തടാകത്തിലെ രാക്ഷസ ജീവി; ഗവേഷകർക്കു ലഭിച്ചോ ഞെട്ടിക്കുന്ന ഡിഎൻഎ തെളിവ്?, Fossil, Loch Ness, Sea dinosaur, Padhippura, Manorama Online

തടാകത്തിലെ രാക്ഷസ ജീവി; ഗവേഷകർക്കു ലഭിച്ചോ ഞെട്ടിക്കുന്ന ഡിഎൻഎ തെളിവ്?

കൂട്ടുകാർ ദിനോസറുകളെ കണ്ടിട്ടുണ്ടോ? സിനിമയിൽ കണ്ടിട്ടുണ്ടാകും അല്ലേ? പക്ഷേ സ്കോട്‌ലൻഡിലുള്ള ചിലരോടു ചോദിച്ചാൽ അവർ പറയും ദിനോസറിനെ കണ്ടിട്ടുണ്ടെന്ന്. സ്കോട്‌ലൻഡിലെത്തുന്നവര്‍ക്കു മാത്രം കാണാൻ സാധിക്കുന്ന ആ ദിനോസറിന്റെ പേരാണ് നെസി. അവിടത്തെ പ്രശസ്തമായ ലോക് നെസ് തടാകത്തിലാണ് നെസിയുടെ വാസം. പക്ഷേ എല്ലാവർക്കൊന്നും ഈ കഴുത്തു നീണ്ട ഭീമൻ ജീവിയെ കാണാനാകില്ല. വളരെ അപൂർവമായേ ഇവ തടാകത്തിന്റെ അടിത്തട്ടിൽ നിന്നു മുകളിലേക്കു വരൂ. തടാകത്തിനാണെങ്കിൽ ചില ഭാഗങ്ങളിൽ 200 മീറ്റർ വരെയാണ് ആഴം. വെള്ളത്തിലേക്ക് ക്യാമറകളിറക്കി പരിശോധിച്ചപ്പോൾ പോലും ലോക് നെസിലെ ഈ ‘രാക്ഷസനെ’ കണ്ടെത്താനായിട്ടില്ല. അതിനാൽത്തന്നെ ഇന്നും സ്കോട്‌ലൻഡിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് നെസി. എല്ലാവരും നെസിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് എത്തുന്നതു തന്നെ.

പലപ്പോഴായി തടാകത്തിൽ നിന്നു ലഭിച്ചിട്ടുള്ള അവ്യക്ത ചിത്രങ്ങളും ഫോട്ടോകളും ശബ്ദശകലങ്ങളുമൊക്കെയാണ് ആകെക്കൂടി നെസി ഉണ്ടെന്നതിനുള്ള തെളിവ്. പിന്നെ ആയിരക്കണക്കിനു പേരുടെ അനുഭവങ്ങളും. ആറാം നൂറ്റാണ്ടിലെ ഒരു ഐറിഷ് സന്യാസി മുതൽ 2017 മേയിലിറങ്ങിയ ഒരു യൂട്യൂബ് വിഡിയോ വരെ നെസിയെ കണ്ടതിന്റെ വിവരം നൽകിയിട്ടുണ്ട്. സര്‍ക്കാർ ഇടപെട്ട് അത്യാധുനിക ഉപകരണങ്ങളുമായി തടാകം അരിച്ചു പെറുക്കിയിട്ടു പോലും ഇതുവരെ ലോക് നെസ് മോൺസ്റ്ററെന്ന നെസിയെ കണ്ടെത്താനായിട്ടില്ല. പക്ഷേ ഏറ്റവും ഒടുവിൽ നടത്തിയ പരീക്ഷണം ഫലം കണ്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂസീലൻഡിൽ നിന്നുള്ള പ്രഫ. നീൽ ഗെമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2018 ജൂണിൽ നെസിയെ തേടി വ്യത്യസ്തമായ ഒരു ഗവേഷണപരിപാടി ആവിഷ്കരിച്ചത്.

