തൊഴിലാളിക്ക് കിട്ടി, മണ്ണിനടിയില്‍ ഒളിച്ച 2 കിലോ തൂക്കമുള്ള ആസ്ടെക് ‘സ്വർണനിധി’!
1981ലായിരുന്നു ആദ്യമായി ആ സ്വർണക്കട്ടി ഒരു നിർമാണത്തൊഴിലാളിക്കു ലഭിക്കുന്നത്. മെക്സിക്കോ സിറ്റിയിലായിരുന്നു സംഭവം. ഏകദേശം രണ്ടു കിലോ ഭാരമുണ്ടായിരുന്നു അതിന്. 26.2 സെന്റിമീറ്റർ നീളവും 5.4 സെമീ വീതിയും 1.4 സെമീ കനവും. കെട്ടിട നിർമാണത്തിനായി ഭൂമി കുഴിച്ചപ്പോൾ ഏകദേശം 16 അടി താഴെയായിട്ടായിരുന്നു ഇതു കിടന്നിരുന്നത്. എവിടെ നിന്നാണ് ഇത് ഭൂമിക്കടിയിലെത്തിയതെന്നു വർഷങ്ങളായി ഗവേഷകർ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പുരാതന മെക്സിക്കോയിൽ ആസ്ടെക്കുകൾ എന്നൊരു വിഭാഗമുണ്ടായിരുന്നു. അവരുടെ തലസ്ഥാനമായ ചെനോച്റ്റിറ്റ്ലാൻ സ്ഥിതി ചെയ്തിരുന്ന അതേ സ്ഥലത്തു നിന്നായിരുന്നു സ്വർണക്കട്ടി ലഭിച്ചത്. അതിനാൽത്തന്നെ പുരാവസ്തു ഗവേഷകർക്ക് ആദ്യമേ സംശയമുണ്ടായിരുന്നു, ആ സ്വർണത്തിന് ആസ്ടെക്കുകളുമായി ബന്ധമുണ്ടായിരുന്നെന്ന്. സ്വർണക്കട്ടിയുടെ എക്സ് റേ പരിശോധനയും ഗവേഷകർ നടത്തി. അങ്ങനെയാണ് അതിന്റെ പഴക്കം കണ്ടെത്തിയത്. എഡി 1519–1520 കാലഘട്ടത്തിൽ നിർമിച്ചതായിരുന്നു അത്. ആസ്ടെക് വംശത്തെ സംബന്ധിച്ചിടത്തോളം മുറിവേറ്റ കാലമായിരുന്നു ഇത്.
എഡി 1300 മുതല്‍ 1521 വരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിച്ചുവരികയായിരുന്നു ആസ്ടെക്കുകൾ. അങ്ങനെയിരിക്കെയാണ് സ്പെയിനിൽ നിന്ന് സൈന്യാധിപനായ ഹെർമൻ കോര്‍ട്ടസിന്റെ നേതൃത്വത്തിലുള്ള വൻ സംഘം ആക്രമണത്തിനെത്തുന്നത്. 1520ലായിരുന്നു അത്. കണ്ണിൽക്കണ്ടതെല്ലാം കൊള്ളയടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കോർട്ടസിന്റെ നേതൃത്വത്തിൽ ആസ്ടെക് സാമ്രാജ്യത്തെത്തന്നെ തകർക്കാനായിരുന്നു ശ്രമം. ആസ്ടെക്കുക്കളുടെ സ്വന്തമായ വിലപിടിച്ചതെല്ലാം കടത്തുകയും ചെയ്തു. കൊണ്ടുപോകാനുള്ള എളുപ്പത്തിന് സ്വർണമെല്ലാം ഉരുക്കി കട്ടിയാക്കുകയാണു ചെയ്തത്. പക്ഷേ അതിനിടെയാണ് ആസ്ടെക് രാജാവായ മോക്ടെസുമ കൊല്ലപ്പെട്ടത്. സ്പാനിഷുകാർ ചതിപ്രയോഗത്തിലൂടെ കൊന്നതാണെന്ന വാർത്തയും പരന്നു. അതോടെ ആസ്ടെക്കുകാർ ഇളകിമറിഞ്ഞു.
രാജാവിനെ കൊന്ന കോർട്ടസിനെയും സംഘത്തെയും അവർ തുരത്തി. കിട്ടിയ സ്വർണക്കട്ടികളുമായി ജീവനും കൊണ്ടവർ പാഞ്ഞു. ആ യാത്രയ്ക്കിടെ വിശ്രമിക്കാനിരുന്നപ്പോൾ നഷ്ടപ്പെട്ടതാകാം രണ്ടു കിലോ തൂക്കം വരുന്ന സ്വർണക്കട്ടിയെന്നാണു കരുതുന്നത്. ഇതു ലഭിച്ചതിനു സമീപം ഒരു കനാൽ ഉണ്ടായിരുന്നതായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് ഹിസ്റ്ററി സംഘം കണ്ടെത്തിയിരുന്നു. അതിനാലാണ് വിശ്രമിക്കുന്നതിനിടെ നഷ്ടപ്പെട്ടതാണെന്ന നിഗമനത്തിലെത്തിയത്. ആസ്ടെക്കുകളുടെ ഒരു ആരാധനാലയവുമുണ്ടായിരുന്നു സമീപം. എന്തായാലും 1521ൽ കോർട്ടസ് തിരിച്ചെത്തി. രാജാവിനെ നഷ്ടപ്പെട്ട് ജീർണാവസ്ഥയിലായ ആസ്ടെക് സാമ്രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും പണ്ടു നഷ്ടപ്പെട്ട സ്വർണക്കട്ടി മണ്ണിനടിയിലായിരുന്നു. പിന്നെയും നാനൂറിലേറെ വർഷം കഴിഞ്ഞ് മണ്ണിനടിയിൽ നിന്ന് ആസ്ടെക്കുകളുടെ കഥ പറയാൻ ആ സ്വർണത്തിളക്കം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു.
Summary : Gold bar found in Mexico was Aztec treasure