ഇവ ശേഖരിച്ചു വച്ചതിനു ശേഷമേ പടക്കം പൊട്ടിക്കാവൂ!‍

മനുഷ്യസംസ്കാരത്തിന്റെ ഭാഗമാണു പടക്കങ്ങള്‍. ഉൽസവങ്ങളെയും ആനന്ദത്തെയും വിജയങ്ങളെയും സൂചിപ്പിക്കുന്നവയാണ് ഇവ. കൈകൊണ്ടു തീകൊളുത്തി പൊട്ടിക്കുന്ന ഏറുപടക്കങ്ങൾ മുതൽ ആകാശത്തേക്കു പോയി വർണജാലം തീർക്കുന്ന റോക്കറ്റുകൾ വരെ ഉൾപ്പെടുന്ന വൈവിധ്യപൂർണമായ ലോകമാണു പടക്കങ്ങളുടേത്. പടക്കങ്ങളുടെ പിന്നിലെ ശാസ്ത്രം പൈറോടെക്നിക്ക്സ് എന്നറിയപ്പെടുന്നു

ആകാശത്തെ വർണക്കാഴ്ച
വെടിക്കെട്ട് എന്നു കേള്‍ക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ആകാശത്തേക്ക് ഉയർന്നുപൊങ്ങി തീക്കുടകൾ തീർക്കുന്ന റോക്കറ്റുകളെയാണ്. പലതരം വർണങ്ങളിലും വലുപ്പത്തിലുമുള്ള തീപ്പൊരികൾ ഇവ ആകാശത്തു സൃഷ്ടിക്കും. എല്ലാത്തരം ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും അഭിവാജ്യഘടകമാണ് റോക്കറ്റുകൾ. ഏരിയൽ ഷെല്ലുകൾ എന്നറിയപ്പെടുന്ന ചെറിയ ട്യൂബുകളാണ് റോക്കറ്റുകളുടെ അടിസ്ഥാനഭാഗം. ഇതിനുള്ളിൽ വ്യത്യസ്തമായ രാസവസ്തുക്കൾ നിറച്ചിരിക്കും. കരിമരുന്നാണ് ഇതിൽ പ്രധാനം. ഇതോട് ഇടകലർന്ന് ചെറിയ ഉരുളകളുടെ രൂപത്തിൽ സ്റ്റാറുകൾ എന്ന പേരിൽ രാസവസ്തുക്കൾ ഉണ്ടായിരിക്കും. റോക്കറ്റുകള്‍ പൊട്ടുമ്പോൾ മനോഹരമായ വർണങ്ങൾ ആകാശത്തു സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണം ഈ സ്റ്റാറുകളാണ്. ഉരുണ്ടതും, ചതുരത്തിലുള്ളതും, പ്രത്യേകരൂപത്തിലുള്ളതുമായ പലതരം ആകൃതികൾ സ്റ്റാറുകൾ മാനത്ത് അണിനിരത്തും. ഏരിയൽ ഷെല്ലിന്റെ ഒത്ത നടുക്കായി ചാർജ് എന്നു പേരിൽ വെടിമരുന്ന് നിറച്ചിരിക്കും. ചാർജിൽ നിന്നു തിരിയിയിലേക്കു നേരിട്ടുബന്ധമുണ്ട്. ചാർജ് കത്തുന്നത്, സ്റ്റാറുകളുടെ കത്തലിനു വഴിയൊരുക്കും.

ഓരോ സ്റ്റാറുകൾക്കുള്ളിലും പ്രധാനമായി നാലു രാസവസ്തുക്കളുണ്ട്. ഇന്ധനം, ഓക്സിഡൈസിങ് ഏജന്റ‍്, നിറം നൽകുന്ന ലോഹത്തരികള്‍, ബൈൻഡർ. കൃത്യമായ താപനിലയിൽ ഇന്ധനവും ഓക്സിജനും കൂടിച്ചേർന്നു സ്ഫോടനമുണ്ടാക്കും. ഇതിന്റെ ഫലമായി ഉയർന്ന താപനിലയും മർദവും ഉണ്ടാകും. ലോഹത്തരികൾ ഇതിനു നിറം നൽകും. രണ്ടു ഘട്ടങ്ങളായാണു റോക്കറ്റുകൾ ആകാശത്തുയർന്നു പൊട്ടുന്നത്.

