തടാകത്തിലെ വെള്ളം താഴാൻ കാത്തിരുന്നു അവർ; ആ പടുകൂറ്റൻ ‘ജീവിയെ’ കണ്ടെടുക്കാൻ!
ഇറ്റലിയിലെ സാൻ ജുലിയാനോ തടാകത്തിനോടു ചേർന്നു പര്യവേഷണത്തിലായിരുന്നു പുരാവസ്തു ഗവേഷകർ. അതിനിടെ നിർണായകമായ ഒരു കണ്ടെത്തൽ നടത്തി അവർ. പക്ഷേ പെട്ടെന്നൊന്നും ആ കണ്ടെത്തലിനെ ‘പിടിച്ചെടുക്കാൻ’ സാധിക്കില്ല. കുറച്ചു കാത്തിരിക്കണം. കൃത്യമായിപ്പറഞ്ഞാൽ തടാകത്തിലെ വെള്ളം അൽപം കൂടി താഴണം. എന്തായാലും കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ 2006നും 2008നും ഇടയ്ക്ക് ഗവേഷകരെല്ലാം ചേർന്ന് തടാകത്തിലെ ഒരു പ്രത്യേക ഭാഗം കെട്ടിത്തിരിച്ച് കണ്ടെത്തിയെടുത്തു ആ ‘ഭീമനെ’– ഒരു നീലത്തിമിംഗലത്തിന്റെ ഫോസിൽ.
ലോകത്തിൽ ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ ദിനോസർ ഫോസിലിനേക്കാൾ വലുപ്പമുണ്ടായിരുന്നു അതിന്. വംശനാശം വന്ന ജീവികളുടെ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഫോസിലുമായിരുന്നു അത്. തിമിംഗലത്തിന്റെ ഫോസിൽ പൂർണമായി കണ്ടെത്താനായിട്ടില്ല. എന്നാൽ അതിന്റെ തലയോട്ടി ലഭിച്ചു. വാരിയെല്ലും നട്ടെല്ലും ഉൾപ്പെടെയുള്ള ഭാഗങ്ങളും. വാരിയെല്ലിന് ഒൻപതടി വരെയുണ്ടായിരുന്നു നീളം. ഈ എല്ലുകൾ ഇന്നത്തെ കാലത്തുള്ള നീലത്തിമിംഗലങ്ങളുടെ വലുപ്പവുമായി താരതമ്യം ചെയ്താണ് ഇതിന്റെയും വലുപ്പവും നിർണയിച്ചത്. ഏകദേശം 85 അടിയുണ്ടായിരുന്നു നീളം. 130 മുതൽ 150 ടൺ വരെ ഭാരവും. അതായത്, ഏകദേശം 30 ആനകളുടെ ഭാരം!
സാൻ ജുലിയാനോ തടാകത്തിൽ നിന്നു കണ്ടെത്തിയതിനാൽ ഇതിന് ആ തടാകത്തിന്റെ പേരു തന്നെ കൊടുത്തു ഗവേഷകർ– ജുലിയാന. ഏകദേശം 15 ലക്ഷം വർഷം പഴക്കമുള്ളതായിരുന്നു ഫോസിൽ. അതോടെ തിമിംഗലങ്ങളുടെ ജീവചരിത്രത്തിൽ ഒരു പുതിയ കണ്ടെത്തലും കൂടിയായി. കരുതിയിരുന്നതിലും വളരെ നേരത്തേ തന്നെ ഭൂമിയിൽ പടുകൂറ്റൻ തിമിംഗലങ്ങളുണ്ടായിരുന്നു എന്നതായിരുന്നു അത്. നീലത്തിമിംഗലം ഉൾപ്പെടെയുള്ള കൂറ്റൻ തിമിംഗലങ്ങളെ ‘ബലീൻ’ വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ബലീൻ തിമിംഗലങ്ങളിൽപ്പെട്ട 15 ഇനങ്ങൾ 25 ലക്ഷം വർഷം മുൻപ് പെട്ടെന്ന് വൻതോതിൽ വളരാൻ തുടങ്ങിയെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
5–6 മീറ്ററൊക്കെ നീളമുണ്ടായിരുന്ന തിമിംഗലങ്ങൾ ഒറ്റയടിക്ക് 10–15 മീറ്ററിലേക്കു വളരുകയായിരുന്നു. നീലത്തിമിംഗലങ്ങളാകട്ടെ 30 മീറ്റര്‍ വരെ നീളത്തിലേക്കും. എന്തായിരിക്കും ഇതിനു കാരണം? അക്കാലത്ത് ഭൂമിയിൽ ചില ഭാഗത്ത് കാലാവസ്ഥ പെട്ടെന്നങ്ങോട്ടു മാറിയെന്നാണു പറയുന്നത്. അതോടെ സമുദ്രത്തിൽ ചില ഭാഗത്ത് വൻ തോതിൽ ഭക്ഷണം ലഭ്യമായി. എത്ര തിന്നാലും മതിവരാത്ത കടലിലെ വമ്പന്മാരായ തിമിംഗലങ്ങളാകട്ടെ ചറപറ തീറ്റയും തുടങ്ങി. പിന്നെ വലുപ്പം വച്ചില്ലെങ്കിലല്ലേയുള്ളൂ അദ്ഭുതം. പുതിയ കണ്ടെത്തൽ പ്രകാരം ഒരു കോടി വർഷം മുൻപേ തിമിംഗലങ്ങൾ തടിമാടന്മാരായി മാറിയെന്നാണ്. അത്തരമൊരു നിഗമനത്തിലെത്താൻ കാരണമായതാകട്ടെ ജുലിയാനയുടെ വലുപ്പവും.
15 ലക്ഷം വർഷങ്ങൾക്കു മുന്‍പ് ഇത്രയും വലിയ നീലത്തിമിംഗലം ഭൂമിയിലുണ്ടായിരുന്നെങ്കിൽ അതിനു പെട്ടെന്നൊന്നും ആ വലുപ്പത്തിലേക്ക് എത്താനാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. ചുരുങ്ങിയത് 85 ലക്ഷം വർഷമെങ്കിലും വേണം. അതോടെ ഇനി ഗവേഷകരുടെ പഠനം ആ വഴിക്കാണ്. അതിനു വേണ്ടി തടാകത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണിവർ. ഇന്ന് ഭൂമിയിലെ ഏറ്റവും വലിയ ജീവികളാണ് നീലത്തിമിംഗലങ്ങൾ. പക്ഷേ വേട്ടയാടൽ കാരണം ഇവയിൽ ഭൂരിപക്ഷവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ ഏകദേശം 25,000 എണ്ണമേ ഭൂമിയിലിന്നുള്ളൂ. അവയുടെ സംരക്ഷണത്തിനു കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത കൂടി ചൂണ്ടിക്കാണിക്കുന്നു ഈ പഠനം. വിശദമായ പഠനം റോയൽ സൊസൈറ്റി ജേണലായ ബയോളജി ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.