‘മരിച്ചെന്നു’ കരുതി; ചെങ്കുത്തായ മലനിരകളിൽ ഡ്രോൺ കണ്ടു അദ്ഭുതപ്പെടുത്തുന്ന കാഴ്ച!, Hibiscadelphus woodii Hawaii, Padhippura, Manorama Online

‘മരിച്ചെന്നു’ കരുതി; ചെങ്കുത്തായ മലനിരകളിൽ ഡ്രോൺ കണ്ടു അദ്ഭുതപ്പെടുത്തുന്ന കാഴ്ച!

ഹവായിയിലെ അനേകം ദ്വീപുകളിലൊന്നാണ് കൗവ്വായി. അവിടെ കേലലോ എന്നൊരു താഴ്‌വരയുണ്ട്. പേരൊക്കെ കേൾക്കുമ്പോൾ ചിരി വരുമെങ്കിലും സംഗതി നിറയെ ചെങ്കുത്തായ മലനിരകളാണ്. ലോകത്തിലെ അപൂർവങ്ങളിൽ അപൂർവങ്ങളായ പൂക്കളും കുറ്റിച്ചെടുകളുമൊക്കെ വളരുന്നയിടം. ലോകത്ത് കേലലോ താഴ്‌വരയിൽ മാത്രം കാണപ്പെടുന്ന ചെടികൾ പോലുമുണ്ട്. അതിനാൽത്തന്നെ ആ പ്രദേശത്ത് എന്തെങ്കിലും രോഗബാധയേറ്റോ മറ്റോ ചെടികൾ ഇല്ലാതായാൽ അവ ഭൂമിയിൽ നിന്നു തന്നെ എന്നന്നേക്കുമായി യാത്ര പറയുന്നതിനു തുല്യമാകും. ഇനിയിവയെ സംരക്ഷിക്കാമെന്നു വച്ചാലോ, കുത്തനെയുള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ ഭാഗങ്ങളിൽ എത്താൻ തന്നെ ഏറെ കഷ്ടപ്പെടേണ്ടി വരും. 700–800 അടി മുകളിലൊക്കെയാണു ചില ചെടികൾ വളരുന്നത്.

കേലലോ താഴ്‌വരയിൽ 1991ൽ കെൻ വുഡ് എന്ന സസ്യശാസ്ത്രജ്ഞൻ ഒരു കണ്ടെത്തൽ നടത്തി. ഹിബിസ്കാഡെൽഫസ് വൂഡി ( Hibiscadelphus woodii) എന്നറിയപ്പെടുന്ന ഒരു ചെടിയായിരുന്നു അത്. നമ്മുടെ നാട്ടിലെ ചെമ്പരത്തിയുടെ കുടുംബത്തിൽ പെടുന്നതാണു ചെടി. കെൻ വുഡ് അതിനെപ്പറ്റി വിശദമായി പഠിച്ചു. കേലലോ താഴ്‌വരയിൽ മാത്രമേ ഇവയുള്ളൂവെന്നും മനസ്സിലാക്കി. അതോടെ ഇതിനെ സംരക്ഷിക്കാനുള്ള വഴികളെപ്പറ്റിയായി ആലോചന. താഴ്‍വരയിലെ പലയിടത്തും സഞ്ചരിച്ച കെൻ വുഡ് അവസാനമായി ഒരു ഹിബിസ്കാഡെൽഫസ് ചെടി കാണുന്നത് 2009ലായിരുന്നു. അതിനോടകം അവയിൽ പലതും നശിച്ചു പോയി. കൃത്രിമ അന്തരീക്ഷമുണ്ടാക്കി ഗ്രീൻ ഹൗസിലിട്ട് ഇവയെ വളർത്തിയെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി കെന്നിന്റെ നേതൃത്വത്തിലുള്ള സംഘം. ഒന്നും വിജയിച്ചില്ല.