ഏരിയൽ ഷെല്ലുകൾ ‘മോർട്ടാർ’ എന്നറിയപ്പെടുന്ന ഒരു ട്യൂബിലേക്ക് ഇറക്കി വയ്ക്കും, മണ്ണിലോ മണലിലോ പകുതി കുഴിച്ച് ഇറക്കിവച്ച നിലയിലായിരിക്കും മോർട്ടാറുകൾ. മോർട്ടാറിനും ഷെല്ലിനും ഇടയിലുള്ള സ്ഥലത്ത് കരിമരുന്ന് നിറച്ചിരിക്കും. ഇതിലേക്ക് തീ കൊളുത്തുന്ന രീതിയിൽ ഫ്യൂസ് എന്ന തിരി വെളിയിലുണ്ടാകും. ഫ്യൂസിൽ തീ പടർന്നാൽ കരിമരുന്ന് പൊട്ടിത്തെറിച്ച് അതിന്റെ മർദത്തിൽ ഷെൽ മുകളിലേക്കുയരും. ഇത് ആദ്യഘട്ടം ആകാശത്തേക്കുയർന്ന ശേഷം ഷെല്ലിലുള്ള മറ്റൊരു ഫ്യൂസിനു തീപിടിക്കും. ഇതു ഷെല്ലിനുള്ളിലെ കരിമരുന്നിനെ പൊട്ടിത്തെറിപ്പിക്കുകയും സ്റ്റാറുകളെ കത്തിപ്പടർന്നു മാനത്തു പരക്കാൻ അനുവദിക്കുകയും ചെയ്യും. ഉൽസവപ്പറമ്പുകളിലും മറ്റും വിവിധ രൂപങ്ങളിൽ സ്റ്റാറുകൾ പൊട്ടിയടരുന്നതു നമ്മൾ കാണാറുണ്ടല്ലോ. സ്റ്റാറുകള്‍ ഷെല്ലിനുള്ളിൽ അടുക്കിവയ്ക്കുന്നതിന്റെ പ്രത്യേകത കൊണ്ടാണ് ഇതു സംഭവിക്കുന്നത്. വിവിധ റോക്കറ്റുകൾക്ക് വിവിധ വർണങ്ങളാണ്. ഷെല്ലുകൾക്കുള്ളിൽ അടങ്ങിയിരിക്കുന്ന വിവിധതരം ലോഹത്തരികളാണ് ഈ വർണവൈവിധ്യത്തിനു വഴിവയ്ക്കുന്നത്. സ്ട്രോണ്ഷ്യം, ലിഥിയം തുടങ്ങിയ ലോഹങ്ങളുടെ സംയുക്തങ്ങൾ ചുവപ്പ്, കാൽസ്യം അടങ്ങിയവ ഓറഞ്ച്, സോഡിയം അടങ്ങിയവ മഞ്ഞ, ബേരിയം ക്ലോറൈഡ് പച്ച, കോപ്പർ ക്ലോറൈഡ് നീല എന്നിങ്ങനെ നിറങ്ങൾ സൃഷ്ടിക്കും.

ഉയർന്ന താപനിലയിൽ ലോഹങ്ങൾക്കുള്ളിലെ ഇലക്ട്രോണുകൾ ഉയർന്ന ഊർജത്തിലേക്കു പോയതിനു ശേഷം തിരികെ താഴ്ന്ന ഊർജത്തിലേക്കു തിരിച്ചുവരും. പ്രകാശത്തിന്റെ രീതിയിൽ ഊർജം പുറന്തള്ളിക്കൊണ്ടാണ് ഈ മടക്കം. ഈ പ്രകാശം പല ലോഹങ്ങൾക്കും പലനിറത്തിലായിരിക്കും. ഇതാണു നിറങ്ങൾ വൈവിധ്യപൂർണമാകുന്നതിന്റെ പ്രധാനകാരണം.

