കാടു പിടിച്ചൊരു ഫുട്ബോൾ ഗ്രൗണ്ട്!
നവീൻ മോഹൻ
ഓണത്തിനു പാടത്തും തൊടിയിലുമൊക്കെ ചുറ്റിയടിച്ച് പൂക്കൾ പറിച്ചിരുന്ന കാലമൊക്കെ പോയ മട്ടാണ്. ഇപ്പോള്‍ ടൗണിലേക്കൊന്നിറങ്ങിയാൽ മതി, കാശു കൊടുത്താൽ ഏതു നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കൾ റെഡി.
അതും അയൽ സംസ്ഥാനങ്ങളിൽ നിന്നു വന്ന പൂക്കൾ. പൂക്കൾ മാത്രമല്ല കാടും പതിയെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അക്കാര്യം വ്യക്തമാക്കാൻ ഓസ്ട്രിയയിൽ ഒരുക്കിയ ഒരു ഇൻസ്റ്റലേഷൻ ഇപ്പോൾ ചർച്ചാവിഷയമാണ്.
കാലാവസ്ഥാ വ്യതിയാനത്തിനും വനനശീകരണത്തിനും എതിരെയാണ് ക്ലോസ് ലിറ്റ്മാൻ എന്ന സ്വിസ് ആർടിസ്റ്റ് ഇൻസ്റ്റലേഷൻ തയാറാക്കിയത്. അതിനദ്ദേഹം സ്വീകരിച്ച രീതിയും വ്യത്യസ്തമാണ്.
2008ൽ യൂറോകപ്പ് ഫുട്ബോൾ വരെ നടന്നിട്ടുള്ള ഓസ്ട്രേലിയയിലെ ക്ലാഗൻഫുർട്ടിലുള്ള വോർട്ടസി എന്ന സ്റ്റേഡിയത്തിൽ നിറയെ മരങ്ങൾ വച്ചുപിടിപ്പിച്ചു. വോർട്ടസി എന്ന തടാകത്തിനു സമീപമായതു കൊണ്ടായിരുന്നു സ്റ്റേഡിയത്തിന് ആ പേരിട്ടത്.
ഫുട്ബോൾ സ്റ്റേഡിയവും ഗംഭീരമാണ്. ഏകദേശം 32,000 പേർക്കിരിക്കാവുന്ന ഗാലറിയുണ്ട്. അതിനു നടുവിലെ ഗ്രൗണ്ടിലാണ് ഏകദേശം 300 മരങ്ങൾ ലിറ്റ്മാൻ വച്ചുപിടിപ്പിച്ചത്. സ്റ്റേഡിയം കിളച്ചുമറിച്ചിട്ടൊന്നുമല്ല, അവിടേക്കു മരങ്ങൾ മൊത്തമായി കൊണ്ടുവന്നു പ്രത്യേക രീതിയിൽ മണ്ണിട്ടു നട്ടുപിടിപ്പിക്കുകയായിരുന്നു. ഓസ്ട്രിയൻ ആർടിസ്റ്റായ മാക്സ് പെയിന്റ്നർ 30 വർഷം മുൻപ് വരച്ച ഒരു ചിത്രമാണ് ലിറ്റ്മാന്റെ ഇൻസ്റ്റലേഷനു പ്രചോദനമായത്. വില്ലോ, മേപ്പിൾ, ഓക്ക് തുടങ്ങി പലതരം മരങ്ങളുണ്ട് മൈതാനത്ത്. ഒക്ടോബർ 27 വരെ പൊതുജനങ്ങൾക്കു സൗജന്യമായി ഈ ‘കാട്ടുസ്റ്റേഡിയം’ കാണാം. അതുകഴിഞ്ഞാൽ സമീപത്തെ മറ്റൊരിടത്തേക്ക് ഈ കാട് പൊക്കിയെടുത്തുകൊണ്ടു പോയി അവിടെ സ്ഥിരമായി സ്ഥാപിക്കും. ‘കാടിനു വേണ്ടി’ എന്നാണ് ഇൻസ്റ്റലേഷനു നൽകിയിരിക്കുന്ന പേര്.
കാട് നട്ടുപിടിപ്പിക്കാൻ സ്റ്റേഡിയം തിരഞ്ഞെടുക്കാനുമുണ്ട് കാരണം. സാധാരണ നമ്മളെന്തിനാണ് സ്റ്റേഡിയത്തിൽ പോകുന്നത്? കാശു കൊടുത്ത് ടിക്കറ്റെടുത്ത് ക്രിക്കറ്റും ഫുട്ബോളുമൊക്കെ കാണാനല്ലേ?
അതുപോലെത്തന്നെ വൈകാതെ കാടുകളെയും ടിക്കറ്റെടുത്ത് കാണേണ്ടി വരുമെന്നാണു ലിറ്റ്മാന്‍ വ്യക്തമാക്കുന്നത്. കാട്ടുമൃഗങ്ങളെ കാണാൻ മൃഗശാലയിലേക്കു പോകുന്നതു പോലെ അധികം വൈകാതെ കാടു കാണാൻ സ്റ്റേഡിയത്തിലേക്കു പോകേണ്ടി വരുമെന്നു ചുരുക്കം.
സ്റ്റേഡിയത്തിലെ സീറ്റുകൾക്കും കോൺക്രീറ്റിനും ഫ്ലഡ്‌ലൈറ്റുകൾക്കും ഗ്ലാസ് ജനാലകൾക്കുമിടയിലൂടെ കാട് കാണുന്നതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ക്കു മനസ്സിലാക്കാൻ കൂടിയാണ് ലിറ്റ്മാന്റെ ശ്രമം. ഓസ്ട്രിയയിൽ ഇന്നുവരെയുണ്ടാക്കിയതിൽ വച്ച് ഏറ്റവും വലിയ ആർട് ഇൻസ്റ്റലേഷൻ കൂടിയാണിത്. ഓസ്ട്രിയ ക്ലാഗൻഫുർട്ട് എന്ന ഫുട്ബോൾ ടീമിന്റെ ഹോം ഗ്രൗണ്ടാണ് ഇപ്പോൾ ‘കാടുപിടിച്ചു’ കിടക്കുന്നത്. ലക്ഷ്യം പരിസ്ഥിതി സംരക്ഷണമായതു കൊണ്ട് ടീം അംഗങ്ങൾ തൽക്കാലത്തേക്കു പരിശീലനം സമീപത്തുള്ള മറ്റൊരു സ്റ്റേഡിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.