എൻവയോണ്മെന്റൽ ഡിഎൻഎ അഥവാ ഇഡിഎൻഎ സാംപ്ലിങ് എന്നായിരുന്നു പദ്ധതിയുടെ പേര്. നെസിയുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി തടാകത്തിലിറങ്ങി അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ഇവരുടെ തിയറി. മറിച്ച് തടാകത്തിലെ വെള്ളം മാത്രം മതി. വെള്ളത്തിലുള്ള തൊലിയുടെ അംശം, ശൽക്കങ്ങള്‍, തൂവലുകള്‍, രോമം, കാഷ്ഠം ഇവയൊക്കെ തരംതിരിച്ചു പരിശോധിക്കുന്നതാണ് രീതി. ഇതുവഴി തടാകത്തിലെ ഓരോ ജീവിയുടെയും ഡിഎൻഎ വിശകലനം ചെയ്യാം. നേരത്തേ തന്നെ പലതരം ജീവികളുടെ ഡിഎൻഎ അനാലിസിസ് നടത്തി പലയിടത്തും ശേഖരിച്ചു വച്ചിട്ടുണ്ട്. വെള്ളത്തിൽ നിന്നു ലഭിച്ചവയുടെ ഡിഎൻഎ റിപ്പോർട്ട് ഇവയുമായി താരതമ്യം ചെയ്തു നോക്കിയാൽ മതി. ഏതെങ്കിലുമൊക്കെ ചേരാതെ വന്നാൽ ഉറപ്പിക്കാം തടാകത്തിനടിയിലൊരു അജ്ഞാത ജീവി, അല്ലെങ്കിൽപുതിയ തരം ജീവികളുണ്ട്!

ഓസ്ട്രേലിയ, ഡെന്മാർക്ക്, ഫ്രാൻസ്, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് വെള്ളത്തിന്റെ സാംപിളുകളയച്ചായിരുന്നു പരിശോധന. ഇഡിഎൻഎ സാംപ്ലിങ് വഴി കഴിഞ്ഞ വർഷം മാത്രം ആറു പുതിയ തരം സ്രാവുകളെയാണ് പസിഫിക് സമുദ്രത്തിൽ നിന്നു കണ്ടെത്താനായത്. ഈ രീതി ഉപയോഗിച്ച് ഇതിനോടകം 15 തരം മത്സ്യങ്ങളെയും 3000 തരം ബാക്ടീരിയങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ലോക് നെസ് തടാകത്തിൽ നിന്നുള്ള ഫലം 2019 ജൂണിൽ വരുമെന്നായിരുന്നു കരുതിയിരുന്നത്. അപ്പോഴാണ് പ്രഫ. ഗെമ്മലിന്റെ ഒരു പ്രസ്താവന–ചില കണ്ടെത്തലുകൾ വീണ്ടും പരിശോധിക്കേണ്ടതുണ്ട്. തടാകത്തിലെ ഭീകരനെപ്പറ്റിയുള്ള വിവരം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെസിയുമായി ബന്ധപ്പെട്ടുള്ള ഏതാണ്ടെല്ലാം തിയറികളും ഗെമ്മലും സംഘവും പരിശോധിച്ചിരുന്നു. അതിൽ ഒരെണ്ണം തെളിയിക്കാൻ തക്കതായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഗവേഷണം ആരംഭിക്കുമ്പോൾ നെസിയിൽ തനിക്കു വിശ്വാസമില്ലെന്നു പറഞ്ഞിരുന്ന പ്രഫസർ ഇപ്പോൾ പറയുന്നത് ലോക് നെസ് മോൺസ്റ്ററെപ്പറ്റിയുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ്. അതിനാൽത്തന്നെ സംശയം ഉറപ്പിക്കാനായി ഗവേഷകരെല്ലാം വീണ്ടും വീണ്ടും തെളിവുകൾ പരിശോധിക്കുകയാണ്.

നിലവിൽ ശാസ്ത്രലോകം കരുതുന്നത് ഭീമൻ ക്യാറ്റ് ഫിഷിനെയായിരിക്കും ജനം നെസിയായി തെറ്റിദ്ധരിക്കുന്നതെന്നാണ്. അല്ലെങ്കിൽ ജുറാസിക് കാലത്തു ജീവിച്ചിരുന്ന നീണ്ട കഴുത്തുള്ള പ്ലെസിയോസോറുകളായിരിക്കും. അവയാകട്ടെ 6.5 കോടി വർഷം മുൻപ് വംശനാശം സംഭവിച്ചു പോയതുമാണ്. 1930കളിലാണ് ഏറ്റവുമധികം പേർ നെസിയെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. ആ സമയത്താണ് ലോകത്തിന്റെ പല ഭാഗത്തും ദിനോസർ ഫോസിലുകൾ വ്യാപകമായി കണ്ടെത്തിയതും. അതിന്റെ ‘ഇല്യൂഷനില്‍’ പലർക്കും ലോക് നെസിലും ദിനോസറുണ്ടെന്നു തോന്നിയതാകാമെന്നും പറയപ്പെടുന്നു. എന്തായാലും സെപ്റ്റംബർ ആദ്യവാരത്തോടെ ലോക് നെസ് തടാകത്തിലെ അദ്ഭുതങ്ങളുടെ പട്ടിക പുറത്തു വിടുമെന്ന് ഗെമ്മൽ അറിയിച്ചിട്ടുണ്ട്. കാത്തിരിക്കുക തന്നെ!