സുരക്ഷ ശ്രദ്ധിക്കാം
പടക്കങ്ങള്‍ കാണാനും പൊട്ടിക്കാനും രസമാണെങ്കിലും അപകടകരവുമാണ്. രക്ഷിതാക്കളുടെ മേൽനോട്ടത്തിലല്ലാതെ കുട്ടികൾ പടക്കങ്ങൾ പൊട്ടിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുത്. തീയണയ്ക്കാനുള്ള വെള്ളം, മണൽ എന്നിവ ശേഖരിച്ചു വച്ചതിനു ശേഷമേ പടക്കം പൊട്ടിക്കാവൂ. പൊട്ടിത്തെറിക്കുന്ന പടക്കത്തിൽ നിന്നു കണ്ണിനു പരുക്കേൽക്കാൻ സാധ്യതയുണ്ട്. ഇതിനാൽ ഗോഗിളുകൾ പോലെ കണ്ണുകളെ സംരക്ഷിക്കാനുള്ള ഉപാധികൾ ഉപയോഗിക്കുന്നതു നല്ലതാണ്. പടക്കങ്ങൾ വീട്ടിൽ സൂക്ഷിക്കുമ്പോൾ തീയുമായി നേരിട്ടുബന്ധം വരാത്തരീതിയിൽ സൂക്ഷിക്കാം.ലൂസായ കോട്ടൺ വസ്ത്രങ്ങളാണ് പടക്കം പൊട്ടിക്കുമ്പോള്‍ ധരിക്കേണ്ടത്.ഉപയോഗശൂന്യമായ പടക്കങ്ങൾ കളയുമ്പോൾ വെള്ളത്തിൽ മുക്കിയതിനു ശേഷം മാത്രം കളയുക.

കരിമരുന്ന് വിപണിയിലെ മറ്റ് പ്രധാനതാരങ്ങൾ
പടക്കങ്ങള്‍

പടക്കവിപണിയിലെ അടിസ്ഥാന അംഗങ്ങള്‍ പടക്കങ്ങൾ എന്നറിയപ്പെടുന്ന ‘ഫയർക്രാക്കറുകളാണ്’.നമ്മുടെ നാട്ടിലെ ഏറുപടക്കം, ഓലപ്പടക്കം മാലപ്പടക്കം, ഗുണ്ട്, കതിന തുടങ്ങിയവയൊക്കെ ഈ ഗണത്തിൽ വരുന്നവയാണ്. തിരികൊളുത്തി കഴിഞ്ഞാൽ ഉയർന്ന ശബ്ദം പുറപ്പെടുവിച്ച് പൊട്ടുന്നവയാണ് ഇവ. കരിമരുന്ന് എന്നറിയപ്പെടുന്ന രാസവസ്തുവാണ് ഇവയിൽ നിറച്ചിരിക്കുന്നത്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഗന്ധകം എന്നിവയടങ്ങിയതാണ് പൊട്ടാസ്യം നൈട്രേറ്റ്.

തിരികൊളുത്തുമ്പോൾ അതിനു പൊട്ടാനാവശ്യമായ താപോർജം പടക്കത്തിലേക്കു പ്രവഹിക്കും. ഈ താപം കിട്ടുമ്പോൾ കരിമരുന്നിലെ രാസവസ്തുക്കൾ തമ്മിൽ രാസപ്രവർത്തനം നടത്തും. ചാർക്കോളിലുള്ള കാർബണാണു പ്രധാന ഇന്ധനം. പൊട്ടാസ്യം നൈട്രേറ്റ് സ്ഫോടനത്തിനുള്ള ഓക്സിജൻ നൽകുന്ന ഓക്സിഡൈസിങ് ഏജന്റുകളാണ്. ഗന്ധകം (സൾഫർ) ഈ സ്ഫോടനത്തിന്റെ തോത് നിയന്ത്രിക്കും.

പടക്കം പൊട്ടുമ്പോൾ കാർബൺ ഓക്സിജനുമായി രാസപ്രവർത്തനം നടന്നു കാർബൺ ഡയോക്സൈഡും ഊർജവുമായി മാറും. ഒപ്പം നൈട്രജൻ, പൊട്ടാസ്യം സൾഫൈഡ് എന്നീ വാതകങ്ങളും ഉത്പാദിപ്പിക്കപ്പെടും. കാർബൺ ഡയോക്സൈഡിൽ നിന്നും നൈട്രജനിലും നിന്നുമുള്ള ഉയർന്ന മർദം പടക്കങ്ങളുടെ ആവരണത്തെ ചിതറിപ്പിച്ചു ശബ്ദം പുറപ്പെടുവിക്കുന്നു.

പൂത്തിരി

ദീപാവലി ആഘോഷങ്ങളിലെ പ്രധാനതാരമാണ് ഫൗണ്ടൻ, ഫ്ലവർ പോട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന പൂത്തിരി. പ്രത്യേക ആകൃതിയിലുള്ള കോണുകളാണ് ഇതിന്റെ പ്രത്യേകത. തീകൊളുത്തുമ്പോൾ പൂവു പോലെ തീപ്പൊരികൾ വെളിയിലേക്കു ചിതറുന്നതിനാലാണ് പൂത്തിരി എന്ന് ഇതിനു പേര് ലഭിച്ചത്. റോക്കറ്റുകളിലേതു പോലെ തന്നെ വിവിധ നിറങ്ങൾ ലഭിക്കാൻ വിവിധതരം രാസസംയുക്തങ്ങൾ പൂത്തിരിയിൽ ഉപയോഗിക്കുന്നുണ്ട്.

