ലോകം നമിക്കുന്ന ഗുരു–ശിഷ്യർ

ഓരോ മികച്ച അധ്യാപകനും തന്നെക്കാൾ മികച്ച വിദ്യാർഥിയെയാണു ലോകത്തിനു സമ്മാനിക്കുന്നത്. തത്വചിന്തകനായ സോക്രട്ടീസ് ലോകത്തിനു നൽകിയ സമ്മാനമാണു ശിഷ്യൻ പ്ലേറ്റോ. വിജ്‌ഞാനം കുട്ടികളുടെ തലച്ചോറിൽ അടിച്ചുകയറ്റുന്നതല്ല അധ്യാപനം എന്നാണ് പ്ലേറ്റോ പറഞ്ഞത്. പ്ലേറ്റോയുടെ ശിഷ്യനാണ് അരിസ്റ്റോട്ടിൽ. വിജ്‌ഞാനസമ്പാദനത്തിനുള്ള ഏറ്റവും നല്ല മാർഗം അധ്യാപന ജോലിയിൽ ഏർപ്പെടുകയാണെന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ ശിഷ്യനാണ് അലക്സാണ്ടർ. അധ്യാപകനിൽനിന്ന് വിദ്യാർഥിയിലേക്കു പകരുന്ന അറിവിന്റെ തീജ്വാല ലോകമെങ്ങും പ്രകാശം പരത്തുന്നത് ഇങ്ങനെയാണ്. നമുക്കു മുന്നിലുമുണ്ട് ഇത്തരം മഹത്തായ ഗുരുശിഷ്യബന്ധത്തിന്റെ കഥകൾ. അവയിൽ ചിലത് ഇതാ:

ശിവസുബ്രഹ്മണ്യ അയ്യർ – എ.പി.ജെ.അബ്ദുൽകലാം

രാമേശ്വരത്തെ എലിമെന്ററി സ്കൂളിൽ അഞ്ചാം ക്ലാസിൽ ശാസ്ത്രം പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ശിവസുബ്രഹ്മണ്യ അയ്യർ. പക്ഷികൾ പറക്കുന്നതെങ്ങനെയാണെന്ന് അഞ്ചാംക്ലാസുകാർക്ക് അദ്ദേഹം ക്ലാസ് എടുത്തു. ആ ക്ലാസിലെ വിദ്യാർഥിയായിരുന്നു എ.പി.ജെ. അബ്ദുൽ കലാം. പക്ഷി ആകാശത്തിലേക്കു പറന്നുയരുന്നതിന്റെ ചിത്രങ്ങൾ വളരെവിശദമായി ബോർഡിൽ വരച്ച് വിശദീകരിച്ചാണു പഠിപ്പിച്ചത്. പാഠഭാഗം പൂർത്തിയാക്കിയ ശേഷം എല്ലാവർക്കും മനസ്സിലായോ എന്ന് അധ്യാപകൻ‍ അന്വേഷിച്ചു. കലാം അടക്കമുള്ള വിദ്യാർഥികൾ‍ പാഠഭാഗം മനസ്സിലായില്ലെന്നു പറഞ്ഞു.
പക്ഷേ, ആ അധ്യാപകൻ നിരാശനായില്ല. വിദ്യാർഥികളെ വൈകിട്ടു കടൽത്തീരത്തു കൊണ്ടുപോയി. പക്ഷികൾ എങ്ങനെയാണ് ചിറകു വിരിക്കുന്നതെന്നും പറന്നുയരുന്നതെന്നും കാണിച്ചുകൊടുത്തു. പക്ഷിയുടെ പറക്കലിന്റെ ശാസ്ത്രീയവശം കുഞ്ഞുകലാമിന്റെ മനസ്സിൽ പതിഞ്ഞു. മദ്രാസ് ഐഐടിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കാൻ പ്രചോദനമായത് ശിവസുബ്രഹ്മണ്യ അയ്യർ എന്ന ആ അധ്യാപകന്റെ ക്ലാസ് ആണെന്ന് കലാം പറഞ്ഞിട്ടുണ്ട്.

