സൗജന്യമാണ് ഈ വീട്; പക്ഷേ രാത്രികളിലെ ആ പ്രേതശബ്ദം, കരച്ചിലുകൾ...!
ഏകദേശം 90–100 വർഷം മുൻപ് നിർമിച്ച ഒരു വീട്. ലൂസിയാനയിലെ ലാഫെയെറ്റിലാണ് കാഴ്ചയിൽ അതിമനോഹരമായ ആ രണ്ടുനില വീടുള്ളത്. ചുറ്റിലും നട്ടുപിടിപ്പിച്ച മരങ്ങൾക്കു നടുവിൽ പ്രൗഢിയോടെ അതു കാലങ്ങളായി നിലനിൽക്കുന്നു. ഏതാനും മാസം മുന്‍പു വരെ അവിടെ താമസക്കാരുമുണ്ടായിരുന്നു. പക്ഷേ പിന്നീട് സ്ഥലവും വീടും ഉൾപ്പെടെ മക്‌ലെയ്ൻ ഇൻവെസ്റ്റ്മെന്റ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി വാങ്ങി. ആ സ്ഥലത്തു പുതിയ കെട്ടിടം നിർമിക്കാനിരിക്കുകയാണു കമ്പനി. പക്ഷേ വീട് പൊളിച്ചുകളയാൻ മാത്രം മനസ്സു വന്നില്ല. ആരെങ്കിലും വീട് മാത്രമായി കൊണ്ടുപോകുകയാണെങ്കിൽ നല്ലതാണല്ലോയെന്നോർത്ത്, കമ്പനി ഉടമകളിലൊരാളായ സിൽവിയ മക്‌ലെയ്ൻ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റുമിട്ടു.
വീട് സൗജന്യമായി ആർക്കുവേണ്ടമെങ്കിലും കൊണ്ടുപോകാം, പക്ഷേ അതിതിനുള്ള ചെലവ് അവർ വഹിക്കണം. വീട് എങ്ങനെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുമെന്നു സംശയമുണ്ടാകുമല്ലേ കൊച്ചുകൂട്ടുകാർക്ക്? വിദേശത്ത് അങ്ങനെയൊരു സംഭവമുണ്ട്. വീട് അടിത്തറയോടെ എടുത്തുമാറ്റി മറ്റൊരിടത്തെത്തിക്കാൻ സഹായിക്കുന്ന റീലൊക്കേഷൻ സര്‍വീസ് കമ്പനികൾ വരെയുണ്ടവിടെ. സിൽവിയയുടെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ ഒട്ടേറെ പേരാണ് കമന്റുമായെത്തിയത്. പക്ഷേ വീട് വാങ്ങാൻ താൽപര്യമറിയിച്ചായിരുന്നില്ല അതൊന്നും, മറിച്ച് ആ വീടിനെ ചുറ്റിപ്പറ്റിയുള്ള ചില കഥകളായിരുന്നു. അതും പേടിപ്പിക്കുന്ന കഥകൾ!
സിനിമകളിലൊക്കെ കാണുംപോലെ പ്രേതബാധയുള്ള വീടാണത്രേ അത്. അവിടെ താമസിച്ചിരുന്നവരും അയൽക്കാരും പ്രദേശവാസികളുമെല്ലാം പലവിധ കഥകളുമായി ഫെയ്സ്ബുക് പോസ്റ്റിനു താഴെയെത്തി. പലപ്പോഴായി ആ വീട്ടിൽ സന്ദർശനം നടത്തിയവരും പറഞ്ഞത് അസാധാരണ അനുഭവങ്ങളുടെ കഥയായിരുന്നു. യുഎസിലെ പ്രശസ്തമായ അമിറ്റിവിൽ ഹൗസുമായി ബന്ധപ്പെട്ട ഹൊറർ കഥകളോടാണ് പലരും വീടിനെ താരതമ്യപ്പെടുത്തിയത്. ഒരു വീട്ടിലെ ആറു പേരെ ആത്മാക്കളുടെ ‘നിർദേശ’ പ്രകാരം ഒരു ചെറുപ്പക്കാരൻ കൊലപ്പെടുത്തിയ കഥയാണ് അമിറ്റിവില്ലിന്റേത്. താമസിക്കാൻ വരുന്നവരെയെല്ലാം പേടിപ്പിച്ചോടിക്കുന്ന, ചിലപ്പോൾ കൊന്നുകളയാൻ വരെ സാധിക്കും വിധം പ്രേതബാധയേറ്റ വീടാണ് അമിറ്റിവിൽ ഹൗസ്. ലൂസിയാനയിലെ വീട്ടിൽ പക്ഷേ യഥാർഥത്തിൽ ആരും മരിച്ചിട്ടില്ല. എന്നിട്ടും പ്രേതാനുഭവങ്ങൾ ഒട്ടേറെയാണ്.
