ഒബാമയുടെ ചെവിയെക്കാൾ വലിയ ചെവി!

മനുഷ്യനെപ്പോലെ മിക്കി മൗസിനും പ്രായമാകുമായിരുന്നെങ്കിൽ കക്ഷി ഇപ്പോൾ പല്ലൊക്കെ കൊഴിഞ്ഞ്, വടിയൊക്കെ കുത്തിപ്പിടിച്ച് അങ്ങനെ നടക്കുമായിരുന്നു. കാരണം, 90 വയസ്സായി ഈ കുഞ്ഞനെലിക്ക്. 1928ലാണ് മിക്കി മൗസിന് വാൾട്ട് ഡിസ്നി രൂപം കൊടുക്കുന്നത്. പിന്നീട് ഇന്നു വരെ ലോകമെമ്പാടുമുള്ള കുരുന്നുകളുടെ മനസ്സിലൂടെ തത്തിത്തത്തി നടക്കുകയാണ് ആ ചുണ്ടനെലി. മിക്കിയുടെ വലിയ രണ്ടു ചെവികൾ മാത്രം മതി അതിനെ എത്ര ദൂരെ നിന്നു വേണമെങ്കിലും തിരിച്ചറിയാൻ. മിക്കിയുടെ നിഴലാണെങ്കിൽ പോലും ചെവികൾ നോക്കി അതിനെ തിരിച്ചറിയാൻ സാധിക്കും. 1940ൽ മിക്കി മൗസിനെ ആനിമേഷൻ രൂപത്തിലേക്കു മാറ്റുമ്പോൾ ഡിസ്നിക്കും നിർബന്ധമുണ്ടായിരുന്നു, ആ ചെവിക്ക് ‘കുഴപ്പമൊന്നും’ സംഭവിക്കരുതെന്ന്. അങ്ങനെയാണ് കൃത്യമായി വൃത്താകൃതിയിലേക്ക് ചെവിയുടെ രൂപം മാറ്റുന്നത്. മിക്കിയെലി എവിടേക്കു തിരിഞ്ഞാലും ചെവി വൃത്താകൃതിയിൽ തന്നെ കാണുമെന്നതായിരുന്നു പ്രത്യേകത.