രമാകാന്ത് അഛരേക്കർ – സച്ചിൻ തെൻഡുൽക്കർ

സ്കൂൾ വിദ്യാർഥിയായിരുന്ന കാലംമുതൽ സച്ചിന്റെ പരിശീലകനായിരുന്നു രമാകാന്ത് അഛരേക്കർ. സച്ചിൻ സ്കൂളിലെ ജൂനിയർ ടീമിൽ കളിച്ചിരുന്ന കാലം. സ്കൂളിലെ സീനിയർ ടീം വാങ്കഡെ സ്റ്റേഡിയത്തിൽ ഹാരിസ് ഷീൽഡ് ഫൈനൽ മൽസരം കളിക്കുകയാണ്. അതേ ദിവസം സച്ചിനുവേണ്ടി അഛരേക്കർ ഒരു പരിശീലന മൽസരം സംഘടിപ്പിച്ചിരുന്നു. ക്ലാസ് കഴിഞ്ഞ് മൽസരത്തിനെത്തണമെന്നും നാലാമതായി ബാറ്റ് ചെയ്യണമെന്നും അദ്ദേഹം സച്ചിനോടു പറഞ്ഞു. ഫീൽഡിങ്ങിൽ സച്ചിനെ ഇറക്കരുതെന്നു ക്യാപ്റ്റനോടും നിർദേശിച്ചു. മധ്യനിരയിൽ എങ്ങനെ സ്കോർ ചെയ്യാമെന്നു പഠിക്കാനായിരുന്നു പരിശീലനം. പക്ഷേ, സീനി‍‍യർ ടീമിന്റെ കളി കാണാൻ സ്റ്റേഡിയത്തിൽ പോയ കുട്ടിസച്ചിൻ പരിശീലന മൽസരത്തിന്റെ കാര്യം മറന്നുപോയി. സീനിയർ ടീമിനെ പ്രോൽസാഹിപ്പിച്ച് കയ്യടിച്ച് സ്റ്റേഡിയത്തിലിരുന്നു. പിന്നീട് കണ്ടപ്പോൾ‍ സച്ചിൻ കളിയിൽ എത്ര റൺ നേടിയെന്ന് അഛരേക്കർ ചോദിച്ചു. താൻ അക്കാര്യം മറന്നു പോയെന്ന് സച്ചിൻ പറഞ്ഞപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് അഛരേക്കർ ദേഷ്യപ്പെട്ടു. മറ്റുള്ളവർക്കുവേണ്ടി കയ്യടിക്കാൻ സച്ചിന്റെ ആവശ്യമില്ലെന്നും സച്ചിനുവേണ്ടി ലോകം കയ്യടിക്കണമെന്നും അഛരേക്കർ പറഞ്ഞു. അധ്യാപകനിൽനിന്നു കിട്ടിയ ഏറ്റവും വലിയ ഉപദേശം അതായിരുന്നുവെന്ന് സച്ചിൻ തെൻഡുൽക്കർ കഴിഞ്ഞ അധ്യാപകദിനത്തിൽ പങ്കുവച്ചിരുന്നു.

