ഛിന്നഗ്രഹത്തെ ‘വെടിവച്ച് തകർത്തു’; അമ്പരപ്പിച്ച് ജാപ്പനീസ് ഹയാബുസ
ബഹിരാകാശത്തു പാഞ്ഞുപോകുന്ന ഒരു ഛിന്നഗ്രഹം. പണ്ടിതു പോലെ ഒരു ഛിന്നഗ്രഹം വന്നിടിച്ചാണു ഭൂമിയിലെ ദിനോസറുകളെല്ലാം മരിച്ചതെന്നാണു കരുതുന്നത്. എന്നാൽ ഹയാബുസ 2 എന്ന പേടകത്തിന് അതൊന്നും ഒരു പ്രശ്നമേയല്ല. ഡ്യുഗു എന്ന ഛിന്നഗ്രഹത്തിലേക്ക് അത് ചറപറ വെടിയുതിർത്തു കൊണ്ടേയിരുന്നു. ഒടുവിൽ ഡ്യുഗു ‘തോൽവി’ സമ്മതിക്കുകയും ചെയ്തു! ഇതെന്താണു സംഭവമെന്നല്ലേ. ബഹിരാകാശ ചരിത്രത്തിൽ ഇതാദ്യമായി ഒരു ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിനു തൊട്ടുതാഴെ നിന്നുള്ള സാംപിളുകൾ ശേഖരിച്ചിരിക്കുകയാണ് ഗവേഷകർ. നേരത്തേ ചന്ദ്രനിൽ നിന്നു മാത്രമേ ഇത്തരത്തിലൊരു സാംപിൾ ശേഖരണം നടന്നിട്ടുള്ളൂ.
ജപ്പാൻ ബഹിരാകാശ പര്യവേക്ഷണ ഏജൻസിയായ ജാക്സയുടെ ഹയാബുസ പേടകം മൂന്നര വർഷം കൊണ്ട് 30 കോടിയിലേറെ കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നും അതിനും താഴെ നിന്നും സാംപിളുകൾ ഒരുമിച്ചു ശേഖരിച്ചതിന്റെ റെക്കോർഡും ഹയാബുസയ്ക്കാണ്. ജാപ്പനീസ് നാടോടിക്കഥകളിലുള്ള ഒരു വ്യാളിയുടെ കൊട്ടാരത്തിന്റെ പേരാണ് ഡ്യുഗു. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിൽ ചുറ്റിത്തിരിയുന്ന ഈ ഛിന്നഗ്രഹത്തിൽ നിന്നു സാംപിൾ ശേഖരിക്കാൻ 2014ലാണ് ഹയാബുസയെ ജപ്പാൻ അയച്ചത്.
2019 ഫെബ്രുവരിയിൽ ഡ്യുഗുവിലേക്ക് ഹയാബുസ ഒരു വെടിയുണ്ട പായിച്ചിരുന്നു. അങ്ങനെയാണ് ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള സാംപിളുകള്‍ ശേഖരിച്ചത്. പക്ഷേ അവിടം കൊണ്ടും തീർന്നില്ല. അടുത്ത ഘട്ടത്തിൽ കൂടുതൽ ആഴത്തിൽ കുഴിക്കുകയായിരുന്നു ലക്ഷ്യം. ഡ്യുഗുവിലാകട്ടെ നിറയെ മൂർച്ചയുള്ള പാറക്കെട്ടുകളും മറ്റുമാണുള്ളത്. കൃത്യമായ ഒരു സ്ഥലം നോക്കിയിറങ്ങിയില്ലെങ്കിൽ പേടകം തന്നെ തകർന്നു പോകും. ഇക്കഴിഞ്ഞ ഏപ്രിലിൽ പേടകത്തിൽ നിന്ന് ഒരു ‘കുഞ്ഞു തോക്ക്’ പുറത്തേക്കിറങ്ങി. സ്മോൾ കാരി–ഓൺ ഇംപാക്ടർ (എസ്‌സിഐ) എന്നായിരുന്നു പേര്. ശരിക്കും ഒരു പറക്കും തോക്ക് ആയിരുന്നു അത്. സംഗതി ഛിന്നഗ്രഹത്തിലേക്കു പറഞ്ഞയച്ച് അതിന്റെ ‘ദൃഷ്ടിയിൽ’ നിന്ന് ഹയാബുസ മാറി നിന്നു.