നാല് ബെഡ് റൂമുകളുള്ള വീട് 1920–30കളിൽ നിർമിച്ചതാണെന്നാണു കമ്പനി പറയുന്നത്. അവിടെ കടന്നുകൂടിയ പ്രേതമാകട്ടെ വീടിന്റെ ഉടമകളിലൊരാളുടെ മുതുമുത്തശ്ശിയുടേതാണത്രേ! നേരത്തേ വീട്ടിൽ താമസിച്ചിരുന്ന ഡോൺ വാലട്ടാണ് തന്റെ മുതുമുത്തശ്ശി അഡെലിന്റെ ആത്മാവാണ് ഇപ്പോഴും വീട്ടിൽ അലയുന്നതായി പറഞ്ഞത്. 90 വയസ്സു വരെ ആ വീട്ടിൽ ജീവിച്ചാണു അവർ മരിച്ചത്. ഏകദേശം നാലടി ഒൻപതിഞ്ചായിരുന്നു ഉയരം, 45-50 കിലോ ഭാരത്തിൽ മെലിഞ്ഞിട്ടായിരുന്നു അവരെന്നുംം അദ്ദേഹം പറയുന്നു. അവിടെ പ്രേതത്തെ കണ്ടവരും അത്രതന്നെ ഉയരമുള്ള, മെലിഞ്ഞ സ്ത്രീയെയാണു കണ്ടതെന്നാണു പറയുന്നത്.
ഏകദേശം 160 ഏക്കര്‍ സ്ഥലത്തിനു നടുവിലാണ് വീട്. 1860 മുതൽ ആ സ്ഥലത്തിന്റെ ഉടമകളാണ് ഡോണിന്റെ കുടുംബം. 1920–30കളിൽ വീട് നിർമിച്ച് 1967ൽ വീടിന്റെ മുന്നിലെ മുറികളിലൊന്നിൽ മുത്തശ്ശിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രായാധിക്യം കാരണമുള്ള സ്വാഭാവിക മരണമായിരുന്നു അത്. 1980കളിൽ ഡോണും കുടുംബവും ഈ വീട് വിട്ടു. അപ്പോഴും അവർ പറഞ്ഞത് വീട്ടിൽ മുതുമുത്തശ്ശിയുടെ ആത്മാവുണ്ടെന്നായിരുന്നു. ഈ മുത്തശ്ശിക്ക് ഒരു സ്വഭാവമുണ്ട്. പുള്ളിക്കാരി ഭക്ഷണം അടുപ്പത്ത് വച്ച് മറ്റു ജോലികൾ നോക്കാൻ പോകും. പത്രങ്ങൾ എടുത്തു പലയിടത്തും കൊണ്ടുവച്ച് മറന്നു പോകുന്നതും പതിവായിരുന്നു. ഇപ്പോഴും അടുക്കളയിൽ എന്തെങ്കിലും തിളപ്പിക്കാൻവച്ച് വീട്ടുകാർ പുറത്തുപോയെന്നിരിക്കട്ടെ, തിരികെ വരുമ്പോൾ ആരോ പാത്രം ഇളക്കിയതായി കാണാം! ഇടയ്ക്കിടെ രാത്രികളിൽ പാത്രങ്ങൾ തട്ടിയുള്ള ശബ്ദവും കേൾക്കാം. ചിലർ പറയുന്നതാകട്ടെ രാത്രി വീടിനകത്തുനിന്ന് പ്രായമുള്ള ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടിട്ടുണ്ടെന്നാണ്!