പെപ് ഗ്വാർഡിയോള – ലയണൽ മെസ്സി

ലയണൽ മെസ്സിയെ ലോകമറിയുന്ന ഫുട്ബോൾ താരമാക്കി മാറ്റിയെടുത്തിൽ പെപ് ഗ്വാർഡിയോള എന്ന പരിശീലകനുള്ള പങ്ക് ചെറുതല്ല. പ്രഫഷനൽ ഫുട്ബോളർക്കു വേണ്ട അച്ചടക്കം മെസ്സിക്കു പകർന്നു നൽകിയത് ഗ്വാർഡിയോളയായിരുന്നു. സ്പെയിൻ ക്ലബായ ബാർസിലോനയുടെ യൂത്ത് ടീമിൽ മെസ്സി കളിക്കുന്ന കാലത്തേ തുടങ്ങിയതാണ് അവരുടെ ബന്ധം. 2008ൽ ഗ്വാർഡിയോള ബാർസിലോന സീനിയർ ടീമിന്റെ പരിശീലകനായി. ബ്രസീൽ താരം റൊണാൾഡീഞ്ഞോയുമായിട്ടായിരുന്നു അക്കാലത്ത് മെസ്സിയുടെ ചങ്ങാത്തം. പ്രതിഭാസമ്പന്നനായിരുന്നെങ്കിലും അച്ചടക്കമില്ലാത്തവനായിരുന്നു റൊണാൾഡീ‍ഞ്ഞോ. റൊണാൾഡീഞ്ഞോയ്ക്കൊപ്പം സ്പെയിനിലെ രാത്രി ജീവിതത്തിലും നിശാ ക്ലബുകളിലും അഭിരമിച്ച് മെസ്സി കരിയർ തുലയ്ക്കും എന്നു തോന്നിയപ്പോൾ ഗ്വാർഡിയോള ഒരു ദിവസം മെസ്സിയെ വിളിച്ചു പറഞ്ഞു: ‘നിനക്കു മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ ലോകോത്തര ഫുട്ബോളറാകാം. അല്ലെങ്കിൽ ഇങ്ങനെ നശിക്കാം’. മെസ്സി ഗ്വാർഡിയോളയുടെ വാക്കുകൾ അനുസരിച്ചു. പേശികൾക്കു നിരന്തരം പരുക്കേൽക്കുന്നതായിരുന്നു മെസ്സിയുടെ മറ്റൊരു പ്രശ്നം. ടീം ഡോക്ടറുമായി ആലോചിച്ച് മെസ്സിയുടെ ഭക്ഷണക്രമം തന്നെ ഗ്വാർഡിയോള മാറ്റി. നന്നായി പീറ്റ്സ കഴിച്ചിരുന്ന മെസ്സി അതു മാറ്റി മൽസ്യവിഭവങ്ങൾ കഴിച്ചു തുടങ്ങി. ഗ്വാർഡിയോളയ്ക്കു കീഴിൽ ബാർസിലോന തുടരെ കിരീടങ്ങൾ നേടിയതിനൊപ്പം മെസ്സി ഒന്നാം നമ്പർ ഫുട്ബോളറുമായി.

ജി.എച്ച്. ഹാർഡി – ശ്രീനിവാസ രാമാനുജൻ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗണിതശാസ്ത്ര കൂട്ടുകെട്ടാണ് ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനായ ജി.എച്ച്. ഹാർഡിയും ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനും തമ്മിലുള്ളത്. 1913ൽ മദ്രാസിൽ ഒരു ഷിപ്പിങ് ക്ലാർക്ക് ആയിരിക്കെ രാമാനുജൻ ഹാർഡിക്ക് എഴുതിയ ഒരു കത്തിൽ നിന്നാണ് ബന്ധത്തിന്റെ തുടക്കം.

