കുതിരകൾ ഭരിക്കുന്ന ഹ്വീനംസ് എന്ന നാട് !
ജസ്റ്റിൻ മാത്യു
ഗള്ളിവറുടെ സാഹസിക യാത്രകൾ- എന്ന ഈ നോവൽ അത്ഭുതങ്ങളുടെ രാജ്യങ്ങളിലൂടെയാണ് വായനക്കാരനെ നയിക്കുന്നത്...
എല്ലാ പുസ്തകങ്ങളും നശിപ്പിച്ചുകളഞ്ഞാലും നിലനിർത്തേണ്ട ആറു പുസ്തകങ്ങളിൽ ഒന്നെന്ന് ജോർജ് ഓർവെൽ വിശേഷിപ്പിച്ച നോവലാണു ഗള്ളിവറുടെ യാത്രകൾ.
ആക്ഷേപ ഹാസ്യ കഥാകാരന്മാരിൽ പ്രമുഖനായ ജൊനാഥൻ സ്വിഫ്റ്റിന്റെ ഏറ്റവും പ്രധാന കൃതിയായാണ് ഈ നോവൽ കണക്കാക്കുന്നത്. 1726ൽ പ്രസിദ്ധീകരിച്ച ഈ നോവൽ അത്ഭുതങ്ങളുടെ രാജ്യങ്ങളിലൂടെയാണു വായനക്കാരനെ നയിക്കുന്നത്.
ഇംഗ്ലണ്ടിലെ ഭൂവുടമയുടെ മകനായ ഡോ. ലെമുവൽ ഗള്ളിവറാണു പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ നാലു യാത്രകളുടെ വിവരണമാണു കഥ. ലണ്ടനിലെ പ്രാക്ടീസ് പരാജയപ്പെട്ട ഗള്ളിവർ നാവിക സർജനായി യാത്ര ആരംഭിക്കുന്നു.
എന്നാൽ യാത്രാമധ്യേ കൊടുങ്കാറ്റിൽ കപ്പൽ തകരുന്നു. അവിടെനിന്നു ഗള്ളിവർ എത്തുന്നത് കുള്ളന്മാരുടെ നാടായ ലില്ലിപ്പുട്ടിലാണ്. ആ നാട്ടിലെ ജീവിതവും നിയമങ്ങളുമെല്ലാം രസകരമാണ്. അവിടുത്തെ ജനങ്ങളുടെ മുൻപിൽ ഗള്ളിവർ ഭീമാകാരനായി കാണപ്പെട്ടു. ആ നാട്ടിൽ ഗള്ളിവർക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങൾ രസകരമായാണ് എഴുത്തുകാരൻ വിവരിച്ചിരിക്കുന്നത്.
അവിടെ നിന്നു സ്വന്തം നാട്ടിലെത്തുന്ന ഗള്ളിവർ വീണ്ടും യാത്ര തുടരുന്നു. ഇത്തവണ എത്തുന്നതു ഭീമാകന്മാരുടെ നാടായ ബ്രോബ്ഡിങ്നാഗിലണ്. അറുപതടി ഉയരമുള്ള മനുഷ്യഭീമന്മാർ ഗളളിവറെ ഒരു കീടമായാണു കരുതുന്നത്.
ലില്ലിപ്പുട്ടിൽ ഉണ്ടായതിന്റെ നേരെ വിപരീതമായ അനുഭവമാണ് അവിടെ ഗള്ളിവർക്കുണ്ടാകുന്നത്. അടുത്ത യാത്രയിൽ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ നിന്നു രക്ഷപെട്ടു ഗളളിവർ എത്തുന്നത് ഒഴുകി നടക്കുന്ന ലപ്പൂട്ടാ എന്ന ദ്വീപിലേക്കാണ്.
ശാസ്ത്രജ്ഞരും പണ്ഡിതരും ദാർശനികരുമായിരുന്നു ആ നാട്ടിലെ പ്രധാനികൾ. പ്രായോഗിക ജീവിതവുമായി ബന്ധമില്ലാത്ത ഗണിത, ജ്യോതിശാസ്ത്ര, സാങ്കേതിക കാര്യങ്ങളിലാണ് അവർക്കു താൽപര്യം. അവിടെ നിന്നു ലഗ്ഗ്‌നാഗ് എന്ന നാട്ടിലും ഗള്ളിവർ എത്തുന്നു.
ഒന്നും ആശിക്കാനില്ലെങ്കിലും മരിക്കാനാകാതെ ജീവിക്കാൻ ശപിക്കപ്പെട്ട മനുഷ്യരെയാണ് ഗള്ളിവർ അവിടെ കണ്ടുമുട്ടുന്നത്. അടുത്ത യാത്രയിൽ കുതിരകൾ ഭരിക്കുന്ന ഹ്വീനംസ് എന്ന നാട്ടിലാണ് ഗള്ളിവറെത്തുന്നത്.
മനുഷ്യരുടെ വഡ്ഢിത്തങ്ങളെ പരിഹസിക്കുകയായിരുന്നു സ്വിഫ്റ്റ് ഈ കൃതിയിലൂടെ ചെയ്തത്. ഗള്ളിവറുടെ കഥയിൽ തെളിഞ്ഞു കാണുന്ന മനുഷ്യവിരോധം വിമർശിക്കപ്പെട്ടെങ്കിലും സ്വിഫ്റ്റിന്റെ ഈ നായകശില്പം അസാമാന്യമായ ജനപ്രീതി നേടി.
Summary: Gullivers Travels, Jonathan Swift