ഡ്യുഗുവിന്റെ പിറകിലൊളിക്കുകയാണ് ഹയാബുസ ചെയ്തത്. അതിനു കാരണവുമുണ്ട്. ഛിന്നഗ്രഹത്തിന് ഏകദേശം 500 മീ. അകലെയായി നിലയുറപ്പിച്ചാണ് എസ്‌സിഐയുടെ ‘വെടിവയ്പ്’. ഏകദേശം രണ്ടര കിലോഗ്രാം വരുന്ന ചെമ്പിൽ തീർത്ത ഒരു വെടിയുണ്ടയാണ് ഇടിച്ചിറക്കുക. അതിനകത്ത് നാലര കിലോ വരുന്ന സ്ഫോടക വസ്തുക്കളാണ് പ്രൊപ്പല്ലന്റായി ഉള്ളത്. സംഗതി അതിവേഗം ചെന്നു ഛിന്നഗ്രഹത്തിലിടിക്കുന്നതോടെ ഏകദേശം രണ്ടു മീറ്റർ വ്യാസത്തിൽ ഒരു കുഴി രൂപപ്പെടും. ഇടിയുടെ ആഘാതത്തിൽ ഒട്ടേറെ കഷ്ണങ്ങൾ പുറത്തേക്കു തെറിക്കും. അതിലൊന്ന് ഹയാബുസയിൽ വന്നിടിച്ചാൽ മതി എല്ലാം കുളമാകാൻ. അതുകൊണ്ടാണ് പേടകം ‘ഒളിച്ചത്’.
കുഴി രൂപപ്പെട്ടു കഴിഞ്ഞാൽ പേടകം പക്ഷേ പതിയെ രംഗത്തേക്കു വരും. എന്നിട്ട് കുഴിക്ക് ഏകദേശം 20 മീ. മാറി ലാന്‍ഡ് ചെയ്യും. അവിടെ നിന്നായിരിക്കും പ്രത്യേക ഉപകരണങ്ങൾ വഴി ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിനു താഴെയുള്ള സാംപിളുകൾ ശേഖരിക്കുക. ഇതെല്ലാം ഭദ്രമായി സൂക്ഷിച്ചു വയ്ക്കും. ഈ ദൗത്യത്തോടെ ഹയാബുസ ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ പരീക്ഷണം അവിടം കൊണ്ടു തീരില്ല. ജൂലൈ അവസാനത്തോടെ ഡ്യുഗുവിന്റെ ഉപരിതലത്തിലേക്ക് ഒരു കുഞ്ഞൻ റോവറിനെ ഹയാബുസ ഇറക്കിവിടും. ഇത്തരത്തിൽ മൂന്നു തവണ റോവറിനെ കഴിഞ്ഞ വർഷം പുറത്തേക്കു വിട്ടിരുന്നു. ഇത്തവണ പക്ഷേ അവസാനത്തെ വരവാണ്.
ഡിസംബർ വരെ റോവർ ഛിന്നഗ്രഹത്തിൽ ചുറ്റിക്കറങ്ങി വിവരങ്ങൾ ശേഖരിക്കും. 2020 ഡിസംബറിലായിരിക്കും ഭൂമിയിലേക്ക്, എല്ലാ ദൗത്യങ്ങളും പൂർത്തിയാക്കി ഹയാബുസ എത്തുക. സുരക്ഷിതമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചതിനു ശേഷം സാംപിളുമായി പേടകം ഓസ്ട്രേലിയയിലായിരിക്കും ലാൻഡ് ചെയ്യുക, അവിടെ നിന്ന് പിന്നെ യാത്ര ജപ്പാനിലേക്കും...