രണ്ടു ചെവികൾ മാത്രം വരച്ചു കാണിച്ചാൽ പോലും കുട്ടിക്കൂട്ടം പറഞ്ഞുകളയും ‘ഹായ് മിക്കിയെലി’ എന്ന്. മിക്കിയുടെ ചെവിയുടെ ആകൃതിയിലുള്ള ഹെഡ് ബാൻഡാണ് ഏറെ പ്രശസ്തം. കുട്ടികളുടെ തലയ്ക്കു മുകളിൽ രണ്ടു വലിയ ചെവികൾ പോലെ ആ ബാൻഡ് നിൽക്കും. പാശ്ചാത്യരാജ്യങ്ങളിൽ ഭൂരിപക്ഷം കുട്ടികളുടെയും പ്രിയപ്പെട്ട കളിപ്പാട്ടവുമാണ് ഈ ഹെഡ്ബാൻഡ്. വലിയ ചെവികളുള്ള സ്കൂൾ ബാഗും ഷൂവുമൊക്കെ വിദേശത്തു വൻ ഹിറ്റാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും ഒരിക്കൽ മിക്കിയുടെ ചെവിയെ പുകഴ്ത്തിയിട്ടുണ്ട്. വലിയ ചെവിയാണ് ഒബാമയ്ക്കുള്ളത്. 2012ൽ അദ്ദേഹം ‘വാൾട്ട് ഡിസ്നി വേൾഡ്’ സ്ഥിതി ചെയ്യുന്ന യുഎസിലെ ഫ്ലോറിഡയിലെത്തി. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ആ ഡയലോഗ്– ‘എന്റെ രണ്ടു പെണ്‍മക്കൾക്കും എന്നോട് അസൂയ ആയിരിക്കും. കാരണം ഞാൻ മിക്കിയെ കാണാൻ പോകുകയാണല്ലോ! മറ്റൊരു സന്തോഷം കൂടിയുണ്ട്. എന്നേക്കാളും വലിയ ചെവിയുള്ള ഒരാളെയാണല്ലോ ഞാൻ കാണാൻ പോകുന്നത്...’ ഇങ്ങനെ മിക്കിയുടെ ചെവിക്കഥകൾ ധാരാളമുണ്ട്. അടുത്തിടെ വീണ്ടും ഈ ചെവി പ്രശസ്തമായി. അതുപക്ഷേ എലിക്കുട്ടികൾ വഴിയൊന്നുമായിരുന്നില്ല, മറിച്ച് ഒരു നായ്ക്കുട്ടിയാണ് ഇവിടെ താരം. ജപ്പാനിലെ ടോക്ക്യോവില്‍ നിന്നുള്ള ഈ നായ്ക്കുട്ടിയുടെ പേര് ‘ഗോമ’. ദേഹം നിറയെ പതുപതുത്ത രോമമുള്ള ഈ നായ്ക്കുട്ടിക്കു നാലു വയസ്സേയുള്ളൂ. കണ്ണുകളും മൂക്കുമാണെങ്കിൽ ഒരു പാവക്കുട്ടിയെപ്പോലെ സുന്ദരവും. ദേഹം മുഴുവൻ വെളുവെളുത്ത രോമമാണെങ്കിലും ഗോമയുടെ ചെവികൾ രണ്ടു ചാരനിറവും മറ്റു നിറങ്ങളും ചേർന്നതാണ്. ഒറ്റനോട്ടത്തിൽ ഒരു ‘പപ്പിക്കുട്ടി’യല്ലെന്ന് ആരും പറയില്ല. ഇൻസ്റ്റഗ്രാമിൽ സ്വന്തമായി അക്കൗണ്ടൊക്കെയുണ്ട് ഗോമയ്ക്ക്. എഴുപതിനായിരത്തിലേറെ ആരാധകരാണ് അവിടെയുള്ളത്.

ജാപ്പനീസ് ഭാഷയിൽ ‘എള്ള്’ എന്നാണ് ഗോമുടെ അർഥം. കറുത്തുതിളങ്ങുന്ന കുഞ്ഞൻ മൂക്കും കണ്ണുകളുമൊക്കെ കണ്ടിട്ടായിരിക്കും അങ്ങനെയൊരു പേരിട്ടത്. അടുത്തിടെ അമേരിക്കയിലും എത്തി ഗോമയുടെ പ്രശസ്തി. അവിടെയുള്ളവരാകട്ടെ അതിന്റെ ചിത്രം ചറപറ ഷെയറും ചെയ്തു. അതിനു കാരണവുമുണ്ട്. ഈ സുന്ദരൻ നായ്ക്കുട്ടിയുടെ ചെവികൾ ശരിക്കും മിക്കിമൗസിനെപ്പോലെയാണെന്നാണ് അവരുടെ കണ്ടെത്തൽ. അതിനാൽത്തന്നെ ഗോമയ്ക്ക് അവർ ഒരു പേരുമിട്ടു– മിക്കി മൗസ് ഡോഗ്. ഗോമയുടെ പലതരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് ഉടമയുടെ ജോലി. ചെവിയിൽ പലതരത്തിലുള്ള മെയ്ക്അപ്പും നടത്തും. ഇതൊക്കെ അണിഞ്ഞ് ഏതുതരത്തിലും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും തയാറാണ് ഈ ‘മിക്കിച്ചെവിയൻ’ നായ്ക്കുട്ടി. ദേഹമാകെ പതുപതുത്ത വെളുത്ത രോമങ്ങളുള്ള മാൾട്ടീസ് നായ്ക്കളുടെയും പാപ്പിലിയോൺ പപ്പിയുടെയും സങ്കരയിനമാണ് ‘ഗോമ’. മാൾട്ടീസിന്റെ പതുപതുത്ത ശരീരവും പാപ്പിലിയോണിന്റെ ചെവികളുമാണ് ഇതിനു കിട്ടിയിരിക്കുന്നത്. അതോടെ ‘ഗോമപ്പപ്പി’ മിക്കിമൗസായും മാറി!!