അന്യഗ്രഹ സന്ദേശമാണോ അത്?; ബഹിരാകാശത്തു നിന്ന് നിഗൂഢ തരംഗങ്ങൾ വീണ്ടും
‘ആരെങ്കിലും അവിടെയുണ്ടോ...?’
ഇടയ്ക്കിടെ ഇങ്ങനെയൊരു ചോദ്യം ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്കു വരാറുണ്ട്, ശബ്ദമായിട്ടല്ലെന്നു മാത്രം. മറിച്ച്, ഒരു റേഡിയോ സിഗ്നൽ വഴിയാണ് ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്കുള്ള ഈ ആശയവിനിമയം. ബഹിരാകാശത്തെ ആഴങ്ങളിൽ, പേരറിയാത്ത ഏതോ സ്രോതസ്സിൽ നിന്ന് ഇടയ്ക്കിടെ ഇത്തരത്തിൽ റേഡിയോ തരംഗങ്ങൾ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുകയാണ്. ഗവേഷകർ അതിനൊരു പേരും നൽകിയിട്ടുണ്ട്–ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്സ് അഥവാ എഫ്ആർബി.
2007ലാണ് ആദ്യമായി ഈ തരംഗത്തെ കണ്ടെത്തുന്നത്. ജ്യോതിശാസ്ത്രജ്ഞനായ ഡങ്കൻ ലോറിമെറും അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഡേവിഡ് നാർക്കെവിച്ചും ടെലസ്കോപ്പുകളിൽ നിന്നുള്ള പഴയ ഡേറ്റ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബഹിരാകാശത്തെ ഒരു നിശ്ചിത ‘പോയിന്റിൽ’ നിന്ന് ഭൂമിയിലേക്ക് തുടർച്ചയായി റേഡിയോ സിഗ്നൽ വരുന്നതു ശ്രദ്ധയിൽപ്പെട്ടത്. ആദ്യമായി എഫ്ആർബിയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ ആദരസൂചകമായി ഇവയ്ക്ക് ലൊറമെർ ബഴ്സ്റ്റ് എന്നും പേരുണ്ട്.
2007നു ശേഷവും പല തവണ എഫ്ആർബിയുടെ ഭൂമിയിലേക്കുള്ള വരവ് രേഖപ്പെടുത്തി. അന്യഗ്രഹജീവികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പുകളാണ് ഇക്കാര്യത്തിൽ സഹായിക്കാനുള്ളത്. ചില എഫ്ആർബികൾക്ക് മൈക്രോ മില്ലിസെക്കൻഡിനും താഴെ മാത്രമേ ദൈർഘ്യം കാണൂ. ചിലതു തുടർച്ചയായി വന്നുകൊണ്ടേയിരിക്കും. കോടിക്കണക്കിനു പ്രകാശവർഷം സഞ്ചരിച്ചെത്തുന്നതിനാൽ മിക്ക തരംഗങ്ങൾക്കും തീവ്രത കുറവായിരിക്കും. പക്ഷേ ഇത്രയേറെ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള റേഡിയോ തരംഗത്തെ പുറപ്പെടുവിക്കണമെങ്കിൽ അതിന്റെ സ്രോതസ്സ് ചില്ലറക്കാരനൊന്നുമായിരിക്കില്ലെന്ന് ഗവേഷകർക്ക് ഉറപ്പാണ്.
ഒന്നുകിൽ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവിൽ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അന്യഗ്രഹജീവികൾ അയയ്ക്കുന്നത്– ഈ രണ്ടു നിഗമനങ്ങളാണ് ഇപ്പോൾ ഗവേഷകരുടെ മുന്നിലുള്ളത്. അടുത്തിടെ വീണ്ടുമൊരു എഫ്ആർബി കണ്ടെത്തിയതോടെയാണ് വിഷയം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കലിഫോർണിയയിലെ കാൾടെക്സ് ഒവെൻസ് വാലി റേഡിയോ ഒബ്സർവേറ്ററിയിലാണ് ഏകദേശം 800 കോടി പ്രകാശ വർഷം അകലെയുള്ള ഗാലക്സിയിൽ നിന്നുള്ള റേഡിയോ തരംഗത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഏതാനും സെക്കൻഡ് മാത്രമായിരുന്നു പക്ഷേ ആയുസ്സ്.
അതിനും ഏതാനും ദിവസം മുൻപ് ഓസ്ട്രേലിയയിലെ സ്ക്വയർ കിലോമീറ്റർ അറേ പാത്ത്ഫൈൻഡർ എന്ന ടെലസ്കോപ്പിലും സമാനമായി റേഡിയോ തരംഗം പ്രത്യക്ഷപ്പെട്ടു. ഏകദേശം 400 കോടി പ്രകാശ വർഷം അകലെയുള്ള ഗാലക്സിയിൽ നിന്നായിരുന്നു അതിന്റെ വരവ്. ആ സിഗ്നൽ തുടർച്ചയായി വന്നുകൊണ്ടേയിരിക്കുകയും ചെയ്തു. നമ്മുടെ സൗരയൂഥം ഉൾപ്പെട്ട ക്ഷീരപഥത്തിനു സമാനമായ ഗാലക്സിയിൽ നിന്നായിരുന്നു കലിഫോർണിയയിൽ തിരിച്ചറിഞ്ഞ എഫ്ആർബിയുടെ വരവ്. എഫ്ആർബി 190523 എന്നതിനു പേരിടുകയും ചെയ്തു.
പ്രപഞ്ചത്തിലെ മറ്റു ഗാലക്സികളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ പ്രത്യേകതകളൊന്നുമില്ലാത്തതാണ് നമ്മുടെ ക്ഷീരപഥം. അതിനു പോലും എഫ്ആർബി പുറപ്പെടുവിക്കാൻ ശേഷിയുണ്ടെന്നാണ് പുതിയ റേഡിയോ സിഗ്നലിന്റെ വരവ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഭൂമിയെപ്പോലുള്ള ഒരു ഗ്രഹത്തിൽ നിന്നായിരിക്കുമോ എഫ്ആർബികളും വരുന്നത്? ഒരു പതിറ്റാണ്ടിലേറെയായി ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് ഗവേഷകർ. കൂടുതൽ കൃത്യമായി എഫ്ആർബി സാന്നിധ്യം ആളക്കാനുള്ള ഡീപ് സിനോപ്റ്റിക് അറേ ടെലസ്കോപ്പുകൾ 2021–ഓടെ സജ്ജമാകാനിരിക്കുകയാണ്. അതോടെ ബഹിരാകാശത്തു നിന്നുള്ള ഈ ‘അന്വേഷണ’ത്തിനു പിന്നിൽ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരവും ലഭിക്കുമെന്നാണു പ്രതീക്ഷ.