വീട് ആരെങ്കിലും വാങ്ങിക്കൊണ്ടു പോയാൽ പ്രേതവും ഒപ്പമെത്തുമെന്നാണ് ചിലരുടെ മുന്നറിയിപ്പ്. താനും ഈ കഥകളെല്ലാം കേട്ടിരുന്നതായി സിൽവിയ പറയുന്നു. മാത്രവുമല്ല, ഇതിനു തൊട്ടുമുൻപ് താമസിച്ചിരുന്നവർ ഒരു ഘട്ടത്തിൽ ഗോസ്റ്റ് ഹണ്ടർമാരുടെ സഹായം വരെ തേടിയിരുന്നു. പ്രേതങ്ങളുണ്ടെന്നു സംശയിക്കുന്ന വീടുകളിലെത്തി അവയെ ഒഴിപ്പിക്കുന്ന പ്രഫഷണൽ സംഘങ്ങളാണ് ഗോസ്റ്റ് ഹണ്ടേഴ്സ് എന്നറിയപ്പെടുന്നത്. പക്ഷേ വീടിന്റെ കാലപ്പഴക്കം കാരണം അതു സംരക്ഷിക്കപ്പെടണമെന്നു തോന്നിയതാണ് സിൽവിയയ്ക്കു വിനയായത്. ഇപ്പോൾ ആരും കെട്ടിടം വാങ്ങാൻ വരുന്നില്ലെന്നു മാത്രമല്ല പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് പ്രേതകഥ പ്രശ്നമുണ്ടാക്കുമോയെന്ന ആശങ്കയുമായി. ഒട്ടേറെ പാശ്ചാത്യ മാധ്യമങ്ങളിൽ അത്രയേറെ പ്രാധാന്യത്തോടെയാണ് ഈ പ്രേത വാർത്ത വന്നത്.
ഇതൊക്കെ ചുമ്മാ നാട്ടുകാരുടെ ‘ഇളക്കൽ’ മാത്രമാണെന്നു പറഞ്ഞ് ചിലർ വീട് വാങ്ങാൻ തയാറായിരുന്നു. പക്ഷേ രണ്ടുനിലകളിലായുള്ള 2400 ചതുരശ്ര അടി പ്രദേശത്തെ വീട് മാറ്റി മറ്റൊരിടത്തു സ്ഥാപിക്കണമെങ്കിൽ ഏകദേശം 64000 പൗണ്ട് (60 ലക്ഷം രൂപ) ചെലവാണ് കണക്കു കൂട്ടുന്നത്. അതോടെ പലരും പിന്മാറി. എന്നാൽ സമീപപ്രദേശത്തേക്കു മാറ്റുകയാണെങ്കിൽ 30,000ത്തോളം പൗണ്ട് മാത്രമേ ചെലവ് വരികയുള്ളൂവെന്നാണു സിൽവിയ പറയുന്നത്. എന്തൊക്കെ പ്രേതമുണ്ടെന്നു പറഞ്ഞാലും ഏറെ ചരിത്രമൂല്യമുള്ള ആ വീട് കമ്പനി പൊളിച്ചുകളയില്ലെന്നും അനുയോജ്യമായ സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുമെന്നും സിൽവിയ പറയുന്നു. അതിനിടെ ഒരു വ്യക്തി വീട് മാറ്റാമെന്ന് അറിയിച്ച് രംഗത്തു വന്നിട്ടുണ്ടെന്നും ഏതാനും ആഴ്ചയ്ക്കകം സുരക്ഷിതമായി അതു മറ്റൊരിടത്തേക്കു മാറ്റുമെന്നും സിൽവിയ ഫെയ്സ്ബുക് പോസ്റ്റിനു താഴെ കമന്റായി പറഞ്ഞു. തന്റെ മകനു വേണ്ടിയാണത്രേ അദ്ദേഹം ആ വീട് വാങ്ങിയത്.