തങ്കു പൂച്ച വഴി മാസ് എൻട്രി ; ഫസ്റ്റ് ബെൽ ക്ലാസിന്റെ വിശേഷങ്ങളുമായി അധ്യാപകർ,First bell, online class, teachers, Sai Swetha, Thakku Poocha, PadhippuraManorama Online

തങ്കു പൂച്ച വഴി മാസ് എൻട്രി ; ഫസ്റ്റ് ബെൽ ക്ലാസിന്റെ വിശേഷങ്ങളുമായി അധ്യാപകർ

വിദ്യാഭ്യാസ വകുപ്പ് സ്കൂൾ വിദ്യാർഥികൾക്കായി ഒരുക്കുന്ന ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ കൂട്ടുകാർക്കിടയിൽ ഹിറ്റായി മാറിയല്ലോ. ഫസ്റ്റ് ബെൽ ക്ലാസിന്റെ വിശേഷങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ പറയുന്നതു കേൾക്കൂ. കൂടാതെ, കൂട്ടുകാർക്കുള്ള സംശയങ്ങൾക്ക് ഉത്തരങ്ങളുമിതാ...

തങ്കു പൂച്ച വഴി മാസ് എൻട്രി
എന്റെ തങ്കു പൂച്ചേ... മിട്ടു പൂച്ചേ... ഇനി എല്ലാവരും ഒരുമിച്ചു നീട്ടി വിളിച്ചേ...തങ്കു പൂച്ചേ...’ ഓൺലൈൻ ക്ലാസിന്റെ ആദ്യ ദിവസം തന്നെ കുഞ്ഞു കൂട്ടുകാരുടെ മനസ്സിൽ കയറിക്കൂടിയ അധ്യാപിക സായി ശ്വേത. (സായി ശ്വേത, വിവിഎൽപി സ്കൂൾ, മുതുവടത്തൂർ, കോഴിക്കോട്)

കഴിഞ്ഞ വർഷമാണ് അധ്യാപികയായി ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓൺലൈനായി ക്ലാസെടുക്കാൻ അവസരം കിട്ടി. എല്ലാ കുട്ടികളുടെയും ശ്രദ്ധ നേടുന്ന രീതിയിലാണു ക്ലാസ് എടുക്കുന്നത്. ഒന്നാം ക്ലാസിലെ കുഞ്ഞു മക്കൾക്കു ഇങ്ങനെ പറഞ്ഞു കൊടുത്താലേ മനസ്സിൽ കയറു. അവരുടെ ഇഷ്ടത്തിനൊത്താണ് പഠിപ്പിക്കുന്നത്. സംസ്ഥാനത്തെ 'അധ്യാപകക്കൂട്ടം' വാട്സാപ് ഗ്രൂപ്പിലിട്ട കഥയുടെ വീഡിയോ ആണ് വിക്ടേഴ്സ് ചാനലിലെത്തിച്ചത്. വിഡിയോ പിന്നീട് അധ്യാപകക്കൂട്ടം ബ്ലോഗിലേക്കിട്ടു. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു അവസരം തെളിഞ്ഞത്. ടിക്ടോക് വിഡിയോകളൊക്കെ ചെയ്യാറുണ്ട്. പിന്നെ അത്യാവശ്യം ഡാൻസൊക്കെ ചെയ്യും. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അങ്ങനെ ക്ലാസ് എടുക്കാൻ ടിക്ടോക് വിഡിയോകൾ സഹായിച്ചു. അതു എല്ലാവർക്കും ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. "

കുട്ടികളെ മനസ്സിൽ വിചാരിച്ച്....
പ്ലസ്ടു ഇംഗ്ലിഷ് ക്ലാസുകളെപ്പറ്റി അധ്യാപകരായ എം.വി.അരൂജയും രതി എസ്.നായരും

എം.വി.അരൂജ, ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പൂവച്ചൽ, തിരുവനന്തപുരം

മൂന്ന് ദിവസം വീട്ടിലിരുന്നു സ്ക്രിപ്റ്റ് തയാറാക്കൽ, മൊബൈൽ ക്യാമറയ്ക്കു മുന്നിലെ റിഹേഴ്സൽ, ഒടുവിൽ ക്യാമറയ്ക്കു മുന്നിൽ 3 മണിക്കൂർ നേരത്തെ ഷൂട്ടിങ്. എല്ലാവരും ടിവിയിൽ കണ്ട അരമണിക്കൂർ പ്ലസ് ടു ഇംഗ്ലിഷ് ക്ലാസിനു പിന്നിലെ മുന്നൊരുക്കം ഇങ്ങനെ. രതി ടീച്ചറുമായി ചേർന്നു ക്ലാസ് എടുക്കാനുള്ള തീരുമാനത്തിനു പിന്നിൽ ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദം കാരണമായി.

വിദ്യാർഥികളോടുള്ള ചോദ്യങ്ങൾക്കു ശേഷം അവർക്കു പറയാനായി ചില ഗ്യാപ്പുകൾ നൽകിയത് മനഃപൂർവമായിരുന്നു. ഷൂട്ടിൽ ഞങ്ങൾ 2 അധ്യാപകർ മാത്രമല്ല, വിദ്യാർഥികളും ഒപ്പമുണ്ടെന്ന ബോധ്യം വേണമായിരുന്നു.വിദ്യാർഥികളല്ലാത്തവരും ക്ലാസുകൾ കാണുമെന്നതിനാൽ വിവാദങ്ങൾക്ക് ഇടകൊടുക്കാതെ കുറ്റമറ്റ രീതിയിൽ ക്ലാസ് അവതരിപ്പിക്കാൻ പ്രത്യേക ശ്രദ്ധയെടുത്തിരുന്നു.

