ലോകത്ത് ആകെ അവശേഷിച്ചിരുന്നത് 30 പക്ഷികൾ, പക്ഷേ പിന്നീട് സംഭവിച്ചതോ?, Hawaiian goose,endangered, Padhippura,, Manorama Online

ലോകത്ത് ആകെ അവശേഷിച്ചിരുന്നത് 30 പക്ഷികൾ, പക്ഷേ പിന്നീട് സംഭവിച്ചതോ?

1778ലാണ് ബ്രിട്ടിഷ് പര്യവേക്ഷകനായ ക്യാപ്റ്റൻ കുക്ക് ആദ്യമായി ഹവായി ദ്വീപസമൂഹങ്ങളിലെത്തുന്നത്. യൂറോപ്പിൽ നിന്ന് ആദ്യമായി ഈ ദ്വീപുകളിലേക്കെത്തുന്നതും അദ്ദേഹമാണ്. ചിതറിക്കിടക്കുന്ന ദ്വീപിലെത്തിയ കുക്കിന്റെ കണ്ണിലുടക്കിയ കാഴ്ചകളിൽ ഒരു പക്ഷിയുമുണ്ടായിരുന്നു. ഹവായിയൻ ഗൂസ് എന്നറിയപ്പെടുന്ന അതിനെ പ്രദേശവാസികൾ വിളിച്ചിരുന്നത് നേനേ എന്നായിരുന്നു. ഇടയ്ക്കിടെ നേനേ എന്നു പറഞ്ഞ് ചിലയ്ക്കുന്നതു കൊണ്ടായിരുന്നു ആ പേരിട്ടത്. ചിലപ്പോഴൊക്കെ പശുവിനെപ്പോലെ അമറുന്നതും ഇതിന്റെ സ്വഭാവമാണ്. കുക്കിനെ ഏറെ വിസ്മയിപ്പിച്ചത് ദ്വീപിലെ അഗ്നിപർവത്തിൽ നിന്നു പൊട്ടിയൊലിച്ച് കുഴഞ്ഞുകിടന്നിരുന്ന ലാവയിലൂടെ ഇതു നടക്കുന്നതായിരുന്നു. അതിനു സഹായിക്കും വിധം പ്രത്യേക കാൽപ്പാദങ്ങളുമുണ്ടായിരുന്നു നേനേയ്ക്ക്. ലാവയിൽ തഴച്ചു വളരുന്ന ഒഹീലോ എന്നറിയപ്പെടുന്ന ചുവന്ന കുഞ്ഞൻ പഴവും ഇതിന് ഏറെ ഇഷ്ടമായിരുന്നു.


ദ്വീപിലെ അഗ്നിപർവത ദേവൻ നൽകുന്നതാണ് ആ പഴമെന്നാണു പ്രദേശവാസികളുടെ വിശ്വാസം. അതിനാൽത്തന്നെ നേനേയോടും അവർ ആ സ്നേഹം കാണിച്ചു. എന്നാൽ കുക്കിന്റെ കപ്പലിലേറി ദ്വീപിലെത്തിയ കീരികളും പാമ്പുകളും എലികളുമെല്ലാം പെരുകിയതോടെ ഈ പാവം താറാവിന്റെ കഷ്ടകാലം തുടങ്ങി. പറക്കാൻ സാധിക്കാതെ, തത്തിത്തത്തി നടക്കുന്ന ഇവയെ വേട്ടക്കാരും കീരികളും കൂട്ടത്തോടെ കൊന്നൊടുക്കി. അതോടെ 1952 ആയപ്പോഴേക്കും ഇവയുടെ എണ്ണം വെറും 30ലേക്കു ചുരുങ്ങി. ഹവായി ദ്വീപുകളിൽ മാത്രം കാണപ്പെട്ടിരുന്ന ഇവയെ അങ്ങനെയൊന്നും നാശത്തിനു വിട്ടുകൊടുക്കാൻ ഗവേഷകരും തദ്ദേശവാസികളും തയാറായിരുന്നില്ല. 1957ൽ നേനേ ഹവായിയുടെ ദേശീയ പക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967ൽ ഇതിനെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിലും ഉൾപ്പെടുത്തി. നേനേയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

ഇവയുടെ മുട്ടകൾ ഗവേഷകർ ശേഖരിച്ചു. എല്ലാം സുരക്ഷിതമായി വിരിയിക്കാനുള്ള സൗകര്യവുമൊരുക്കി. ഇവയ്ക്കു വേണ്ടി പ്രത്യേക താവളങ്ങളും തയാറാക്കി. ദ്വീപിലെ ഇവയുടെ സ്വാഭാവിക ആവാസസ്ഥാനങ്ങൾ മെച്ചപ്പെടുത്തി. സർക്കാർ തലത്തിൽ തന്നെ ഇടപെടലുണ്ടായതോടെ 60 വർഷം കൊണ്ട് കാര്യമായ മാറ്റമാണുണ്ടായത്. നേനേപ്പക്ഷികളുടെ എണ്ണം 90 മടങ്ങ് വർധിച്ച് ഇപ്പോൾ 3000ത്തിലെത്തിയിരിക്കുകയാണ്. ഹവായി ദ്വീപുകളിലെ 20 കേന്ദ്രങ്ങളിലായി ഇവയെ വിടുകയും ചെയ്തു. എണ്ണം കൂടിയതിനു പിന്നാലെ സന്തോഷവാർത്തയുമെത്തി, വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയിൽ നിന്ന് നേനേപ്പക്ഷിയെ ഒഴിവാക്കിയിരിക്കുന്നു. സസ്യഭുക്കുകളായ ഈ പക്ഷികൾ ഭക്ഷണമാക്കുന്ന ചെടികളും പുല്ലുകളുമെല്ലാം ദ്വീപിലാകെ നട്ടുപിടിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇവയെ കൊല്ലുന്നതും നിയമം മൂലം തടഞ്ഞിട്ടുമുണ്ട്. അതോടെ നേനേയും പ്രകൃതിസ്നേഹികളും ഹാപ്പിഹാപ്പി.