെളിമയോടെയുണ്ട്.

സ്വയാർജിത സ്വഭാവങ്ങൾ
1809 ൽ ഫിലോസഫി സുവോളജിക് എന്ന പുസ്തകത്തിലാണ് ഈ സിദ്ധാന്തം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ അനുമാനം ഇങ്ങനെ: ജീവിതകാലത്ത് നേടിയെടുക്കുന്ന സ്വഭാവങ്ങളാണു സ്വയാർജിത സ്വഭാവങ്ങൾ.

ഉദാഹരണത്തിന്: ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകൾ ആണുണ്ടായിരുന്നത്. തറയിലെ ഭക്ഷണമൊക്കെ തീർന്നതോടെ അവ മരങ്ങളിലേക്കു തലനീട്ടി ഇലകൾ കഴിക്കാൻ തുടങ്ങി. അതോടെ അവയുടെ കഴുത്തു നീളാൻ തുടങ്ങി. കേട്ടിട്ട് നാടോടിക്കഥപോലെ തോന്നുന്നുണ്ടോ. എന്തായാലും ഈ സ്വയാർജിത സ്വഭാവങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടില്ല എന്നു തിരിച്ചറിഞ്ഞതിനാൽ ഈ സിദ്ധാന്തത്തെ ശാസ്ത്രം അംഗീകരിച്ചില്ല. ജീവികൾ തനിയെ ഉണ്ടാകുന്നതായും അദ്ദേഹം വിശ്വസിച്ചിരുന്നു.

കുപ്പിയിൽ അടച്ചുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളിൽ പുഴു ഉണ്ടാകുന്നത് എങ്ങനെയെന്നു ചിന്തിച്ചിട്ടുണ്ടോ... ഈ പുഴുക്കൾ തനിയെ ഉണ്ടായതാണോ. അല്ല, ഈച്ചകൾ മുട്ടയിട്ടുതന്നെയാണ് ഇവ ഉണ്ടാകുന്നത്. ഭക്ഷണവസ്തുക്കൾ വായുപോലും കടക്കാത്ത കുപ്പികളിലാക്കി സൂക്ഷിക്കണമെന്നു പറയാറില്ലേ. അത് ഇങ്ങനെ കേടാകാതിരിക്കാനാണ് എന്നു നിങ്ങൾക്കറിയാം.

ഡാർവിനിസം


ചാൾസ് റോബർട്ട് ഡാർവിൻ (1809– 1882) ജീവികൾക്കു പരിണാമം ഉണ്ടായത് എങ്ങനെയെന്നു വിശ്വാസയോഗ്യമായ തരത്തിൽ, ശാസ്ത്രീയമായി വിശദീകരിച്ചത് ഇംഗ്ലിഷ് ജീവശാസ്ത്ര‍ജ്ഞനായ ഡാർവിനാണ്. ഒരു പൊതുപൂർവികനിൽനിന്നാണു പിന്നീടുള്ള ജീവജാലങ്ങളെല്ലാം ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ സിദ്ധാന്തം പറയുന്നു. അദ്ദേഹം എച്ച്എംഎസ് ബീഗിൾ എന്ന കപ്പലിൽ ഗാലപ്പഗോസ് ദ്വീപുകളിലേക്കു യാത്രചെയ്ത് അവിടെനിന്നു പല തെളിവുകളും ശേഖരിച്ചു. 1831 ഡിസംബർ 27ന് ആണു യാത്ര തുടങ്ങിയത്. തീരപ്രദേശങ്ങളുടെ ഭൂപടനിർമാണത്തിനു ബ്രിട്ടിഷ് സർക്കാർ നിയോഗിച്ച സംഘത്തോടൊപ്പമായിരുന്നു യാത്ര. ഡോക്ടറായിരുന്ന പിതാവിനു ഡാർവിന്റെ ഈ യാത്രയോടു താൽപര്യമുണ്ടായില്ല. എങ്കിലും വിലക്കുകൾ മറികടന്ന് അദ്ദേഹം പോയി. ആ യാത്ര അഞ്ചുവർഷം നീളുകയും ചെയ്തു. പിന്നീടു മടങ്ങിവന്നാണ് ഓൺ ദ് ഒറിജിൻ ഓഫ് സ്പീഷീസ് ബൈ മീൻസ് ഓഫ് നാച്ചുറൽ സെലക്‌ഷൻ എന്ന പുസ്തകം തയാറാക്കിയത്. പ്രകൃതിനിർധാരണം വഴിയുള്ള ജീവിവർഗ ഉൽപത്തി എന്നു നമുക്കു മലയാളത്തിൽ പറയാം. പരിണാമകഥകളിലെ തിളക്കമേറിയ താളുകളാണിവ. 1882 ൽ ഹൃദ്രോഗത്തെത്തുടർന്നാണ് അദ്ദേഹം മരിച്ചത്.

