രജനികാന്തിനൊപ്പം ആരാധകരുള്ള ആ ജീവി !

നവീൻ മോഹന്‍, രേഷ്മ രമേശ്, അശ്വിൻ നായർ ‍

പൊള്ളുന്ന ചൂടിലും, തുളച്ചുകയറുന്ന ആണവവികിരണങ്ങളിലും, കൊടും തണുപ്പിലും ജീവിക്കാൻ കഴിയുന്ന ഭൂമിയിലെ ഏറ്റവും ‘റഫ് ആൻഡ് ടഫ്’ ജീവി– ടാർഡിഗ്രേഡ്...ഒപ്പം ചില രസികൻ ജീവികളെയും പരിചയപ്പെടാം...

ഹായ്, അയാം ടാർഡി!!! 
എട്ടുകാലുകൾ, ഓരോ കാലുകളിലും ഈരണ്ടു കൈകൾ, നല്ല തടിച്ചുകുറുകിയ ശരീരം, ചില സ്പോർട്സ് ബൈക്കുകളുടെ ഹെഡ്‌ലൈറ്റ് പോലെയുള്ള തല.മൊത്തത്തിൽ ഒരു കരടിയോടു സാമ്യം തോന്നുന്ന രൂപം.. കാണാൻ വളരെ ക്യൂട്ടായ ഈ ജീവികളെയാണ് ടാർഡിഗ്രേഡ് എന്നു വിളിക്കുന്നത്. ആയിരക്കണക്കിനു തരത്തിലുള്ള ടാർഡിഗ്രേഡുകളുണ്ടത്രേ. വാട്ടർ ബെയർ, മോസ് പിഗ്‌ലെറ്റ് എന്നീ ചെല്ലപ്പേരുകളിലും ടാർഡി അറിയപ്പെടുന്നു.

കുട്ടിയാണ് കേട്ടോ 
ചിത്രങ്ങൾ കണ്ട് വലിയ വലുപ്പമുള്ളവരാണ് ഇവരെന്നു‌ കരുതേണ്ട, ഇത്തിരികുഞ്ഞൻമാരാണ്.കൂടിപ്പോയാൽ ഒരു മില്ലിമീറ്റർ, ഇതാണ് ഇവയുടെ നീളം. ആശാനെ ശരിക്കൊന്നു കാണാൻ മൈക്രോസ്കോപ് വേണം.



ഗ്ലോബൽ സിറ്റിസൺ 
ഈ ടാർഡി എവിടെയാണു ജീവിക്കുന്നത്? പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചുവളരുന്ന പച്ചപ്പായലുകളിൽ, തടാകങ്ങളുടെ അടിത്തട്ടിൽ, കുളങ്ങളിൽ, മണ്ണിൽ, മഞ്ഞുമൂടിയ ഹിമാലയത്തിൽ,കെട്ടിടങ്ങളുടെ മേൽക്കൂരയിൽ ...ചുരുക്കം പറഞ്ഞാൽ എല്ലായിടത്തും ടാർഡിയുണ്ട്. അൽപം നനവുള്ള പ്രദേശങ്ങളാണ് ഇവയ്ക്ക് ഇഷ്ടം.

ടാർഡിയുടെ മെനു 
പായലിൽ നിന്നും സസ്യങ്ങളിൽ നിന്നുമുള്ള ജ്യൂസ് കുടിക്കുന്ന വെജിറ്റേറിയൻ ടാർഡിഗ്രേഡുകൾ ഒട്ടേറെയുണ്ട്. ചില നോൺവെജ് ടാർഡികളുടെ പ്രധാനഭക്ഷണം ബാക്ടീരിയയാണ്. ഇനി മറ്റു ചില ഭീകരൻമാരും ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ ഭക്ഷണം എന്താണെന്നോ? ...മറ്റുള്ള ടാർഡിഗ്രേഡുകൾ.

ഇവിടെ മാത്രമല്ല സ്പെയ്സിലുമുണ്ട് പിടി!!‌ 
2007ൽ യൂറോപ്യൻ സ്പെയ്സ് ഏജൻസി വിട്ട ഫോട്ടോൺ എം3 ദൗത്യത്തിൽ കുറച്ചു ടാർഡിഗ്രേ‍ഡുകളെ അയച്ചിരുന്നു.10 ദിവസത്തെ ബഹിരാകാശവാസത്തിനു ശേഷം ദൗത്യം തിരികെയെത്തി. പന്തുരൂപത്തിൽ കിടന്ന ടാർഡിഗ്രേഡുകളെ ശാസ്ത്രജ്ഞൻമാർ വെള്ളം തളിപ്പിച്ചെഴുന്നേൽപ്പിച്ചു. സൂര്യനിൽ നിന്നുള്ള കടുത്ത അൾട്രാവയലറ്റ് കിരണങ്ങളുൾപ്പെടെ കടുത്ത പ്രതിബന്ധങ്ങളൊന്നും ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കി, ടാർ‌ഡിഗ്രേഡുകൾ സ്മാർട്ടായി എഴുന്നേറ്റു നടന്നു.

