സ്രഷ്ടാവിന് അസൂയ; ഒടുക്കം കൊന്നുകളഞ്ഞു!
എഴുത്തുകാരെ നിഷ്പ്രഭരാക്കി, വായനക്കാരുടെ മനസ്സിൽ ഇടം നേടിയ 10 കഥാപാത്രങ്ങളെ അറിയാം.
കഥാപാത്രങ്ങൾ ചിലപ്പോൾ എഴുത്തുകാരെക്കാളും പ്രശസ്തരായി മാറുന്നതു ലോക സഹിത്യത്തിൽ പുതുമയല്ല. വായനക്കാർ ഏറ്റെടുത്തുകഴിഞ്ഞാൽ മരണം പോലും ആ കഥാപാത്രങ്ങളിൽ നിന്നു വഴിമാറിപ്പോകും. പിന്നെ എഴുത്തുകാർ തീരുമാനിച്ചാലും കഥാപാത്രങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല. അതുകൊണ്ടാണല്ലോ ഷെർലക് ഹോംസ് എന്ന കഥാപാത്രത്തെ ഇല്ലാതാക്കാൻ ശ്രമിച്ച എഴുത്തുകാരനെതിരെ നിരത്തിലിറങ്ങാൻപോലും വായനക്കാർ മടിക്കാതിരുന്നത്. എഴുത്തുകാരെക്കാൾ പ്രശസ്തരായി മാറിയ ചില കഥാപാത്രങ്ങളെ പരിചയപ്പെടാം.
ഷെർലക് ഹോംസ്
തന്നെക്കാൾ പ്രശസ്തനായി മാറിയ കഥാപാത്രത്തോടു സ്രഷ്ടാവിന് അസൂയ തോന്നുക, ഒടുക്കം കൊന്നുകളയുക. ലോക ചരിത്രത്തിൽ അത്തരത്തിൽ ഒരു കഥാപാത്രമേ ഉള്ളു, ഷെർലക് ഹോംസ്. സർ ആർതർ കോനൻ ഡോയലിന്റെ തൂലികയിൽ ജന്മമെടുത്ത അമരനായ കുറ്റാന്വേഷകനായ കഥാപാത്രം. വാട്സൻ എന്ന സുഹൃത്തിനൊപ്പം ഏതു കേസും നിഷ്പ്രയാസം തെളിയിക്കുന്ന ഹോംസ് വളരെ പെട്ടെന്നാണ് ആരാധകമനസ്സിൽ കയറിക്കൂടിയത്. ഒടുക്കം ഹോംസിനോട് എഴുത്തുകാരനുതന്നെ അസൂയതോന്നി. ‘മരണക്കെണി’ എന്ന നോവലിലൂടെ ഷെർലക് ഹോംസിനെ വധിച്ചു. എന്നാൽ ഹോംസിന്റെ കൊലയാളിയെന്ന് എഴുത്തുകാരനെ വായനക്കാർ മുദ്രകുത്തി. ഒടുവിൽ, പരേതന്റെ തിരിച്ചുവരവ് എന്ന കഥയിലൂടെ എഴുത്തുകാരന് കഥാപാത്രത്തെ പുനർജീവിപ്പിക്കേണ്ടതായി വന്നു.
ബേക്കർ സ്ട്രീറ്റിലെ 221 ബി മുറിയിലേക്ക് ഇന്നും ഹോംസിനെ തേടി, ചുരുളഴിയാത്ത ചോദ്യങ്ങളുടെ ഉത്തരം പ്രതീക്ഷിച്ച് കത്തുകൾ എത്താറുണ്ട്. ഷെർലക് ഹോംസിനെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിൽ ആദരിക്കപ്പെടുന്നത്. ഷെർലക് ഹോംസ് എന്ന പേര് ആദ്യമായി കുറിച്ചിട്ട ഡയറി ഇന്നും ബ്രിട്ടിഷ് മ്യൂസിയത്തിലുണ്ട്.
ഹാരി പോട്ടർ
ബ്രിട്ടിഷ് എഴുത്തുകാരി ജെ. കെ. റൗളിങ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കൽപിക മാന്ത്രിക നോവൽ പരമ്പരയിലെ നായകൻ. മാന്ത്രിക വിദ്യാലയമായ ഹോഗ്വാർട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡ്റിയിലെ വിദ്യാർഥി. ഒപ്പം ഉറ്റസുഹൃത്തുക്കളായ റോൺ വീസ്‌ലിയും ഹെർമയോണി ഗ്രാഞ്ചെറും. മാന്ത്രികലോകത്തെയും മനുഷ്യ ലോകത്തെയും കീഴടക്കാൻ ശ്രമിക്കുന്ന ദുഷ്ടമാന്ത്രികൻ വോൾഡമോർട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണു കഥ.
