ഇനി പഠിക്കാം കൂൾ കൂളായി
ഓർമശക്തി കൂട്ടാനും ഏകാഗ്രത നഷ്ടപ്പെടാതിരിക്കും മനസ്സിനെ ശാന്തമാക്കാനും പലവഴികളുണ്ട്. ഇവ പരിശീലിക്കുന്നതിന് ഒരേ ഒരു നിബന്ധനയേ ഉള്ളൂ– കുട്ടിക്ക് മനസ്സും താൽപര്യവും വേണം.
ഡിടിപിടി രീതി: ഡിസ്ട്രാക്ടിങ് തോട്സ് പോസ്റ്റ്പോൺമെന്റ് ടെക്നിക് എന്നാണു മുഴുവൻ പേര്. അതായത്, അനാവശ്യ ചിന്തകളോടു പിന്നെ വരാൻ പറയുക. പഠിക്കാനിരിക്കുമ്പോൾ ഉള്ളിലുണ്ടാകുന്ന അനാവശ്യ ചിന്തകളോടും വിചാരങ്ങളോടും നിങ്ങൾ ‘തുറന്നു സംസാരിക്കുക’. നോക്ക്, ഇപ്പോൾ പരീക്ഷാസമയമാണ്. പഠിച്ചില്ലെങ്കിൽ ആകെ കുഴയും. എല്ലാം അവതാളത്തിലാകും. ഇപ്പോൾ ഈ ചിന്തകൾക്കു പുറകെ പോയാൽ സമയം ഒരുപാട് നഷ്ടപ്പെടും. അതുകൊണ്ട്, തൽക്കാലം ഇപ്പോൾ പോകൂ. പരീക്ഷകഴിഞ്ഞു ഞാൻ വെറുതെയിരിക്കുമ്പോൾ വന്നോളൂ... എന്നു പറഞ്ഞു വിടണം.
ദൈവികമായ ശക്തി, പോസിറ്റീവ് ഊർജം സ്വർണനിറത്തിൽ ഉള്ളിലേക്കു കടക്കുന്നതായി സങ്കൽപിച്ച് ദീർഘശ്വാസമെടുക്കുക. ആ ശ്വാസം ശിരസ് മുതൽ പാദം വരെ എല്ലായിടത്തും എത്തുന്നതായി കാണുക, അനുഭവിച്ചറിയുക. ഉച്ഛ്വസിക്കുമ്പോൾ ഉള്ളിലുള്ള നെഗറ്റീവ് ചിന്തകളെല്ലാം കറുത്ത പുകയായി പുറന്തള്ളപ്പെടുന്നതായും കാണുക. ഇങ്ങനെ അഞ്ചുവട്ടമെങ്കിലും ചെയ്യണം.
പഠന മുറിയിൽ എഴുതി പഠിക്കാനുള്ള റഫ് ബുക്കിനൊപ്പം ചിന്തകൾക്കായി തോട്സ് ബുക്കും വയ്ക്കുക. അനാവശ്യ ചിന്തകളെ അതിൽ എഴുതിവയ്ക്കാം. പഠനം കഴിഞ്ഞ് അവ പരിഗണിക്കാമെന്നു സ്വയം പറയാം. പഠന ശേഷം ഇവയെ വീണ്ടും വീണ്ടും പരിശോധിക്കുക, അപ്പോൾ മനസ്സിലാകും പലതും ഒട്ടുമേ വേണ്ടാത്ത ചിന്തകളാണെന്ന്.