ഇരുപത്തിമൂന്നുകാരനായ രാമാനുജന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഹാർഡി അദ്ദേഹത്തെ കേംബ്രിജ് സർവകലാശാലയിലേക്ക് കൊണ്ടു വന്നു. അവർ തമ്മിലായിരുന്നു പിന്നീടുള്ള ഗണിതാന്വേഷണങ്ങൾ. ഇരുവരും തമ്മിലുള്ള ഒരു കഥ വളരെ പ്രശസ്തമാണ്. ഒരിക്കൽ രാമാനുജനെ കാണാൻ ആശുപത്രിയിലെത്തിയതായിരുന്നു ഹാർഡി. ഗണിതശാസ്ത്ര സംബന്ധിയായ സംസാരത്തിനിടയ്ക്ക് തന്റെ കാറിന്റെ നമ്പർ 1729 ആണെന്നും അതിനൊരു പ്രത്യേകതയുമില്ലെന്നും ഹാർഡി പറഞ്ഞു. എന്നാൽ നൊടിയിടയിൽ രാമാനുജൻ അതിനു മറുപടി നൽകി: രണ്ടു തരത്തിൽ രണ്ടു ക്യൂബുകളുടെ തുകയായി എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണത്! ഹാർഡി– രാമാനുജൻ നമ്പർ എന്നാണ് ഈ സംഖ്യ ഇപ്പോൾ അറിയപ്പെടുന്നത്. 32–ാം വയസ്സിൽ അകാലത്തിൽ രാമാനുജൻ മരണമടഞ്ഞ് 27 വർഷങ്ങൾക്കു ശേഷമാണ് ഹാർഡി മരിക്കുന്നത്. ഗണിതശാസ്ത്രത്തിനു താങ്കൾ നൽകിയ ഏറ്റവും വലിയ സംഭാവന ഏതെന്നതിന് അവസാന കാലത്ത് ഹാർഡി ഉത്തരം നൽകിയതിങ്ങനെ: രാമാനുജനെ കണ്ടെത്തിയത്!

ആർ.കെ.ശേഖർ – എ.ആർ.റഹ്‌മാൻ

അടിമുടി പാട്ട് നിറഞ്ഞതായിരുന്നു സംഗീത സംവിധായകൻ ആർ.കെ.ശേഖറിന്റെ വീട്. കുഞ്ഞായിരുന്നപ്പോൾ മകൻ ദിലീപ് കേട്ടുവളർന്നത് ആ സംഗീതമായിരുന്നു. ഹാർമോണിയത്തിൽ ഒരു രാഗം കേൾപ്പിച്ചാൽ, അഞ്ചുവയസ്സുകാരനായ മകൻ ദിലീപ് അത് നിമിഷങ്ങൾക്കകം വായിച്ചു കേൾപ്പിക്കുമെന്ന് ശേഖർ തിരിച്ചറിഞ്ഞു.ഒരിക്കൽ ശേഖറിന്റെ വീട്ടിലെത്തിയ സംഗീതസംവിധായകൻ സുദർശൻ മാസ്റ്റർ ഇക്കാര്യം അംഗീകരിക്കാൻ തയാറായില്ല. ഹാർമോണിയത്തിലെ കട്ടകൾ തുണി കൊണ്ടു മറച്ച ശേഷം ദിലീപിനെ ഒരു രാഗം വായിച്ചു കേൾപ്പിച്ചു. ദിലീപ് ആ രാഗം ഉടൻ തന്നെ തിരിച്ചു കേൾപ്പിച്ചു കൊടുത്തു. പിന്നീട് ശേഖറിന്റെ വീട്ടിൽ വരുന്ന ഓരോ സംഗീതസംവിധായകനും കുഞ്ഞുദിലീപിനെ ഒരു പാട്ടോ രാഗമോ പഠിപ്പിച്ചുവന്നു. പിതാവ് തന്നെയായിരുന്നു ആദ്യഗുരു. പിന്നീട് രാജ്യാന്തര പ്രശസ്തനായ സംഗീത അധ്യാപകൻ ധൻരാജ് മാസ്റ്ററുടെ കീഴിൽ പാശ്ചാത്യസംഗീതം പഠിക്കാൻ തുടങ്ങി. നിത്യാനന്ദൻ എന്ന ഗുരുവിൽനിന്ന് കർണാടക സംഗീതവും അഭ്യസിച്ചു. ദിലീപിന് ഒൻപതു വയസ്സുള്ളപ്പോൾ ആർ.കെ.ശേഖർ അന്തരിച്ചു. അന്നത്തെ ആ ദിലീപ് ആണ് ഇന്നത്തെ എ.ആർ.റഹ്മാൻ.

അങ്ങില്ലായിരുന്നെങ്കിൽ...

