ആഞ്ഞുവീശുന്ന കൊടുങ്കാറ്റിനിടയിലൂടെ ‘ഗ്രേമാന്റെ’ പ്രേതം; ഞെട്ടിപ്പിച്ച് വിഡിയോ
ഏതു നാട്ടില്‍ ചെന്നാലും അവിടുത്തുകാര്‍ക്കു പറയാനുണ്ടാകും ഒരു പ്രേതകഥ. അതിപ്പോള്‍ അമേരിക്കയിലാണെങ്കിലും അങ്ങനെത്തന്നെ. യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിന്റെ ഫലമായി വന്‍ പ്രളയമാണുണ്ടായിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ മുപ്പതിലേറെ പേര്‍ മരിച്ചു കഴിഞ്ഞു. ആയിരങ്ങളാണ് അഭയകേന്ദ്രത്തിലേക്കു മാറിയത്. അപകട മുന്നറിയിപ്പു നല്‍കിയ ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുപോക്ക് തുടരുകയാണ്. അതിനിടെയാണൊരു പ്രേതകഥയുടെ വരവ്. അതുപക്ഷേ ആരെയും പേടിപ്പിക്കാനല്ല കേട്ടോ! കൊടുങ്കാറ്റിനു മുന്‍പ് എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുന്ന പ്രേതമാണിത്- പേര് ഗ്രേമാന്‍.
ക്രിസ്മസിന് സമ്മാനവുമായി സാന്താക്ലോസ് അപ്പൂപ്പന്‍ വരാറില്ലേ, അതുപോലെയാണ് ചിലര്‍ ഗ്രേമാനിനെ കാണുന്നത്. ഈ പ്രേതം പക്ഷേ സമ്മാനങ്ങളല്ല കൊണ്ടുവരാറുള്ളതെന്നു മാത്രം. മറിച്ച് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുമായാണു പ്രത്യക്ഷപ്പെടുക. കൊടുംനാശം വിതയ്ക്കുന്ന കാറ്റും പേമാരിയും എത്തും മുന്‍പ് ഗ്രേമാന്‍ വിവരമറിയിക്കുമെന്നാണ് സൗത്ത് കാരലൈനയിലെ ചിലരെങ്കിലും വിശ്വസിക്കുന്നത്. അതിനു ശക്തി പകര്‍ന്ന് ഒരു കഥയുമുണ്ട്. അവിടെയും വില്ലനായത് പൗലീ ദ്വീപിലുണ്ടായ കൊടുങ്കാറ്റാണ്. പണ്ടുപണ്ടാണു സംഭവം. ഒരു നാവികന്‍ തന്റെ കാമുകിയെ കാണാൻ പോവുകയായിരുന്നു. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനാണു യാത്ര. ആ നേരം കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയിരിക്കുന്നു. അത് ദ്വീപിലെത്തും മുൻപേ അവളോടുള്ള ഇഷ്ടം അറിയിക്കാൻ കുതിരപ്പുറത്തു പാഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു നായകൻ.
ദൂരെ നിന്നുതന്നെ പെണ്‍കുട്ടി ആ ചെറുപ്പക്കാരനെ കണ്ടു. പക്ഷേ അപ്പോഴേക്കും കടലും കാറ്റും കലിതുള്ളിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കുതിരപ്പുറത്തു നിന്ന് ചെറുപ്പക്കാരന്‍ തെറിച്ചു വീണു. കടല്‍ത്തീരത്തെ ഒരു മണല്‍ച്ചതുപ്പിലേക്കായിരുന്നു ആ വീഴ്ച. വീണാലുടന്‍ മണലിനടിയിലേക്കു വലിച്ചു കൊണ്ടുപോകുന്ന തരം ചതുപ്പായിരുന്നു അത്. അപകടം കണ്ട് വാവിട്ടുകരഞ്ഞ പെണ്‍കുട്ടി കൊടുങ്കാറ്റിന്റെ ഭീകരതയും അങ്ങനെയാണു തിരിച്ചറിഞ്ഞത്. എത്രയും പെട്ടെന്നു വീട്ടിലേക്ക് ഓടിയെത്തിയ അവള്‍ വീട്ടുകാരെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊടുങ്കാറ്റെല്ലാം അടങ്ങി തിരികെയെത്തിയപ്പോള്‍ കണ്ടതാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയും. അവര്‍ താമസിക്കുന്ന ദ്വീപില്‍ സകലതും കൊടുങ്കാറ്റില്‍പ്പെട്ടു താറുമാറായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മാത്രം യാതൊരു കുഴപ്പവുമില്ല. ആ വിശ്വാസം സൗത്ത് കാരലൈനയിലുള്ളവര്‍ക്ക് ഇപ്പോഴുമുണ്ട്. ഗ്രേമാനെ കണ്ടു കഴിഞ്ഞാല്‍ തങ്ങളുടെ വീടിനു കൊടുങ്കാറ്റില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസം. ഇപ്പോഴും ഗ്രേമാൻ തന്റെ പ്രിയപ്പെട്ട പെൺകുട്ടിയോട് ഇഷ്ടം പറയാൻ പൗലീ ദ്വീപിലേക്ക് വരാറുണ്ടെന്നാണു പ്രേതവിശ്വാസികൾ കരുതുന്നത്.
എന്നാല്‍ അധികമാകും ഗ്രേമാനെ കണ്ടിട്ടില്ല. 1822ലാണ് ആദ്യമായി ഗ്രേമാനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുട്ടില്‍ ഗ്രേ നിറത്തില്‍, മണലില്‍ നിന്നെഴുന്നേറ്റു നടക്കും പോലൊരു രൂപമാണതെന്നാണു പറയപ്പെടുന്നത്. 1954ല്‍ ഹസെല്‍ ചുഴലിക്കാറ്റിനും 1989ല്‍ ഹ്യൂഗോ ചുഴലിക്കാറ്റിനും മുന്‍പേ ഗ്രേമാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു മറ്റൊരു കഥ. ഇത്തവണ ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനു മുന്നോടിയായും ഗ്രേമാന്‍ വന്നതായാണു പറയപ്പെടുന്നത്. അതിനുള്ള തെളിവുമായി ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ എന്ന യൂട്യൂബ് ചാനലില്‍ ഒരു വിഡിയോയും പ്രത്യക്ഷപ്പെട്ടു. കാറ്റിലും മഴയിലും കനത്ത തിരയിലും ആടിയുലയുന്ന ഒരു കടല്‍പ്പാലത്തിലൂടെ ഗ്രേമാന്‍ നടക്കുന്നതായിരുന്നു വിഡിയോ. സൂക്ഷിച്ചു നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം കനത്തകാറ്റിനെയും കൂസാതെ ഒരു സുതാര്യമായ രൂപം പാലത്തിലൂടെ നടക്കുന്നത്. മനുഷ്യന്റെ ആകൃതിയുമായിരുന്നു അതിന്.
വിഡിയോ തട്ടിപ്പാണെന്നു പറഞ്ഞു പലരും രംഗത്തെത്തിയിട്ടുണ്ട്. അതോടെ, എവിടെ നിന്നാണ് വിഡിയോ ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈയാഴ്ച തന്നെ പുറത്തുവിടുമെന്ന് ‘ഗോസ്റ്റ് ഗയ്‌സ് ഗോ’ ചാനലും അറിയിച്ചിട്ടുണ്ട്. കഥ ഇങ്ങനെയൊക്കെയാണെങ്കിലും യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത വിധം ശക്തമായ പ്രളയം വരാനിരിക്കുകയാണെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.