പറന്നുവന്ന് ദിനോസറുകളെ കൊന്നുതിന്നും; കണ്ടെത്തി രാക്ഷസപ്പക്ഷിയെ!
ഏകദേശം 100–120 കിലോയാണ് ഒരു ഒട്ടകപ്പക്ഷിയുടെ ഭാരം. പക്ഷേ അവയ്ക്കു പറക്കാനാകില്ലെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ അല്ലേ?. ഒട്ടകപ്പക്ഷിയുടെ മൂന്നിരട്ടിയോളം വലുപ്പമുള്ള ഒരുപക്ഷി പറന്നുവന്നു മുന്നിൽ നിന്നാൽ ആരായാലും അന്തംവിട്ടു പോകും. ഏകദേശം 12.5 കോടി വർഷം മുൻപ് ഭൂമിയിലുണ്ടായിരുന്നു അത്തരമൊരു ജീവി. ടെറോസർ വിഭാഗത്തിൽപ്പെട്ട ഹാറ്റ്സിഗോടെറിക്സ് എന്ന പക്ഷിയുടെ ഫോസിൽ ഇംഗ്ലണ്ടിന്റെ തെക്കുള്ള ഐൽ ഓഫ് വൈറ്റ് എന്ന ദ്വീപിൽ നിന്നാണു കണ്ടെത്തിയത്. പലതരത്തിലുള്ള ഫോസിലുകൾ കണ്ടെത്തി ശ്രദ്ധേയനായ വിദഗ്ധൻ റോബർട്ട് കോറമാണ് പാറക്കെട്ടുകളില്‍ ‘ഒളിച്ചിരുന്ന’ ഫോസിൽ കണ്ടെടുത്തത്.
ഫോസിൽ വിശദമായി പരിശോധിച്ചതോടെ ഈ രാക്ഷസപ്പക്ഷിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നു. ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ, പറക്കുന്ന ഏറ്റവും വലിയ ജീവികളിലൊന്നായാണ് ഗവേഷകർ ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇവയ്ക്ക് ഏകദേശം 300 കിലോയുണ്ടായിരുന്നു ഭാരം, ചിറകു വിടർത്തി നിന്നാലാകട്ടെ ഏകദേശം 20 അടി നീളം വരും. ഇത്രയും വലുപ്പമുള്ളതിനാൽത്തന്നെ ഇവയുടെ ഭക്ഷണം എന്താണെന്ന് ആർക്കായാലും സംശയം തോന്നിയേക്കാം. ഒട്ടും സംശയം വേണ്ട, ദിനോസറുകൾ തന്നെ. നീണ്ടു കൂർത്ത കൊക്കുകൾ ഉപയോഗിച്ച് ദിനോസറുകളെ കൊത്തിയെടുത്തു കൊന്നു തിന്നുകയായിരുന്നു ഇവയുടെ രീതിയെന്നു ഗവേഷകർ പറയുന്നു.
ബാരിമിയൻ കാലഘട്ടം എന്നറിയപ്പെടുന്ന സമയത്തായിരുന്നു ഈ പക്ഷി ജീവിച്ചിരുന്നതത്. കൂട്ടുകാർക്കറിയാമോ, 12.5 മുതൽ 12.9 കോടി വർഷം മുൻപത്തെ കാലത്തെയാണ് ബാരിമിയൻ എന്നു വിളിക്കുന്നത്. വമ്പൻ ദിനോസർ പക്ഷികളുടെ ഫോസിൽ ചൈനയിലും നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം രാക്ഷസപ്പക്ഷികളുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും ഗവേഷകർ പറയുന്നു. പേരിൽ സാമ്യമുണ്ടെങ്കിലും ടെറോസറുകളും ദിനോസറുകളും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നട്ടെല്ലുള്ള ജീവികളിൽ ലോകത്ത് ഏറ്റവുമാദ്യം പറന്നത് ഇവയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം 22.8 കോടി വർഷം മുൻപാണ് ഇവ ഭൂമിയിൽ രൂപപ്പെടുന്നത്. പിന്നീട് 16 കോടി വർഷത്തോളം പല രൂപങ്ങളിൽ ഇവ ആകാശവും ഭൂമിയും അടക്കി വാണു. കുഞ്ഞൻ കുരുവികളോളം പോന്ന ടെറോസറുകളും ഹാറ്റ്സിഗോടെറിക്സിനെപ്പോലുള്ള വമ്പന്മാരും ഇതിൽ ഉൾപ്പെടും. ടെറോസറുകളുടെ ഫോസിലുകള്‍ ലഭിച്ചിരുന്നെങ്കിലും ഇവ പറക്കുമോയെന്ന കാര്യത്തിൽ ഗവേഷകർക്കു സംശയമായിരുന്നു. ഇത്രയേറെ ഭാരവുമായി എങ്ങനെ ഉയർന്നു പൊങ്ങാനാകുമെന്നായിരുന്നു സംശയം. എന്നാൽ ഫോസിലുകളിൽ നിന്നു തയാറാക്കിയ പക്ഷികളുടെ കംപ്യൂട്ടർ ത്രീഡി മോഡലുകൾ ആ സംശയം തീര്‍ത്തു.
വമ്പൻ കാലുകൾക്കൊപ്പം ചിറകുകളിലെ പേശികളുമാണ് പറന്നുയരാൻ ഇവയെ സഹായിച്ചത്. തൂവലിനു പകരം വവ്വാലുകളുടേതിനു സമാനമായ ചിറകുകളായിരുന്നു ഇവയ്ക്ക്. ഇതാകട്ടെ ശരീരത്തിനു ഭാരമുണ്ടെങ്കിലും കൂടുതൽ വേഗത്തിൽ പറക്കാനും സഹായിച്ചു. ക്വറ്റ്സാൽകോട്‌ലസ് എന്ന പേരിലുള്ള മറ്റൊരു ടെറോസറുമുണ്ട്. അവ ചിറകുവിരിച്ചാൽ ഏകദേശം 30 അടി വരെയുണ്ടായിരുന്നു നീളം. ഇവയുടേതെന്നു കരുതുന്ന ഒരു പക്ഷിയുടെ ഫോസിൽ 30 വർഷം മുൻപു കണ്ടെത്തിയിരുന്നു. പക്ഷേ സൂക്ഷ്മ പരിശോധനയിൽ ആ ഫോസിൽ ക്രയോഡ്രാക്കൻ ബോറിയാസ് എന്നറിയപ്പെടുന്ന മറ്റൊരു തരം ടെറോസറിന്റെയാണെന്നു തെളിഞ്ഞു. പലതരം രാക്ഷസപ്പക്ഷികളെപ്പറ്റിയുള്ള വിവരങ്ങൾ ഇനിയുമേറെ പുറത്തുവരാനുണ്ടെന്നു ചുരുക്കം.