ഏതുനിമിഷവും പൊട്ടിത്തെറിക്കാനൊരുങ്ങി സൗരയൂഥത്തിലെ ഏറ്റവും സജീവ അഗ്നിപർവതം!
ഭൂമിയിൽ ഒരു അഗ്നിപർവതം എവിടെയെങ്കിലും പൊട്ടിയാൽ മതി, ആകെ മൊത്തം ആശങ്കയാണ്. പക്ഷേ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതങ്ങൾ നിറഞ്ഞ ഒരു ഗ്രഹമാണെങ്കിലോ? സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയിലാണ് അത്തരമൊരു അവസ്ഥ. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ സജീവ അഗ്നിപർവതങ്ങളുള്ള ഉപഗ്രഹമാണ് ഇയോ. അവിടെ ഒരു ഗംഭീര പൊട്ടിത്തെറി നടക്കാൻ പോവുകയാണ്. ഇയോയിലെ ഏറ്റവും വലിയ അഗ്നിപർവതമായ ലോക്കിയാണു പൊട്ടിത്തെറിക്കാനൊരുങ്ങുന്നത്. സെപ്റ്റംബർ 24നകം എപ്പോൾ വേണമെങ്കിലും ആ പൊട്ടിത്തെറി നടക്കാം. അതിനാൽത്തന്നെ ഭൂമിയിലെ ഗവേഷകർ ടെലിസ്കോപ്പുമായി കണ്ണും തുറന്നിരിക്കുകയാണ്.
ഇയോയെപ്പറ്റിയും അവിടുത്തെ അഗ്നിപർവതങ്ങളുടെ സ്വഭാവത്തെപ്പറ്റിയും വളരെ കൃത്യമായി അറിയാനുള്ള അവസരം കൂടിയാണ് ഇതുവഴി ഒരുങ്ങുന്നത്. ഇതെങ്ങനെയാണ് ഇത്രയും കൃത്യമായി ഈ അഗ്നിപർവത സ്ഫോടനത്തെപ്പറ്റി ഗവേഷകർ അറിഞ്ഞതെന്നല്ലേ? ഇത്രയും കാലത്തെ നിരീക്ഷണത്തിലൂടെയാണ് അതു സാധ്യമായത്. 540 ദിവസം കൂടുമ്പോൾ ഈ കൂറ്റൻ അഗ്നിപർവതം പൊട്ടിത്തെറിക്കുമെന്നാണു വിലയിരുത്തൽ. വർഷങ്ങളോളം ലോക്കിയെ നിരീക്ഷിച്ച ഗവേഷകയാണ് യുഎസിലെ പ്ലാനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂലി റത്ത്ബൺ. 1988 മുതൽ 2000 വരെ തുടർച്ചയായി അവർ ലോക്കിയിലെ മാറ്റങ്ങളെപ്പറ്റി പഠിച്ചു. 2002ൽ ഒരു പഠനറിപ്പോർട്ടും പുറത്തുവിട്ടു.
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് വെളിച്ചത്തിൽ കുളിച്ച അവസ്ഥയിലായിരിക്കും ലോക്കിയെന്നാണു ജൂലി പറയുന്നത്. 230 ദിവസത്തോളം ഇതു തുടരും. പിന്നീട് വീണ്ടും ലാവാപ്രവാഹം നിലച്ച് ഇരുട്ടിലേക്കാണ്ടു പോകും. ഈ പ്രക്രിയ കൃത്യമായ ഇടവേളകളിൽ തുടരുന്നുണ്ട്. 2001 വരെ ഇതു കൃത്യമായിരുന്നെങ്കിലും പിന്നീട് 12 വർഷത്തേക്ക് ലോക്കിക്ക് അനക്കമൊന്നുമുണ്ടായിരുന്നില്ല. 2013ല്‍ ലോക്കി വീണ്ടും സജീവമായി. പക്ഷേ 475 ദിവസത്തെ ഇടവേളയിലൊരിക്കല്‍ എന്ന നിലയിലേക്കു താഴ്ന്നെന്നു മാത്രം. പിന്നിട് ഇതു വരെ 475 ദിവസത്തെ ഇടവേളകളിലായിരുന്നു ലോക്കിയുടെ പൊട്ടിത്തെറി. അങ്ങനെയാണ് ഈ വർഷം ലോക്കി പൊട്ടിത്തെറിക്കുന്ന ദിവസവും ഗവേഷകർ കണക്കു കൂട്ടിയെടുത്തത്. 2001നും ശേഷം കുറേക്കാലം ലോക്കിക്ക് എന്തു സംഭവിച്ചുവെന്നത് ഇപ്പോഴും ഗവേഷകർക്ക് അജ്ഞാതമായ കാര്യമാണ്.
പക്ഷേ 2018 മേയിൽ ലോക്കി പൊട്ടിത്തെറിക്കുമെന്ന ഗവേഷകരുടെ പ്രവചനം സത്യമായിരുന്നു. ചുട്ടുപഴുത്ത ലാവ നിറഞ്ഞ ഒരു തടാകമായിട്ടാണ് ലോക്കിയെ ഗവേഷകർ കണക്കാക്കുന്നത്. ഏകദേശം 200 കിലോമീറ്റർ വിസ്തൃതിയുള്ള വിള്ളലാണ് തടാകമായി കണക്കാക്കുന്നത്. പൊട്ടിത്തെറിക്കു ശേഷം ഇരുട്ടിലേക്കു മാറുമ്പോള്‍ ലോക്കിയുടെ മുകൾ ഭാഗം തണുക്കും. അങ്ങനെ അത് ഉറച്ചു കട്ടിയാകും. കുറേ നാൾ കഴിയുമ്പോൾ ആ പടുകൂറ്റൻ ഭാഗം പൊട്ടിയടർന്ന് പുതുതായി രൂപപ്പെട്ട ലാവത്തടാകത്തിലേക്കു വീഴും. അങ്ങനെയാണ് ലോക്കിയിലെ അഗ്നിപർവത സ്ഫോടനമുണ്ടാകുന്നത്. 2018 മേയ് 23നും ജൂൺ ആറിനും ഇടയ്ക്കായിരുന്നു അവസാനമായി ലോക്കി പൊട്ടിത്തെറിച്ചത്. അങ്ങനെ നോക്കുമ്പോൾ 475 ദിവസത്തെ ഇടവേള അനുസരിച്ച് ഇത്തവണ സെപ്റ്റംബർ 9നും 24നും ഇടയ്ക്ക് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ഒരുപക്ഷേ സ്ഫോടന പ്രക്രിയ ആരംഭിച്ചിട്ടുണ്ടാകാമെന്നും ഗവേഷകർ പറയുന്നു.
എത്രമാത്രം മാഗ്മ രൂപപ്പെടുന്നുണ്ട്, അതിന്റെ ഘടനയിൽ എന്തെല്ലാം മാറ്റം വന്നു, മാഗ്മയിൽ രൂപപ്പെട്ടിരിക്കുന്ന കുമിളകൾ, അഗ്നിപർവതത്തിലെ പാറകൾ, അവയിലെ വിള്ളലുകൾ തുടങ്ങിയവയെല്ലാം സ്ഫോടനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതെല്ലാം പക്ഷേ ചെറിയ അഗ്നിപർവതങ്ങളുടെ കാര്യമാണ്. ലോക്കിയുടെ അസാധാരണ വലുപ്പം കാരണം അതുമായി ബന്ധപ്പെട്ട ഗവേഷകരുടെ സിദ്ധാന്തങ്ങളൊന്നും തെറ്റില്ലെന്നാണു കരുതുന്നത്.