പക്ഷികളെ തിന്നുതീർത്ത് 30 ലക്ഷം പാമ്പുകൾ; തുരത്താൻ വിഷഗുളിക, Guam island, Brown tree snake, Padhippura, Manorama Online

പക്ഷികളെ തിന്നുതീർത്ത് 30 ലക്ഷം പാമ്പുകൾ; തുരത്താൻ വിഷഗുളിക

വി.ആർ. വിനയരാജ്

അമേരിക്കൻ ഐക്യനാടുകളുടെ അധീനതയിലുള്ള കൊച്ചുദ്വീപാണ് ഗുവാം (Guam). കേരളത്തിലെ എറ്റവും ചെറിയ ജില്ലയായ ആലപ്പുഴയുടെ മൂന്നിലൊന്നു വലുപ്പമേ ഈ ദ്വീപിനുള്ളൂ. രാജ്യാന്തര സമയരേഖയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ അമേരിക്കയിൽ ആദ്യം നേരം വെളുക്കുന്നത് ഗുവാമിലാണെന്നു പറയാറുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് പേൾ ഹാർബർ ആക്രമണത്തിനു തൊട്ടുപിന്നാലെ ജപ്പാൻസേന ഗുവാമിൽ എത്തി. 31 മാസത്തെ അധിനിവേശകാലത്ത് നാട്ടുകാരെ ജപ്പാൻ സൈന്യം മൃഗീയമായി പീഡിപ്പിച്ചു. ഒട്ടേറെ പേരെ തടവിലാക്കി. കഠിനമായി ജോലി ചെയ്യിച്ചു. അന്ന് ദ്വീപിലെ ജനസംഖ്യ ഏകദേശം ഇരുപതിനായിരം. ജപ്പാൻ സൈന്യത്തിന്റെ പീഡനത്തിൽ ഇതിൽ 10% ആളുകൾ കൊല്ലപ്പെട്ടെന്നാണു കണക്ക്. യുദ്ധാവസാനത്തോടെ ദ്വീപ് തിരികെപ്പിടിച്ച അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ പതിനെട്ടായിരത്തോളം ജപ്പാൻ സൈനികർ കൊല്ലപ്പെടുകയുമുണ്ടായി. ഇക്കാലത്ത് ഏതോ അമേരിക്കൻ കപ്പലിൽ കയറി ഗുവാം ദ്വീപിലെത്തിയതാണ് ഏതാനും ഇരുളൻ മരപ്പാമ്പുകൾ(Brown tree snake – Boiga irregularis)

പക്ഷികളുടെ അന്തകൻ
ഗുവാം ദ്വീപിൽ അക്കാലത്തു പാമ്പുകൾ ഇല്ലായിരുന്നു. സ്വാഭാവിക ശത്രു ജീവികളൊന്നും ഇല്ലാതിരുന്ന ദ്വീപിൽ ഈ പാമ്പുകൾ പെരുകാൻ തുടങ്ങി. ഗുവാമിൽ സമൃദ്ധമായുണ്ടായിരുന്ന പക്ഷികളെ ഒന്നൊന്നായി ഈ പാമ്പുകൾ തിന്നുതീർത്തു. പല പക്ഷികളും ഗുവാമിൽ മാത്രം കണ്ടുവരുന്നവയായിരുന്നു. 12 ഇനം പക്ഷികൾക്ക് ഈ പാമ്പുകൾ കാരണം വംശനാശം സംഭവിച്ചതായാണു കണക്ക്. ഒട്ടേറെ പക്ഷി വർഗങ്ങളുടെ എണ്ണം പേടിപ്പെടുത്തുന്ന രീതിയിൽ കുറഞ്ഞു. പക്ഷികൾ ഇല്ലാതായതോടെ, അവയുടെ ആഹാരമായ ചിലന്തികൾ പെരുകി. അടുത്തുള്ള മറ്റുദ്വീപുകളുമായി താരതമ്യം ചെയ്താൽ ഗുവാമിൽ ചിലന്തികളുടെ എണ്ണം 40 മടങ്ങായി. പക്ഷികൾ പരാഗണം നടത്തുന്ന സസ്യങ്ങളുടെ വൈവിധ്യത്തിലും വലിയകുറവുണ്ടായി. മറ്റിടങ്ങളിൽ ഒന്നും രണ്ടും മീറ്റർ വരെ നീളം വയ്ക്കുന്ന മരപ്പാമ്പുകൾ ഗുവാമിൽ മൂന്നുമീറ്ററോളം നീളത്തിൽ വളർന്നു. ചെറിയതോതിൽ മാത്രമുള്ള ഇവയുടെ വിഷം മുതിർന്ന മനുഷ്യർക്ക് മാരകമാവാറില്ല.