രതി എസ്.നായർ, ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കളമശേരി‌, എറണാകുളം

പ്ലസ് ടു ക്ലാസായിരുന്നെങ്കിലും ട്രയൽ നോക്കി കുറവുകൾ പറഞ്ഞു തന്നത് എന്റെ മകളും ഏഴാം ക്ലാസുകാരിയുമായ ശ്രേഷ്ഠയാണ്. ഇതിനു ക്ഷണം വന്നപ്പോൾ തന്നെ സ്വയം തെളിയിക്കണമെന്ന വാശിയുണ്ടായിരുന്നു. കാരണം ഇതു പാളിയാൽ അധ്യാപക സമൂഹത്തിന്റെ മനോവീര്യം തകരുമല്ലോ. പല മനോഭാവമുള്ള ആളുകളാണു വിഡിയോ കാണുകയെന്ന ഓർമയും മനസിലുണ്ടായിരുന്നു. ചോദ്യോത്തരങ്ങളാണു ക്ലാസിന്റെ ശക്തി, എന്നാൽ വിദ്യാർഥികൾ മുന്നിലില്ലാത്തിനാൽ ചോദ്യങ്ങൾക്ക് അവരെന്തു മറുപടി നൽകുമെന്ന് ചിന്തിച്ച് അവർക്ക് പറയാൻ ഇടയ്ക്ക് അവസരമിട്ടുകൊടുത്താണ് ക്ലാസ് മുന്നേറിയത്.

പഠനപ്രവർത്തനങ്ങൾ മറക്കരുതേ...
പത്താം ക്ലാസിലെ സമാന്തര ശ്രേണി എന്ന പാഠഭാഗം മനോഹരമായി പഠിപ്പിച്ചു കയ്യടി വാങ്ങിയ കണക്ക് അധ്യാപകൻ ജെ.ബിജു (ജെ.ബിജു, ഗവ.എച്ച്എസ്എസ്, മാരായമുട്ടം, തിരുവനന്തപുരം)

നല്ല പ്രതികരണമായിരുന്നു ആദ്യ ക്ലാസിന്. കുട്ടികളുടെ പ്രതികരണത്തേക്കാൾ അമ്പരിപ്പിച്ചത് രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പ്രതികരണമാണ്. കണക്കിനെ പലരും പേടിയോടെ കാണുന്നതിനാൽ ആ പേടി ഒട്ടും വേണ്ടെന്ന തോന്നൽ കുട്ടികളിലും രക്ഷിതാക്കളിലുമൊക്കെ ഉണ്ടാക്കാ‍ൻ ഉദ്ദേശിച്ചു കൂടിയായിരുന്നു ക്ലാസെടുത്തത്. സമാന്തര ശ്രേണി എന്ന അധ്യായത്തിലെ കുറച്ചു കാര്യങ്ങളാണു ആദ്യ ക്ലാസിൽ പറഞ്ഞു കൊടുത്തത്. അതു ലളിതമായി, രസകരമായി പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. മനസ്സിലായ കാര്യങ്ങളൊക്കെ കൂട്ടുകാർ വീട്ടിലിരുന്നു ചെയ്തു നോക്കണം. ചെയ്തു പഠിച്ചാലേ കണക്കു പഠിക്കാനൊക്കൂ എന്നു മറക്കരുത്. സംശയം വല്ലതും വരികയാണെങ്കിൽ നിങ്ങളുടെ കണക്ക് ടീച്ചറെ വിളിക്കൂ. അല്ലെങ്കിൽ അവർക്ക് വാട്സാപ് ചെയ്യാം. അവർ തെറ്റു തിരുത്തി, എങ്ങനെ ശരിയുത്തരം കണ്ടെത്താം എന്നൊക്കെ പറഞ്ഞു തരും.

രക്ഷിതാക്കളും ഒപ്പമുണ്ടാവട്ടെ..
മൂന്നാം ക്ലാസിലെ മലയാളം ക്ലാസിനെപ്പറ്റി എൻ.എസ്. നൗഫൽ (എൻ.എസ്. നൗഫൽ, ഗവൺമെന്റ് എൽപി സ്കൂൾ, കിഴക്കനേല, തിരുവനന്തപുരം)

കചടതപയും ങഞണനമയും ഒക്കെ കൂട്ടുകാർ പാടി പഠിച്ചില്ലേ... ക്ലാസുകളുടെ ഇടയ്ക്കും അവസാനവും ഒക്കെ കൂട്ടുകാർക്കു ചെയ്യാനും പാടാനും ഒക്കെ ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുമല്ലോ... അതു ചെയ്യാൻ തയാറായി വേണം ക്ലാസ്സിലിരിക്കാൻ. പഠിക്കുന്നതിനാവശ്യമായ ബുക്ക്, പേന, പെൻസിൽ, ക്രയോൺസ്, വർണ പേപ്പറുകൾ, പഴയ പത്രക്കടലാസുകൾ ഇവയൊക്കെ അടുത്തു വേണം. എൽപി ക്ലാസിലെ കുട്ടികളോടൊപ്പം, കഴിയുന്നത്ര രക്ഷിതാക്കളും ക്ലാസിലിരുന്നു കേൾക്കണം. അതു കുട്ടിക്കു പിന്നീടു പറഞ്ഞു കൊടുക്കാനും അവരെ പ്രവർത്തനങ്ങൾ ചെയ്യിക്കാനും ഉപകരിക്കും.