1997ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ മുതൽ ഏഴു പുസ്തകങ്ങളും വമ്പൻ പ്രശസ്തി നേടി. പരമ്പര സിനിമയാക്കിയതും വൻ വിജയം. ഹാരി വിഡിയോ ഗെയിമുകളും മറ്റു വിൽപന വസ്തുക്കളുമെല്ലാം പുറത്തിറങ്ങി. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നോവലിസ്റ്റ് ആയി റൗളിങ് മാറുകയും ചെയ്തു.
ടോട്ടോചാൻ
ജപ്പാനിലെ പ്രശസ്തയ ടെലിവിഷൻ പ്രതിഭയും യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറുമായ തെത്സുകോ കുറോയാനഗിയുടെ സ്വന്തം കഥയാണ് ടോട്ടോചാൻ– ദ് ലിറ്റിൽ ഗേൾ അറ്റ് ദ് വിൻഡോ. പക്ഷേ, കൊച്ചു ടോട്ടോ, വലിയ തെത്സുകോയെക്കാൾ പ്രശസ്തയായി. ലോകം അവളെ ഏറ്റെടുത്തു. കുട്ടിക്കുസൃതികൾക്കൊപ്പം വിറിട്ട വിദ്യാഭ്യാസ രീതികളും രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ നേർചിത്രവും പകരുന്ന നോവൽ പുറത്തിറങ്ങിയത് 1981ൽ.
കൊബായാഷി മാസ്റ്റർ എന്ന മികവുറ്റ അധ്യാപകൻ, അദ്ദേഹം പ്രത്യേക പാഠ്യരീതികളിലൂടെ നടത്തുന്ന ടോമോ എന്ന സ്കൂൾ, വഴക്കാളിയിൽ നിന്നു മിടുക്കിയിലേക്കുള്ള ടോട്ടോയുടെ മാറ്റം എല്ലാം ലോകത്തിനു തന്നെ മാതൃകയായി. പല രാജ്യങ്ങളിലെയും അധ്യാപന പരിശീലന കോളജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്.
ജയിംസ് ബോണ്ട്
ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് 1953ൽ സൃഷ്ടിച്ച കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ജയിംസ് ബോണ്ട്. ബുദ്ധിരാക്ഷസനും പോരാളിയുമാണു കക്ഷി. ബ്രിട്ടിഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവൻ യാത്ര ചെയ്തു ശത്രുക്കളെ തുരത്തുന്ന സീക്രട് ഏജന്റ്.
ബോണ്ടിനെ കേന്ദ്രകഥാപാത്രമാക്കി ഫ്ലെമിങ് 12 നോവലുകളും രണ്ടു ചെറുകഥാ സമാഹാരങ്ങളും രചിച്ചു. 1962ൽ ‘ഡോ. നോ’ എന്ന സിനിമയിലൂടെ ആരംഭിച്ച്, ചരിത്രത്തിൽ ഏറെക്കാലം നീണ്ടുനിന്നതും ഏറ്റവുമധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ബോണ്ട് സീരീസ് തന്നെ.
1964ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം കിങ്‌സ്‌ലി ആമിസ് (റോബർട്ട് മർക്കം എന്ന പേരിൽ), ജോൺ പിയേഴ്സൺ, ജോൺ ഗാർഡ്നർ, റെയ്മണ്ട് ബെൻസൺ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിവർ ബോണ്ട് നോവലുകളെഴുതി. കൂടാതെ ക്രിസ്റ്റഫർ വുഡ് രണ്ടു തിരക്കഥകൾ നോവലാക്കുകയും ചാർളി ഹിഗ്സൺ ചെറുപ്പക്കാരനായ ബോണ്ടിനെക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു. മറ്റ് അനൗദ്യോഗിക ബോണ്ട് കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.
വിംപി കിഡ്
അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നി രചിച്ച നർമ നോവലാണ് ഡയറി ഓഫ് എ വിംപി കിഡ്. ഗ്രെഗ് ഹെഫ്ലി എന്ന ബാലനാണു പ്രധാനകഥാപാത്രം. ഗ്രെഗിന്റെ വീട്, സ്കൂൾ, കൂട്ടുകാർ, അമളികൾ എല്ലാം ഡയറി രൂപത്തിൽ അവതരിപ്പിക്കുന്നു. 2004ൽ ഫൺബ്രൈൻ എന്ന വെബ്സൈറ്റ് വഴിയാണ് ഡയറി ഓഫ് എ വിംപി കിഡ് പുറത്തിറങ്ങിയത്, അതിലൂടെ 20 ദശലക്ഷത്തോളം തവണ ഈ നോവൽ വായിക്കപ്പെട്ടിട്ടുണ്ട്.