ഗാലപ്പഗോസ്
എന്തുകൊണ്ടാണു ഗാലപ്പഗോസ് എന്നു ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ ഇക്വഡോറിന്റെ ഭാഗമാണ് ഈ ദ്വീപുകൾ. പ്രത്യേകത എന്താണെന്നു ചോദിച്ചാൽ അനേകമനേകം വ്യത്യസ്തമായ ജീവിസഞ്ചയം ഇവിടെയുണ്ട് എന്നതുതന്നെ. 1535ൽ കണ്ടെത്തിയ ഈ ദ്വീപസമൂഹം പസഫിക് സമുദ്രത്തിന്റെ കിഴക്കുഭാഗത്തായാണുള്ളത്. സ്പാനിഷാണ് ഔദ്യോഗിക ഭാഷ . ഇംഗ്ലിഷും സംസാരഭാഷയാണ്. 18 വലിയ ദ്വീപുകളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ഗാലപ്പഗോസ് ദ്വീപുകളിലെത്തിയ ഡാർവിൻ തന്റെ കണ്ടെത്തലുകളെക്കുറിച്ചു ചെറുകുറിപ്പുകൾ തയാറാക്കി, ശാസ്ത്രീയമായി അവയെ വിശദീകരിച്ചു. കടൽച്ചൊരുക്കിന്റെ അസ്വസ്ഥതകൾക്കിടയിലും അദ്ദേഹം അതു മുടക്കിയില്ല. സ്പെസിമെനുകളും ശേഖരിക്കുന്നുണ്ടായിരുന്നു. ജൈവ വൈവിധ്യം കൊണ്ടു സമ്പന്നമായ ദ്വീപുകളിൽ അതിനു ക്ഷാമമുണ്ടായിരിക്കല്ലല്ലോ. ഒട്ടേറെ ജീവികളെക്കുറിച്ച് അദ്ദേഹം പഠിച്ചു. കുരുവികളെക്കുറിച്ചും.

ഗാലപ്പഗോസിലെ കുരുവികൾ
ഒരേപക്ഷികളെങ്കിലും പല സവിശേഷതകളുള്ള കുരുവികളിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങളാണു പത്താംക്ലാസുകാർക്കു പഠിക്കാനുള്ളത്. ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയ്ക്കു ചെറിയ കൊക്കുകളാണ്. കള്ളിമുൾച്ചെടികൾ കഴിക്കുന്നവയ്ക്കു നീണ്ട മൂർച്ചയുള്ള കൊക്കുകളും. നമ്മുടെ മരംകൊത്തിയെപ്പോലെ തടിയിൽനിന്നു പുഴുക്കളെ കൊത്തിത്തിന്നുന്ന മരംകൊത്തിക്കുരുവികൾക്കാണെങ്കിൽ കൂർത്ത കൊക്കുകളും. വിത്തുകൾ കഴിക്കുന്ന നിലക്കുരുവികൾക്കാകട്ടെ, വലിയ കൊക്കുകളും. ഓരോ കുരുവിക്കും ആഹാരരീതിക്ക് അനുസരിച്ചാണു കൊക്കുകൾ ഉള്ളത് എന്നു ഡാർവിനു മനസ്സിലായി. തോമസ് റോബർട്ട് മാൽത്തൂസ് എന്ന ഇംഗ്ലിഷ് സാമ്പത്തിക വിദഗ്ധനെക്കുറിച്ചു കേട്ടിട്ടുണ്ടാകുമല്ലോ. ഡാർവിനെ അദ്ദേഹത്തിന്റെ പുസ്തകം ഏറെ സ്വാധീനിച്ചു. മാൽത്തൂസ് പറഞ്ഞത് ഇതാണ്: ജനസംഖ്യ കൂടുന്നതനുസരിച്ചു ഭക്ഷ്യോൽപാദനം കൂടുന്നില്ല. ഭക്ഷ്യദൗർലഭ്യം രോഗവും പട്ടിണിയും ഉണ്ടാക്കും, അതിനൊപ്പം അതിജീവനത്തിനുള്ള മത്സരവും. ഈ ആശയങ്ങൾകൂടി കോർത്തിണക്കിയാണു ഡാർവിൻ പ്രകൃതിനിർധാരണ സിദ്ധാന്തം തയാറാക്കിയത്.

