തല നിറയെ വിഷസർപ്പങ്ങൾ, മുഖത്തു നോക്കിയാൽ കല്ലായി മാറും; ഇതൊരു ‘മെഡൂസ’ കഥ
മെഡൂസ എന്നൊരു ഗ്രീക്ക് ദുർദേവതയെപ്പറ്റി കേട്ടിട്ടുണ്ടോ? തല നിറയെ വിഷ സർപ്പങ്ങളുമായാണ് ഇതിന്റെ നടപ്പ്. മറ്റൊരു പ്രത്യേകതയുമുണ്ട്. ആരെങ്കിലും മെഡൂസയുടെ മുഖത്തേക്കു നോക്കിയാൽ അപ്പോൾത്തന്നെ കല്ലായി മാറും. പെഴ്സ്യൂസ് എന്ന ഗ്രീക്ക് യോദ്ധാവാണു പിന്നീട് മെഡൂസയെ കൊല്ലുന്നത്. രാത്രി കിടന്നുറങ്ങുമ്പോൾ മെഡൂസയുടെ പ്രതിബിംബം തന്റെ പടച്ചട്ടയിൽ നോക്കി തല വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചാലും തലയ്ക്കുള്ള മാന്ത്രികശേഷി നഷ്ടപ്പെട്ടിരുന്നില്ല. മെഡൂസയുടെ തല തന്റെ ആയുധമാക്കി ശത്രുക്കളെ കല്ലാക്കി മാറ്റാനും പെഴ്സ്യൂസിനു സാധിച്ചു.
ഈ കഥ വീണ്ടും പറയാനൊരു കാരണമുണ്ട്. അടുത്തിടെ കണ്ടെത്തിയ ഒരു വൈറസിന് ഗവേഷകർ മെഡൂസ എന്നു പേരിട്ടിരിക്കുന്നു! ആ ദുർദേവതയുമായി അത്രയേറെ സാമ്യം കണ്ടെത്തിയതിനാലായിരുന്നു അത്തരമൊരു പേര്. അതായത്, വൈറസ് ബാധിച്ച അമീബ ‘കല്ലായി’ മാറും! അതെന്തു തരം കഴിവാ? അങ്ങനെയും സംഭവിക്കുമെന്നാണു ഗവേഷകർ തെളിയിച്ചിരിക്കുന്നത്. ജപ്പാനിൽ പലയിടത്തും ചെളി നിറഞ്ഞ ചൂടുനീരുറവകളുണ്ട്. അത്തരമൊരു ചെളിക്കുഴിയിൽ നിന്നാണ് മെഡൂസ വൈറസിനെ ഗവേഷകർ കണ്ടെത്തുന്നത്. ‘രാക്ഷസ വൈറസ്’ വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. വൈറസ് എന്നാൽ കണ്ണിൽപ്പെടാത്ത ഇത്തിരിക്കുഞ്ഞന്മാരാണ്. അപ്പോൾപ്പിന്നെന്താ ഈ രാക്ഷസ വൈറസ്?
ശരീര വലുപ്പം കൊണ്ടല്ല, അവയുടെ ജീനോമിന്റെ വലുപ്പം കൊണ്ടാണ് ഈ പേര്. ഓരോ ജീവജാലത്തിനും ജനിതകപരമായ ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതിനു കാരണം ജീനോമുകളും അതിനുള്ളിലെ ഡിൻഎയും (അല്ലെങ്കിൽ ആർഎൻഎ) ആണ്. മറ്റു വൈറസുകളേക്കാള്‍ മെഡൂസയുടെ ജീനോമിന് വലുപ്പം കൂടുതലാണെന്നാണു ജപ്പാനിലെ ക്യോട്ടോ സർവകലാശാല ഗവേഷകർ പറയുന്നത്. ഇവയെ പരീക്ഷണശാലയിലെത്തിച്ച ഗവേഷകർ ഒരു അമീബയ്ക്കു മേല്‍ പ്രവേശിപ്പിച്ചു. ഒരൊറ്റ കോശം മാത്രം ശരീരത്തിലുള്ള ജീവികളെ വൈറസ് എങ്ങനെ ആക്രമിക്കുന്നുവെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. Acanthamoeba castellanii എന്നറിയപ്പെടുന്ന അമീബയെ വൈറസ് ആക്രമിക്കുന്നത് എങ്ങനെയാണെന്നു നിരീക്ഷിക്കുകയും ചെയ്തു.
അങ്ങനെയാണ് പുരാണത്തിലെ ഗ്രീക്ക് ദുർദേവതയുടെ സ്വഭാവമാണ് വൈറസിനെന്നു മനസ്സിലായത്. നിലനിൽപിനു ഭീഷണിയാണെന്ന ഘട്ടത്തിൽ അമീബകൾ ‘എൻസിസ്റ്റ്മെന്റ്’ എന്നൊരു രീതി സ്വീകരിക്കാറുണ്ട്. കല്ലുപോലെ ശരീരമാക്കുന്നതാണത്. പിന്നീട് ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒത്തു വരുമ്പോൾ പഴയതു പോലെയാകും. ഇതു പ്രകൃതിദത്തമായി അമീബകൾക്കു ലഭിച്ചിരിക്കുന്ന പ്രത്യേകതയാണ്. എന്നാൽ മെഡൂസ വൈറസ് ബാധിച്ചാൽ അമീബകൾക്കു ചുറ്റും കട്ടിയുള്ള ഒരു ‘ഷെൽ’ വന്നുമൂടി അവ എൻസിസ്റ്റ്മെന്റിലേക്കു മാറുമെന്നായിരുന്നു കണ്ടെത്തൽ. ശരിക്കും ദുർദേവതയെ നോക്കുന്നവരുടെ അവസ്ഥ തന്നെ.
ഇവയുടെ ദേഹത്തിനു മെഡൂസയുമായി മറ്റൊരു സാമ്യവുമുണ്ടായിരുന്നു. ദുർദേതവതയുടെ തല നിറയെ പാമ്പുകളായിരുന്നെങ്കില്‍ ഇതിന്റെ ദേഹം നിറയെ രോമംപോലുള്ള വസ്തുക്കളായിരുന്നു. അറ്റത്ത് ഒരു ചെറിയ ഉണ്ടയും. ഇത്തരത്തിലുള്ള 2500 ലേറെ വസ്തുക്കൾ! മറ്റു രാക്ഷസ വൈറസുകളിൽ നിന്നു വ്യത്യസ്തമായതിനാൽത്തന്നെ Medusaviridae എന്ന പുതിയ ഫാമിലിയിലാണ് മെഡൂസയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡൂസ വൈറസിൽ കണ്ട ജീനുകളിൽ ചിലത് അമീബയിലുമുണ്ടായിരുന്നു. അതായത് പ്രാചീനകാലം മുതൽക്കുതന്നെ വൈറസ് അമീബയെ ആക്രമിക്കുകയും പരസ്പരം ജീനുകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. വൈറസുകളുടെ പരിണാമം എങ്ങനെയാണെന്നു പഠിക്കുന്നവർക്ക് നിർണായക കണ്ടെത്തലാണിത്. ഇപ്പറഞ്ഞതെല്ലാം സിംപിളായ കാര്യങ്ങൾ; കൂടുതൽ അറിയാൻ ജേണൽ ഓഫ് വൈറോളജിയിലുണ്ട്ട്ടാ സമ്പൂർണ പഠന റിപ്പോർട്ട്.
Summary : Greek goddess Medusa, Virus