ഡ്രാക്കുള
ഭയമെന്ന വാക്കിന് ഡ്രാക്കുള എന്നുകൂടി അർഥമുണ്ട്. പേടിയുടെ മൂർത്തരൂപമായി ഒരുപാടു തലമുറകൾ കൈമാറിയ കഥാപാത്രം. ഇതു സാങ്കൽപികമാണെന്നു പലരും വിശ്വസിക്കുന്നേയില്ല. 1897ലാണ് ബ്രാംസ്റ്റോക്കർ ഡ്രാക്കുള എന്ന ഭീകര നോവലെഴുതിയത്.
കാർപാത്യൻ മലനിരകൾക്കിടയിൽ നിന്നു പട്ടണത്തിലെത്തുന്ന ഡ്രാക്കുള, നോവലിന്റെ അന്ത്യത്തിൽ നശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വായനക്കാരന്റെ മനസ്സിൽ മരണമില്ലാത്ത ഭയമാണ്. ഡ്രാക്കുളപ്രഭു പകൽ മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയും. രാത്രി പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കും. ആ യുവതികൾ യക്ഷികളായി മാറും. പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജൊനാഥൻ ദുർഘടമായ യാത്രകളിലൂടെ കൊട്ടാരത്തിൽ എത്തിച്ചേരുന്നു. നഗരത്തെക്കുറിച്ച് ജൊനാഥനിൽ നിന്നു മനസ്സിലാക്കി പ്രഭു അവിടെയെത്തുന്നു. ജൊനാഥന്റെ വേണ്ടപ്പെട്ടവർക്കു പ്രഭു ശത്രുവാകുന്നു. ഒടുവിൽ സാഹസികരുടെ സംഘം ഡ്രാക്കുളയെ വേട്ടയാടി നശിപ്പിക്കുന്നു. റുമേനിയയാണ് കഥയ്ക്ക് പശ്ചാത്തലം.
മൗഗ്ലി
ചെന്നായ്ക്കൂട്ടത്തിൽ വളർന്ന കഥാപാത്രമാണു മൗഗ്ലി. റഡ്യാർഡ് കിപ്ലിങ് എന്ന എഴുത്തുകാരന്റെ സൃഷ്ടി. ദ് ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലൂടെയാണ് മൗഗ്ലി വായനക്കാരിലേക്കെത്തിയത്. ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് എഴുത്തുകാരനും കവിയുമാണു കിപ്ലിങ്. കടുവയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനിടെ ദമ്പതിമാർക്കു നഷ്ടമാകുന്ന കുഞ്ഞാണു മൗഗ്ലി. അവനെ പിന്നെ വളർത്തുന്നത് ചെന്നായ്ക്കളാണ്. ബഗീര എന്ന കരിമ്പുലി, ബാലു എന്ന കരടി, കാ എന്ന പാമ്പ് എന്നിവയാണ് മൗഗ്ലിയുടെ കാട്ടിലെ കൂട്ടുകാർ. ഷേർഖാൻ എന്ന കടുവ കാട്ടിലെ വില്ലനും.
ടാർസൻ
ഹിംസ്രമൃഗങ്ങൾ അലറിപ്പായുന്ന ആഫ്രിക്കൻ വനത്തിൽ കെർച്ചാക്ക് വംശത്തിൽപ്പെട്ട ഭയങ്കരിയായ ഒരു പെൺകുരങ്ങ് ടാർസൻ എന്ന മനുഷ്യക്കുഞ്ഞിനെ വളർത്തിയെടുത്തു. മൃഗങ്ങളുമായി എങ്ങനെ സംസാരിക്കണം, മരങ്ങളിൽ നിന്നു മരങ്ങളിലേക്ക് എങ്ങനെ ആടിച്ചാടണം, ഹിംസ്രജീവികളോട് എങ്ങനെ പോരാടണം എന്നിങ്ങനെ എല്ലാം അവൻ പഠിക്കുന്നു.
കെർച്ചാക്ക് വംശത്തിന്റെ രാജാവാകാൻ ഒരുങ്ങുന്ന ഘട്ടത്തിൽ മനുഷ്യർ അവന്റെ സാമ്രാജ്യത്തിൽ കടന്നുകൂടി. അവരോടൊപ്പം ടാർസൻ ജീവിതത്തിൽ ആദ്യമായി കാണുന്ന വെള്ളക്കാരി പെൺകുട്ടിയും ഉണ്ടായിരുന്നു. ഇതോടെ രണ്ടു ലോകങ്ങളിൽ, രണ്ടു ജീവിത സമ്പ്രദായങ്ങളിൽപ്പെട്ടു ഞെരുങ്ങുകയാണ് ടാർസൻ. ഈ സാഹസികനു ജന്മംകൊടുത്തത് അമേരിക്കൻ സാഹിത്യകാരനായ എഡ്ഗർ റൈസ് ബറോസാണ്. 1912ലാണ് ആദ്യമായി ടാർസൻ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് എത്തുന്നത്.