പ്രകൃതി നിർധാരണ സിദ്ധാന്തം
പ്രകൃതിയുടെ തിരഞ്ഞെടുപ്പ് എന്നതാണു പ്രകൃതി നിർധാരണത്തിന്റെ അർഥം. എല്ലാ ജീവികളും ഭൂമിയിൽ നിലനിന്നാൽ എന്താകും അവസ്ഥ. പക്ഷേ ജീവികൾ ഇവിടെ നിലനിൽക്കാവുന്നതിലും അധികം സന്താനങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്. ജീവികളുടെ എണ്ണം കൂടുതലും വിഭവങ്ങളെല്ലാം കുറവുമായാലോ. അവ ഭക്ഷണത്തിനും വാസസ്ഥലത്തിനും ഇണയ്ക്കുംവേണ്ടി മത്സരിക്കും. ജീവികളിൽ പലതരത്തിലുള്ള വ്യതിയാനങ്ങളുണ്ട്. കുരുവികളിലെ വ്യത്യാസം കണ്ടില്ലേ. അനുകൂലമോ പ്രതികൂലമോ ആയ വ്യതിയാനങ്ങളുണ്ടാവാം. അപ്പോഴാണു പ്രകൃതിനിർധാരണത്തിന്റെ പ്രസക്തി. നിലനിൽപിനുവേണ്ടിയുള്ള മത്സരത്തിൽ അനുകൂല വ്യതിയാനം ഉള്ളവ മുന്നേറും. മറ്റുള്ളവ നശിക്കും. ഇങ്ങനെ നിലനിൽപിനു സഹായിച്ച ഈ മാറ്റങ്ങൾ തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതായും ഡാർവിൻ‍ വിശദീകരിച്ചു. അങ്ങനെ മുൻതലമുറകളിൽനിന്നു വ്യത്യാസമുള്ള സന്താനപരമ്പര ഉണ്ടാകുന്നു. പ്രകൃതിയുടെ ഈ തിരഞ്ഞെടുപ്പു കാരണമാണു വ്യത്യസ്തങ്ങളായ ജീവജാലങ്ങൾ ഭൂമിയിൽ ഉണ്ടായതെന്നും അദ്ദേഹം വിശ്വസിച്ചു, ശാസ്ത്രീയമായി സമർഥിച്ചു. അതാണു പ്രകൃതി നിർധാരണ സിദ്ധാന്തം.

ഡാർവിന്റെ സിദ്ധാന്തത്തോടെ കണ്ടെത്തലുകൾ അവസാനിച്ചില്ല. ജീവികളിൽ മാറ്റമുണ്ടാകുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ? മാറ്റത്തിനുകാരണം ജീനുകളാണെന്നു പിന്നീടു കണ്ടുപിടിക്കപ്പെട്ടു. ജീനുകൾക്കു പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ അഥവാ ഉൽപരിവർത്തനങ്ങളാണു പരിണാമം സൃഷ്ടിക്കുന്നത് എന്നും വിശദീകരിക്കപ്പെട്ടു.

ഈ ഉൽപരിവർത്തന സിദ്ധാന്തം (1900–1903) മുന്നോട്ടുവച്ചതു ഡച്ച് ശാസ്ത്രജ്ഞനായ ഹ്യൂഗോ ഡീവ്രിസ് ആണ്. പിന്നീടു ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം, ഫോസിൽ പഠനം തുടങ്ങി പല മേഖലകളിലെ അറിവുകൾ ചേർത്തു പല ശാസ്ത്രജ്ഞരും ഡാവിനിസത്തെ പുതുക്കി. അത് നിയോഡാർവിനിസം എന്ന് അറിയപ്പെടുന്നു.