കമ്പിത്തിരി

സ്പാർക്ലറുകൾ എന്ന ഗണത്തിൽ പെടുന്നവയാണു നമ്മുടെ നാട്ടിൽ സർവസാധാരണമായ കമ്പിത്തിരി. ഒട്ടേറെ രാസവസ്തുക്കൾ ഒരു ദ്രാവകത്തിൽ‍ ലയിപ്പിച്ച ശേഷം ഒരു കമ്പിയിലേക്കു പുരട്ടും. ഇവ ഉണങ്ങിക്കഴിഞ്ഞാൽ കമ്പിത്തിരി തയാർ. അലുമിനിയം, ഇരുമ്പ്,സ്റ്റീൽ, മഗ്നീഷ്യം എന്നീ ലോഹങ്ങളുടെ ചെറുപൊടികൾ കമ്പിത്തിരിയിൽ തീപ്പൊരികൾ ഉണ്ടാക്കുവാൻ സഹായിക്കുന്നു.

പൊട്ടാസ്യം പെർക്ലോറേറ്റ്, ഡെക്സ്ട്രിൻ എന്നീ രാസവസ്തുക്കൾ വെള്ളത്തിൽ ലയിപ്പിച്ച് കമ്പിയിൽ പുരട്ടിയ ശേഷം അലുമിനിയം തരികളിൽ മുക്കി ചെലവുകുറഞ്ഞ കമ്പിത്തിരികൾ ഉണ്ടാക്കാറുണ്ട്. രാസവസ്തുക്കളിൽ മാറ്റം വരുത്തിയാൽ വ്യത്യസ്തമായ തീപ്പൊരികള്‍ കമ്പിത്തിരിയിൽ നിന്നു ഉത്പാദിപ്പിക്കപ്പെടും. പടക്കങ്ങളിൽ നിന്നു വ്യത്യസ്തമായ അളവിലും രീതിയിലുമാണ് കമ്പിത്തിരിയിലെ രാസവസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നത്. ഇതു കാരണം പടക്കങ്ങൾ പോലെ പെട്ടെന്നു പൊട്ടിത്തെറിക്കാതെ പതിയെ കത്തിത്തീരുന്ന ശൈലിയാണ് കമ്പിത്തിരിയില്‍.

കതിന

ക്ഷേത്രങ്ങളിൽ പ്രധാനമായും കാണുന്നവയാണു കതിനകൾ. ഉരുക്ക്, മരം എന്നിവയുപയോഗിച്ചുള്ള കുറ്റികളാണ് കതിനകളുടെ അടിസ്ഥാനം. 20 സെന്റിമീറ്റർ ഉയരം,10 സെന്റിമീറ്റർ വ്യാസം എന്നിവയുള്ളതാണ് ഇവ. ഇതിന്റെ നടുക്കുള്ള ദ്വാരത്തിലേക്കു കരിമരുന്ന് നിറച്ച ശേഷം, മുകൾ ഭാഗം ഇഷ്ടികപ്പൊടി നിറച്ച് അടയ്ക്കും. കുറ്റിയുടെ അടിഭാഗത്തു മറ്റൊരു ദ്വാരം ഉണ്ടായിരിക്കും. ഇതിലൂടെ ഒരു തിരി കുറ്റിയുടെ ഉള്ളിൽ കടത്തിവിടും. തിരിയിൽ തീ കൊളുത്തിക്കഴിഞ്ഞാൽ വെടിമരുന്ന് കത്തുകയും വാതകങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇഷ്ടികപ്പൊടി മുകളിൽ ഉള്ളതിനാൽ ഇവയ്ക്കു പുറത്തുപോകാനാകില്ല. സമ്മർദം കൂടുമ്പോൾ ഇഷ്ടികപ്പൊടി ശക്തിയിൽ കതിനയിൽ നിന്നു പുറന്തളളപ്പെടുകയും വെടിശബ്ദം കേൾക്കുകയും ചെയ്യും.