(ലോകപ്രശസ്‌ത എഴുത്തുകാരൻ കമ്യു തന്റെ പ്രിയ അധ്യാപകന് എഴുതിയ കത്ത്)

വിഖ്യാത എഴുത്തുകാരൻ അൽബേർ കമ്യുവിന്റെ കുട്ടിക്കാലം ദുരിതപൂർണമായിരുന്നു. കമ്യുവിന് ഒരുവയസ്സാകും മുൻപേ, ലോകയുദ്ധത്തിനിടെ അച്‌ഛൻ മരിച്ചു. കേൾവി കുറവായ അമ്മയ്‌ക്കും തന്നിഷ്‌ടക്കാരിയായ മുത്തശ്ശിക്കുമൊപ്പമുള്ള ദരിദ്രമായ ജീവിതം എല്ലാ പ്രതീക്ഷകളെയും കെടുത്തുന്നതായിരുന്നു. നിരാശയിൽ മുങ്ങിത്താണ കമ്യുവിനെ ആത്മവിശ്വാസത്തിലേക്ക് പിടിച്ചുകയറ്റിയത് ലൂയി ജർമൻ എന്ന അധ്യാപകനാണ്. അതാണ് ലോകമറിയുന്ന എഴുത്തുകാരനാകാൻ തുണയായത്. 1957ൽ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചു. ആനന്ദത്തിന്റെ ആ ദിനങ്ങളൊന്നിൽ കമ്യു തന്റെ പ്രിയ അധ്യാപകന് ഒരു കത്തെഴുതി. അധ്യാപകർക്ക് എന്താണു സാധിക്കുക എന്നതിന് അടിവരയിടുന്നതാണ് ഈ കത്ത്.

ഈ ദിവസങ്ങളിലെല്ലാം എനിക്കു ചുറ്റുമുണ്ടായിരുന്ന കോലാഹലം അൽപ്പമൊന്നു കുറയാനിരിക്കുകയായിരുന്നു, അങ്ങയോടു ഹൃദയം തുറന്നു സംസാരിക്കാൻ. ഞാൻ ആശിക്കുകയോ അപേക്ഷിക്കുകയോ ചെയ്യാത്ത വളരെ വലിയൊരു ബഹുമതിയാണ് എനിക്ക് ഇപ്പോൾ കിട്ടിയത്. ആ വാർത്ത കേട്ടപ്പോൾ, അമ്മ കഴിഞ്ഞാൽ എന്റെ ആദ്യത്തെ ചിന്ത അങ്ങയെക്കുറിച്ചായിരുന്നു.

താങ്കളില്ലായിരുന്നെങ്കിൽ, ദാരിദ്രൃം പിടിച്ച ചെറിയ കുട്ടിയായിരുന്ന എനിക്കു നേരെ നീട്ടിയ വാൽസല്യത്തിന്റെ കയ്യിലായിരുന്നെങ്കിൽ, അങ്ങയുടെ അധ്യാപനവും മാതൃകയുമില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഈ തരത്തിലുള്ള ബഹുമതി ഞാൻ അത്ര കാര്യമാക്കുന്നൊന്നുമില്ല. പക്ഷേ കുറഞ്ഞപക്ഷം, അങ്ങ് എനിക്ക് എന്തായിരുന്നുവെന്ന്, ഇപ്പോഴും എന്താണെന്ന് പറയാനുള്ള അവസരം തരുന്നുണ്ട് അത്. താങ്കളുടെ പരിശ്രമങ്ങളും ജോലിയും അതിൽ കാണിച്ച ഹൃദയാലുത്വവും അങ്ങയുടെ കൊച്ചു സ്‌കൂൾ കുട്ടികളിൽ ഒരാളിൽ ഇപ്പോഴും ജീവസ്സോടെയുണ്ടെന്ന് ഞാൻ ഉറപ്പു തരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ അങ്ങയോടു കടപ്പെട്ട‍ വിദ്യാർഥി തന്നെ.
അങ്ങേക്ക് എന്റെ സ്നേഹാലിംഗനം.