പരിസ്ഥിതി സ്നേഹികളെ ഞെട്ടിച്ച ആ കല്ലുകൾ!
തയാറാക്കിയത്: നവീൻ മോഹൻ
ഹവായി ദ്വീപിലെ കമീലോ ബീച്ചിലൂടെ ഒരുദിവസം അങ്ങനെ നടക്കുകയായിരുന്നു ചാൾസ് മൂർ എന്ന സമുദ്രഗവേഷകൻ. തീരത്ത് എത്രമാത്രം പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിട്ടുണ്ടെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. തീരം നിറയെ പ്ലാസ്റ്റിക്കായിരുന്നു. അവയെല്ലാം പരിശോധിച്ചു മുന്നോട്ടു പോകുമ്പോഴാണ് ഒരു പ്രത്യേക തരം കറുത്ത കല്ല് ശ്രദ്ധയിൽപ്പെടുന്നത്. ‘ഇതെന്താണു സംഭവം’ എന്നും വിചാരിച്ച് നോക്കുമ്പോഴാണ് എന്തോ പ്രത്യേകതയുണ്ടെന്നു മനസ്സിലാകുന്നത്. ആ കല്ല് വെള്ളത്തിലിട്ടാൽ ചുമ്മാ പൊങ്ങിക്കിടക്കുന്നു! സത്യത്തിൽ പരിസ്ഥിതിസ്നേഹികളെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലായിരുന്നു അന്നു ചാൾസ് നടത്തിയത്. കമീലോ ബീച്ചിൽ നിന്നു കണ്ടെത്തിയത് വെറും കല്ലായിരുന്നില്ല, പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഒരു പുതിയ തരം വസ്തുവായിരുന്നു.
2006ലായിരുന്നു ഈ കണ്ടെത്തൽ. തൊട്ടുപിന്നാലെ ഡോ.പട്രിഷ്യ കോർകൊറൻ എന്ന ഗവേഷക നടത്തിയ തിരച്ചിലിലും ഈ കല്ലുകള്‍ ലഭിച്ചു. ഹവായിയിലെ 21 ബീച്ചുകളിൽ ഈ ‘പൊങ്ങുംകല്ലുകള്‍’ ഉണ്ടായിരുന്നു. ചിലതിന് ഒരു ചെറുചരൽക്കല്ലിന്റെ അത്രയും മാത്രമായിരുന്നു വലുപ്പം. ചിലതിനാകട്ടെ ഒരു പീസയുടെ വലുപ്പമുണ്ടായിരുന്നു. പല വലുപ്പത്തിലുള്ള 205 സാംപിളുകളാണ് പട്രീഷ്യ ശേഖരിച്ചത്. വിശദപരിശോധനയ്ക്കൊടുവിൽ ആ കല്ലിന് ഒരു പേരും നൽകി – പ്ലാസ്റ്റിഗ്ലോമറേറ്റ്. പേരുപോലെത്തന്നെ സംഗതി പ്ലാസ്റ്റിക്കിന്റെ മറ്റൊരു രൂപമായിരുന്നു.
ബ്രിട്ടണിലെ സമുദ്രതീരങ്ങളിലാണ് ഈ കല്ലുകൾ ധാരാളമായി കാണാൻ സാധിക്കുക. അവിടെ ബീച്ചുകളിൽ രാത്രി വിറകുകൂട്ടിയും ബാർബിക്യു തയാറാക്കിയുമെല്ലാം വൻ ആഘോഷമാണു പലപ്പോഴും. ഇതിനൊടുവിൽ ബാക്കി വരുന്ന പ്ലാസ്റ്റിക് കുപ്പിയും മറ്റും കത്തിച്ചു കളയുന്ന പതിവുണ്ട്. അങ്ങനെ ഉരുകിയൊലിക്കുന്ന പ്ലാസ്റ്റിക്കിൽ മണലും കടൽപ്പായലും ചരൽക്കല്ലുകളുമെല്ലാം ഒട്ടിപ്പിടിക്കും. അതു തീരത്ത് അടിഞ്ഞുകിടക്കും. തുടർച്ചയായി തിരമാലകള്‍ വന്ന് ആഞ്ഞടിക്കുന്നതോടെ ഈ ‘പ്ലാസ്റ്റിക് കല്ല്’ നല്ലപോലെ മിനുസപ്പെടും. ബീച്ചിലെ മറ്റു കല്ലുകളെപ്പോലെ രൂപപ്പെട്ട് അവയുടെ കൂട്ടത്തിൽ പ്ലാസ്റ്റിഗ്ലോമറേറ്റ് ഒളിച്ചിരിക്കുകയും ചെയ്യും. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും സാധിക്കില്ല. തൊട്ടുനോക്കിയാലാകട്ടെ കല്ലുപോലും തോൽക്കുന്ന കാഠിന്യവും!
ബീച്ചിലെത്തുന്ന ജനങ്ങൾക്ക് ഇത്തരം കല്ലുകളെപ്പറ്റി കാര്യമായ ധാരണയുമില്ല. അതിനാൽത്തന്നെ അവർ ബീച്ചിലെ പ്ലാസ്റ്റിക് കത്തിക്കൽ തുടരുകയുമാണ്. ഒരിക്കലും ദ്രവിക്കില്ല എന്നതാണ് പ്ലാസ്റ്റിഗ്ലോമറേറ്റുകളുടെ പ്രത്യേകത. പക്ഷേ അവ പൊടിഞ്ഞുപോയി ജലജീവികളുടെ ശരീരത്തിലെത്തും. അതുവഴി പ്ലാസ്റ്റിക് പൊടി മനുഷ്യന്റെ ശരീരത്തിലും. ബ്രിട്ടണിലും ഹവായിയിലും പലയിടത്തും ഇത്തരം കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ എണ്ണം കൂടിവരുന്നതും പരിസ്ഥിതി സ്നേഹികളെ ആശങ്കാകുലരാക്കുന്നു.
ഹവായിയില്‍ ഇത്തരം കല്ലുകൾ കൂടുന്നതിനു കാരണമായി പറയുന്നത് അഗ്നിപർവത സ്ഫോടനങ്ങളാണ്. പുറത്തേക്കൊഴുകുന്ന ലാവയുടെ ചൂടിൽ പ്ലാസ്റ്റിക് ഉരുകി മണ്ണും മറ്റും അതിനോടു ചേർന്നാണ് പ്ലാസ്റ്റിഗ്ലോമറേറ്റ് രൂപപ്പെടുന്നത്. കാട്ടു തീ വഴിയും ഇവ രൂപപ്പെടുന്നുണ്ട്. എത്രകാലം വേണമെങ്കിലും മണ്ണിന്നടിയിൽ യാതൊരു കുഴപ്പവുമില്ലാതെ കിടക്കുമെന്ന പ്രത്യേകതയും പ്ലാസ്റ്റിഗ്ലോമറേറ്റുകൾക്കുണ്ട്. ഇവയിൽ നിന്നു രക്ഷപ്പെടാൻ മാത്രമല്ല, ഇവ രൂപപ്പെടാതിരിക്കാനും മനുഷ്യനെക്കൊണ്ടു മാത്രമേ സാധിക്കൂ– പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക എന്ന ഒറ്റ വഴികൊണ്ടു മാത്രം!