ചക്രം

കുടച്ചക്രം എന്ന പേരിൽ പ്രശസ്തമായ ഇനം.രാസസംയുക്തങ്ങൾ നിറച്ച ഒരു പേപ്പർ കുഴൽ റോൾ പോലെയാക്കിയാണ് ഇതിന്റെ നിർമാണം.പമ്പരം പോലെ കറങ്ങാനുതകുന്ന ഒരു സംവിധാനത്തിൽ റോള്‍ ഘടിപ്പിക്കും. തീ കൊളുത്തിക്കഴി‍ഞ്ഞാൽ റോളിൽ നിന്നു ശക്തിയോടെ തീപ്പൊരികൾ ചിതറുകയും ഈ ഊർജത്തിൽ ചക്രം നിലത്തുകിടന്നു കറങ്ങുകയും ചെയ്യും.

പടക്കങ്ങളുടെ ചരിത്രം
ബിസി രണ്ടാം ശതകത്തിൽ ചൈനയിലെ ലിയാങ്ങിലാണു പടക്കനിർമാണം തുടങ്ങിയതെന്നു ചരിത്രകാരൻമാർ വിശ്വസിക്കുന്നു. തീയിലേക്കു മുളന്തണ്ടുകൾ എറിയുമ്പോൾ അവ ശബ്ദത്തോടെ പൊട്ടിച്ചിതറുന്നതായിരുന്നു ഈ പടക്കങ്ങൾ. ഇവയിൽ നിന്നു വരുന്ന ശബ്ദം ദുഷ്ടശക്തികളെ ഓടിക്കുമെന്നു ചൈനക്കാർ വിശ്വസിച്ചു. എഡി 600നും 900നും ഇടയിൽ ചൈനയിൽ വെടിമരുന്ന് കണ്ടുപിടിച്ചു. ഇവ മുളന്തണ്ടിനുള്ളിൽ നിറച്ചു ചൈനക്കാർ പടക്കമുണ്ടാക്കി.13, 15 നൂറ്റാണ്ടുകൾക്കിടയിൽ ഇവ യൂറോപ്പിലെത്തി. ഇറ്റലിക്കാർക്കായിരുന്നു പടക്കങ്ങളോടു കൂടുതൽ പ്രിയം.

1400 എഡിയിലാണു വെടിമരുന്ന് ഇന്ത്യയിലെ സൈനികർക്കിടയിൽ വന്നത്. ഇതാകാം പടക്കങ്ങളുപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചതെന്നു പ്രശസ്ത ചരിത്രകാരൻ പി.കെ.ഗോ‍ഡെ പറയുന്നു. വിജയനഗര രാജാവായ ദേവരായ രണ്ടാമന്റെ കാലത്തു(1443) പടക്കങ്ങൾ ധാരാളമായി ഉപയോഗിച്ചതിനു തെളിവുകളുണ്ട്. അദ്ദേഹത്തിന്റെ സദസ്സിലുണ്ടായിരുന്ന അബ്‌ദുർ റസാഖ് എന്ന നയതന്ത്രജ്​ഞൻ ഇതെപ്പറ്റി എഴുതിയിട്ടുണ്ട്. ഇറ്റാലിയന്‍ സഞ്ചാരിയായിരുന്ന ലൂഡോവിക്കോ ഡി വാർത്തമയും വിജയനഗരത്തിന്റെ പടക്കനിർമാണത്തിലുള്ള വൈദഗ്ധ്യത്തെ പുകഴ്ത്തിയിട്ടുണ്ട്.

മധ്യകാലഘട്ടത്തിൽ പല രാജാക്കന്‍മാരും പടക്കം ഉപയോഗിച്ചുള്ള ആഘോഷത്തെ പ്രോൽസാഹിപ്പിച്ചിരുന്നു. രാജാക്കൻമാരുടെയും മറ്റു പ്രഭുകുടുംബാംഗങ്ങളുടെയും വിവാഹത്തിൽ പടക്കങ്ങൾ ഒഴിച്ചുകൂടാത്ത ആഘോഷമായിരുന്നു. പല ഗ്രന്ഥങ്ങളിലും കരിമരുന്നു പ്രയോഗത്തെക്കുറിച്ചു വിവരിച്ചിട്ടുണ്ട്. ഒഡിഷയിൽ നിന്നുള്ള പ്രതാപരുദ്രദേവ എഴുതിയ കൗതുകചിന്താമണി, ഏകനാഥ് എഴുതിയ രുക്മിണി സ്വയംവരം എന്നിവ ഉദാഹരണങ്ങൾ. ഇന്ത്യയിലെ ആദ്യ പടക്കനിര്‍മാണ ശാല കൊൽക്കത്തയിലാണു സ്ഥാപിച്ചത്, 19ാം നൂറ്റാണ്ടിൽ.തുടർന്നു തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്കനിർമാണവ്യവസായം