പാമ്പുകൾ പെരുകിയതോടെ ദ്വീപിലെ മറ്റു ചെറിയജീവികളുടെയും വളർത്തുമൃഗങ്ങളുടെയും എണ്ണത്തിൽ വൻകുറവുണ്ടായി. ഗുവാമിൽ നിന്നു പുറപ്പെടുന്ന ചരക്കുവാഹനങ്ങളിൽക്കൂടി പാമ്പുകൾ മറ്റിടത്ത് എത്താതിരിക്കാൻ പരിശീലനം ലഭിച്ച നായകളെ ഉപയോഗിച്ച് ഇവയെ കണ്ടെത്താറുണ്ട്. അടുത്തുള്ള ഹവായി ദ്വീപിൽ ഇവ എത്തിയാൽ അവിടെ 15 ലക്ഷം കോടി രൂപയുടെ വരെ നഷ്ടമുണ്ടായേക്കാം എന്നാണ് കണക്കുകൂട്ടൽ. ഈ ചെറിയ ദ്വീപിൽമാത്രം 30 ലക്ഷത്തോളം മരപ്പാമ്പുകൾ ഉണ്ടെന്നുപറയുമ്പോൾ അവയുടെ എണ്ണം എത്രത്തോളം ഭീകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരിസ്ഥിതിയെയും സാമ്പത്തികാവസ്ഥയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ എണ്ണം പലതരത്തിൽ നിയന്ത്രിക്കാനും ഇവയെ നശിപ്പിക്കാനും ഗുവാം അധികൃതർ ശ്രമിച്ചെങ്കിലും കാര്യമായ വിജയം ഉണ്ടായില്ല. ചത്ത എലികളിൽ വിഷഗുളിക വച്ച് ഹെലികോപ്റ്റർ വഴി വിതറുന്നതാണ് നിലവിൽ ഫലപ്രദമായി ഉപയോഗിക്കുന്ന മാർഗം.

യുദ്ധം തീർന്നത് അറിയാതെ
ഈ ചരിത്രമൊക്കെയുള്ള ഗുവാം ദ്വീപിൽ മറ്റൊരു രസകരമായ സംഭവം ഉണ്ടായി. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ സേനയുടെ ഭാഗമായി ഗുവാം ദ്വീപിലെത്തിയ ഷോയിച്ചി യോക്കോയി (Shoichi Yokoi) 1945 -ൽ യുദ്ധം തീർന്ന് ജപ്പാൻ കീഴടങ്ങിയത് അറിഞ്ഞത് പിന്നെയും 7വർഷം കഴിഞ്ഞാണ്. പിടിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്നത് അഭിമാനക്ഷതമായിക്കരുതിയ യോക്കോയി ആ ദ്വീപിൽ ആരുമറിയാതെ ജീവിച്ചു. ജപ്പാൻ കീഴടങ്ങി 28 വർഷത്തിനുശേഷമാണ് അയാളെ കണ്ടെത്തിയത്. അതുവരെ ഗുവാമിലെ കാടുകളിൽ ആരോരുമറിയാതെ യോക്കോയി ജീവിച്ചു. രാത്രിയിൽ വേട്ടയാടി, ചെടികൾ കൊണ്ട് വസ്ത്രങ്ങളും കിടക്കയും ഉണ്ടാക്കി അയാൾ ഒരു ഗുഹയിൽ കഴിഞ്ഞു. പിടിയിലായി തിരികെ ജപ്പാനിലെത്തിയപ്പോൾ യുദ്ധം ജയിക്കാതെ തിരിച്ചുവന്നതിൽ തനിക്ക് നാണക്കേടുണ്ടെന്ന് പറഞ്ഞത് ജപ്പാനിൽ പ്രസിദ്ധമായി. താമസിയാതെ ജപ്പാൻ ടെലിവിഷനിൽ ജനകീയനായിത്തീർന്ന അദ്ദേഹം ലളിതജീവിതരീതിയുടെ വക്താവുമായിമാറി. ജപ്പാൻ കൊട്ടാരത്തിൽ എത്തിയ യോക്കോയി പറഞ്ഞു, "മഹാരാജാവേ, ഞാൻ തിരികെയെത്തി, അങ്ങയെ വേണ്ടതുപോലെ സേവിക്കാൻ കഴിയാത്തതിൽ എനിക്കു ഖേദമുണ്ട്, ലോകം എത്ര മാറിയെങ്കിലും അങ്ങയെ സേവിക്കാനുള്ള എന്റെ നിശ്ചയദാർഢ്യത്തിനു മാറ്റവുമില്ല". 1955 ൽ യോക്കോയി മരിച്ചെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. അന്ന് അമ്മ അദ്ദേഹത്തിനായി ഒരു കല്ലറ പണികഴിപ്പിച്ചു. അതിൽത്തന്നെയാണ് 1997ൽ മരിച്ചപ്പോൾ യോക്കോയിയെ അടക്കം ചെയ്തത്.