ഗള്ളിവർ
ഗള്ളിവറുടെ യാത്രകൾ വായിക്കുന്നവർ അദ്ഭുതങ്ങളുടെ രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജൊനാഥൻ സ്വിഫ്‌റ്റ് എന്ന എഴുത്തുകാരനാണ് ഗള്ളിവറുടെ യാത്രകളുടെ രചയിതാവ്. ഇംഗ്ലണ്ടിലെ ഭൂവുടമയുടെ മകനായിരുന്നു ഡോ. ലെമുവൽ ഗള്ളിവർ. ലണ്ടനിലെ പ്രാക്‌ടീസ് പരാജയപ്പെട്ടതോടെ ബ്രിസ്‌റ്റണിലേക്കു പോകുന്നു. എന്നാൽ യാത്രാമധ്യേ കൊടുങ്കാറ്റിൽ കപ്പൽ തകർന്നു. രണ്ടുമൂന്നു മൈൽ നീന്തി അദ്ദേഹം കരകയറി. മനുഷ്യവാസമില്ലാത്ത ഒരിടം, അവിടെക്കിടന്ന് അദ്ദേഹം ഉറങ്ങിപ്പോയി. ഉണർന്നപ്പോഴാണ് അറിയുന്നത് അതു കുള്ളന്മാരുടെ നാടായ ലില്ലിപ്പുട്ട് ആണെന്ന്. അവിടെ നിന്നു രക്ഷപ്പെട്ടെത്തിയതോ ഭീകരരുടെ നാട്ടിൽ. ഏറെ ക്ലേശങ്ങൾ അനുഭവിച്ച ഗള്ളിവർ രണ്ടു വർഷത്തിനുശേഷം അവിടെ നിന്നു രക്ഷപ്പെട്ടു. വീണ്ടും യാത്ര തുടർന്നു, ആ യാത്രകളുടെ കഥയാണ് ഗള്ളിവറുടെ സഞ്ചാരകഥകൾ.
ആലീസ്
അദ്ഭുതങ്ങളുടെ കലവറ തുറന്ന് വായനക്കാരന്റെ മനസ്സുകീഴടക്കിയ പെൺകുട്ടിയാണ് ആലീസ്. ഓക്‌സ്‌ഫഡിലെ ഗണിതശാസ്‌ത്രജ്‌ഞനായ ചാൾസ് ലുട്ട്വിഡ്‌ജ് ഡോഡ്‌ഗ്‌സൺ ആണ് ആലീസിന് ജന്മം നൽകിയത്. 1832 ജനുവരി 27നു ചെഷയറിൽ ജനിച്ച അദ്ദേഹത്തിന്റെ തൂലിക നാമം ലൂയി കാരൾ എന്നാണ്. സുഹൃത്തായ പുരോഹിതന്റെ പത്തു വയസ്സുള്ള മകൾ ആലീസിനെയും സഹോദരിമാരെയും കൂട്ടി 1862 ജൂലൈ നാലിന് അദ്ദേഹം തെംസ് നദിയിലൂടെ വള്ളത്തിൽ യാത്ര പോയി. അപ്പോൾ കുട്ടികളെ രസിപ്പിക്കാനായി പറഞ്ഞ കഥ പിന്നീടു വികസിപ്പിച്ചതാണ് ആലീസ് ഇൻ വണ്ടർലാൻഡ്.
നദിക്കരയിൽ പുസ്തകവായനയ്ക്കിടെ ചേച്ചിയുടെ തോളിലേക്കു തലചായ്ച്ച് ഉറങ്ങിപ്പോകുന്ന ആലീസ്. മനോഹരമായി വസ്ത്രം ധരിച്ച ഒരു വെളുത്ത മുയൽ ഉറക്കത്തിൽ അവളെ മറ്റൊരു ലോകത്ത് എത്തിക്കുന്നു. മുയലിനെ പിൻതുടരുന്ന ആലീസ് കാൽതെറ്റിവീഴുന്നത് അതിശയങ്ങളുടെ ലോകത്തേക്കാണ്. ആ അദ്ഭുതലോകത്തിലൂടെ സഞ്ചരിക്കുന്ന ആലീസ് വായനക്കാരുടെ ജീവിതത്തിന്റെ ഭാഗമായി.