നശിക്കില്ലൊരിക്കലും 
ആണവസ്ഫോടനം, ഛിന്നഗ്രഹ ആക്രമണം, വരൾച്ച.....ഭൂമിയിലെ ജീവൻ അവസാനിക്കാൻ പല കാരണങ്ങൾ പറയുന്നുണ്ട്. എന്നാൽ അതെല്ലാം കൈയിൽ വച്ചാൽ മതിയെന്നു ടാർഡി പറയും. ലോകാവസാനം സംഭവിച്ചാൽ പോലും , ടാർഡ‍ിയുടെ രൂപത്തിൽ ഭൂമിയിൽ ജീവൻ ബാക്കിയാകുമെന്നു വിദഗ്ധർ പറയുന്നു. വിഷവസ്തുക്കൾ‌, വെട്ടിത്തിളയ്ക്കുന്ന വെള്ളം ഇവയെയൊക്കെ പ്രതിരോധിക്കാൻ ടാർഡിക്കു പറ്റും.

വെള്ളമോ? എന്തിന്? 
ജീവിവർഗങ്ങളിൽ ഭൂരിപക്ഷവും വെള്ളം കിട്ടാതായാൽ ചത്തൊടുങ്ങും. എന്നാൽ ടാർഡിയുടെ കൈയ്യിൽ ‘ക്രിപ്റ്റോബയോസിസ്’ എന്നൊരു വിദ്യയുണ്ട്. വെള്ളം കിട്ടില്ലെന്നുറപ്പായാൽ എട്ടുകാലുകളും മടക്കി ശരീരത്തിലേക്കുചേർത്തു പന്തുപോലെയാകും. എന്നിട്ടു സമാധി അവസ്ഥയിൽ ഒറ്റക്കിടപ്പ്. ഈ ടാർഡിപ്പന്തിനുള്ളിൽ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ ടാർഡിയെ സംരക്ഷിക്കും. പിന്നീട് വെള്ളം കിട്ടുന്ന അവസ്ഥ വന്നാൽ ടാർഡി പന്താസനം വിട്ടു പഴയരൂപത്തിലേക്കു വരും.

ടാർഡിയിസം 
ആളിനെക്കാണാൻ മൈക്രോസ്കോപ്പൊക്കെ വേണമെങ്കിലും ആരാധകരുടെ എണ്ണം കൊണ്ടു ജീവിലോകത്തെ ചെറിയ ഒരു ‘രജനികാന്താണ്’ ടാർഡിഗ്രേഡ്. ടാർഡിക്കു വേണ്ടി ഓൺലൈൻഗ്രൂപ്പുകളും ബ്ലോഗുകളുമൊക്കെ ഒട്ടേറെ. ടാർഡിക്കു വേണ്ടി ആരാധകർ വരച്ച ചിത്രങ്ങൾ, ടാർഡിയുടെ ചിത്രം പതിച്ച ടീഷർട്ടുകൾ എന്നിവയൊക്കെയുണ്ട്.

പ്രശസ്ത സയൻസ് ഫിക്‌ഷൻ ടിവി പരമ്പരയായ സ്റ്റാർട്രെക്കിലും ടാർഡിയുണ്ട്. ചില പരീക്ഷണങ്ങൾ പാളിപ്പോയതിനാൽ അസാമാന്യമായി വലുപ്പം വച്ച ‘റിപ്പർ’ എന്ന ഈ ഭീകരൻ ടാർഡിഗ്രേഡ് മനുഷ്യരെ വെറുതെ വിടാത്ത ഒരു വില്ലനായിട്ടാണു പരമ്പരയിൽ. എന്നാൽ യാഥാർഥ ടാർഡിഗ്രേഡ് മനുഷ്യർക്കൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത ഒരു നിഷ്കളങ്കനാണെന്നതാണു സത്യം.

മീറ്റ് മിസ്റ്റർ ടാർഡി 
കൂട്ടുകാർക്ക് ടാർഡിയെ കാണണോ?ദാ ഇതുപോലെ ഒന്നു ചെയ്തു നോക്കൂ. അധ്യാപകരുടെ മേൽനോട്ടത്തിൽ ചെയ്താൽ മതി കേട്ടോ.
1.മതിലിലോ പാറക്കെട്ടിലോ ഉള്ള നനവുള്ള പായൽ അൽപം മുറിച്ചെടുക്കുക
2.ഇത് ഒരു പെട്രിഡിഷിൽ വച്ചതിനുശേഷം കുതിരുന്ന രീതിയിൽ (ഒരു സെന്റിമീറ്റർ പൊക്കത്തിൽ) വെള്ളമൊഴിക്കുക.
3. ഒരു പെട്രിഡിഷിലേക്ക് കുതിർന്ന പായലിൽ നിന്നുള്ള വെള്ളം ഇറ്റിക്കുക
4. പെട്രിഡിഷ് മൈക്രോസ്കോപ്പിനു താഴെ വച്ച് ഫോക്കസ് ചെയ്തുനോക്കൂ. എട്ടുകാലുകളുമായി പയ്യെ പയ്യെ പോകുന്ന ഒരു ജീവിയെ കണ്ടോ..അവനാണു ടാർഡി.
കണ്ടെത്തിയില്ലെങ്കിൽ പഠിപ്പുരയെ കുറ്റം പറയേണ്ട, വേറെ എവിടെ നിന്നെങ്കിലും പായൽ ശേഖരിച്ചു വീണ്ടും ശ്രമിക്കാം. എന്നെങ്കിലും കണ്ടെത്തും...കാണാതെ എവിടെ പോകാൻ?