ഒരുതരി മണ്ണുപോലുമില്ലാതെ കർഷകർ പൊന്നുവിളയിച്ച കഥ!
നവീൻ മോഹൻ
സ്വന്തം നാടും വീടും കൃഷിസ്ഥലവുമൊക്കെ വിട്ട് മറ്റൊരിടത്തേക്കു പോകേണ്ടി വരിക. അവിടെയാണെങ്കിൽ ആവശ്യത്തിനു വെള്ളം പോലുമില്ലാത്ത മരുപ്രദേശവും. യുദ്ധം കാരണം സിറിയ വിട്ട് ജോർദാനിലെ സത്താറി അഭയാർഥി ക്യാംപിൽ എത്തിച്ചേർന്നവരുടെ സങ്കടമായിരുന്നു അത്. ഏകദേശം 80,000ത്തോളം അഭയാർഥികളാണ് അവിടെ കഴിയുന്നത്. സിറിയൻ യുദ്ധം കാരണം നാടുവിടേണ്ടി വന്നവർക്കുള്ള ഏറ്റവും വലിയ ക്യാംപും സത്താറിയിലാണ്. പക്ഷേ ക്യാംപുകളിലെത്തിയവർക്ക് ഇപ്പോൾ സങ്കടമില്ല. വെള്ളവും കൃഷി ചെയ്യാൻ മണ്ണു പോലുമില്ലെങ്കിലും അവരുടെ ചുറ്റിലും ഇപ്പോൾ നിറയെ പച്ചപ്പും ഹരിതാഭയുമാണ്. അതിനു കാരണമായതാകട്ടെ ഇംഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാല ഗവേഷകരും.
സർവകലാശാല തയാറാക്കിയ ഗ്രീൻ ബെഡ് പ്രോജക്ടിലൂടെ അഭയാർഥികളെല്ലാം അവരവരുടെ വീടുകളിൽ പഴങ്ങളും പച്ചക്കറികളും പൂക്കളുമെല്ലാം നട്ടുവളർത്തുകയാണിന്ന്. പേരു പോലെത്തന്നെ കിടക്കയിൽ ചെടി വളർത്തുന്ന രീതിയാണ് ഗ്രീൻബെഡ് പ്രോജക്ട്. മരുഭൂമിയിൽ പൂക്കാലമൊരുക്കുകയെന്ന ലക്ഷ്യവുമുണ്ട്. തിങ്ങിനിറഞ്ഞ് ക്യാംപുകളും വീടുകളുമായതിനാൽ സത്താറിയിൽ കൃഷി ചെയ്യാൻ സ്ഥലം തീരെയില്ല. സ്ഥലമുള്ളവർക്കാണെങ്കിൽ ആവശ്യത്തിനു വെള്ളമില്ല. കൊല്ലത്തിൽ ആകെ ലഭിക്കുന്നത് 20 സെന്റിമീറ്ററിൽ താഴെ മഴ. ഇനി വെള്ളം ലഭിച്ചാലാകട്ടെ അതിന് ഉപ്പുരസവും. ഇതിനൊരു പരിഹാരം തേടി നടക്കുന്നതിനിടെയാണ് ഗവേഷകർ ക്യാംപിൽ ഉപയോഗിച്ച് ഉപേക്ഷിച്ച കിടക്കകൾ കാണുന്നത്. അതിനകത്ത് നിറയെ സ്പോഞ്ചും. സ്ഥലം നികത്താൻ ഉപയോഗിക്കാൻ വേണ്ടി മാറ്റിവച്ചിരിക്കുകയായിരുന്നു അവ. എന്നാൽ നേരത്തേ അത്തരത്തിൽ സ്ഥലം നികത്തിയ ഒരിടം സർവകലാശാലയിലെ കെമിസ്റ്റ് ടോണി റയാൻ സന്ദർശിച്ചിരുന്നു. കിടക്കയിലെ സ്പോഞ്ചിൽ ഒരു തക്കാളിച്ചെടി വളർന്നു നിൽക്കുന്ന കാഴ്ച അന്നദ്ദേഹത്തിന്റെ മനസ്സിൽ തങ്ങിനിൽക്കുകയും ചെയ്തു. എന്തുകൊണ്ട് ആ വിദ്യ സത്താറിയിൽ പ്രയോഗിച്ചു കൂടാ? അദ്ദേഹം ഐക്യരാഷ്ട്ര സംഘടന അധികൃതരുമായി ചർച്ച നടത്തി. ഒരു പ്രോജക്ടും തയാറാക്കി–മരുഭൂമിയിലൊരു കൃഷിത്തോട്ടം പദ്ധതിയുടെ (Desert Garden project) തുടക്കം അതായിരുന്നു.
മണ്ണിനു പകരം കിടക്കയിലെ സ്പോഞ്ചിൽ (പോളിയുറീത്തീൻ എന്ന പോളിമറിൽ) ചെടി വളർത്തുന്ന രീതിയായിരുന്നു അത്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകളിലും പാത്രങ്ങളിലുമെല്ലാം ഈ സ്പോഞ്ച് നിറച്ചു. ഹൈഡ്രോപോണിക്സ് രീതിയിൽ ചെടി വളർത്താൻ ക്യാംപിലുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. മണ്ണില്ലാതെ വെള്ളം മാത്രമുപയോഗിച്ച് ചെടി വളർത്തുന്ന രീതിയാണിത്. ചെടി സ്പോഞ്ചിൽ നടും, അതിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകവസ്തുക്കൾ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യും. സ്പോഞ്ചായതിനാൽ വെള്ളം പുറത്തേക്കു പോകാതെ ഏറെനാൾ തങ്ങിനിൽക്കുകയും ചെയ്യും. ഇതുവരെ കുട്ടികൾ ഉൾപ്പെടെ ആയിരത്തോളം പേർക്ക് പ്രോജക്ട് പ്രകാരം സർവകലാശാല വിദഗ്ധർ പരിശീലനം നൽകി. കൃഷി ചെയ്തു പഠിക്കാനുള്ള സ്റ്റാർട്ടർ കിറ്റും നൽകി. സിറിയൻ അതിർത്തിയിൽ നിന്ന് 12 കിമീ ദൂരെ മാത്രമാണ് സത്താറി ക്യാംപ്. അവിടെ വന്നവരിലേറെയും സിറിയയിലെ കൃഷിക്കാരുമായിരുന്നു. അവർ അവസരം ശരിക്കും പ്രയോജനപ്പെടുത്തി. അതോടെ ക്യാംപുകൾ ‘പച്ച’പിടിച്ചു. ഓരോ വീട്ടിലും ഓരോ കൃഷിത്തോട്ടം. ചീര, പച്ചമുളക്, കാബേജ്, വെള്ളരി, വഴുതനങ്ങ, കക്കരിക്ക, തക്കാളി തുടങ്ങി ആവശ്യമായതെല്ലാം സ്വയം ഉൽപാദിപ്പിക്കാനും സാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ലഭിക്കുന്ന സംഭാവന കൊണ്ട് പ്രോജക്ട് കൂടുതൽ വ്യാപിപ്പിക്കാനാണിപ്പോൾ റയാന്റെയും സംഘത്തിന്റെയും ശ്രമം.
Summary : Green bed project in Jordan