‘ട്യൂബ്’ രൂപത്തിലാണിതിന്റെ പൂവ്. ചെമ്പരത്തിയ്ക്കുള്ളതു പോലെ ഒരു നീളൻ ‘തിരി’ രൂപത്തിൽ സ്റ്റിഗ്മയും ഫിലമെന്റുകളുമൊക്കെയുണ്ട്. ദിവസം കഴിയുന്തോറും മഞ്ഞയിൽ നിന്ന് ഈ പൂവ് മെറൂൺ നിറമാകും. ഒടുവിൽ ആ നിറത്തിൽ കൊഴിഞ്ഞു വീഴും. ഈ പൂവിനുള്ളിലേക്ക് കൊക്കിറക്കി തേൻ കുടിക്കാൻ കഴിവുള്ള ഒരു കുഞ്ഞൻ പക്ഷി പ്രദേശത്തുണ്ടായിരുന്നു. അതുവഴിയായിരുന്നു ഹിബിസ്കാഡെൽഫസിൽ പരാഗണം നടന്നിരുന്നത്. എന്നാൽ ഈ കിളിയ്ക്കും വംശനാശം വന്നതോടെ പരാഗണവും നിന്നു. കെൻ ആകട്ടെ തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ഈ പൂക്കളെ തേടിയുള്ള യാത്രയിലായിരുന്നു. പാറക്കൂട്ടങ്ങൾ കയറിയും ഹെലികോപ്ടറിൽ സഞ്ചരിച്ചുമെല്ലാം താഴ്‍വരയിലെ ചെങ്കുത്തായ മലനിരകളിലെല്ലാം അദ്ദേഹം നിരീക്ഷണം നടത്തി. താഴ്‌വരയിലെ ചില ഭാഗങ്ങളിലാകട്ടെ യാതൊരു വിധത്തിലും മനുഷ്യന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയും.

അതിനിടെയാണ് 2016ൽ കൗവ്വായിയിലെ നാഷനൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ ബെൻ നൈബെർഗ് എന്ന ഡ്രോൺ സ്പെഷലിസ്റ്റ് എത്തുന്നത്. ചെടികളും പൂക്കളും തഴച്ചുവളരുന്ന താഴ്‌വരയിലെ ചെങ്കുത്തായ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തുകയായിരുന്നു ലക്ഷ്യം. കെന്നും ബെന്നും ചേർന്ന് ഡ്രോൺ തിരച്ചിൽ ശക്തമാക്കി. ഹിബിസ്കാഡെൽഫസനെ തേടിയുള്ള യാത്രയിൽ അപൂർവങ്ങളായ ഒട്ടേറെ ചെടികളും കണ്ടെത്തി. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡ്രോൺ ക്യാമറയിൽ പതിഞ്ഞ കാഴ്ച കെന്നിനെ ഞെട്ടിച്ചു കളഞ്ഞു. പാറക്കെട്ടുകളിലൊന്നിൽ വൻതോതിൽ ചെടികൾ വളർന്നു നിൽക്കുന്ന ഭാഗത്തേക്ക് ഡ്രോണിന്റെ ക്യാമറ എത്തിയപ്പോഴായിരുന്നു അത്. അതാ കണ്മുന്നിൽ വളർന്നു പൂവിട്ടു നിൽക്കുന്നു ഹിബിസ്കാഡെൽഫസ് ചെടി.

ആ കാഴ്ച കണ്ടു തന്റെ കണ്ണു നിറഞ്ഞെന്നു പറയുന്നു കെൻ. ‘യാതൊരു കുഴപ്പവുമില്ലാതെ അത്യധികം ‘ലൈവ്’ ആയി വളരുന്ന ചെടി. ‘മരിച്ചെന്നു’ കരുതിയിരുന്നതാണ്. ഇപ്പോഴിതാ കണ്മുന്നിൽ! ഒരു പ്രേതത്തെ കണ്ടതു പോലെ ഞാൻ ഞെട്ടി...’ അദ്ദേഹം വ്യക്തമാക്കുന്നു. ഡ്രോണിന്റെ കണ്ടെത്തലിൽ ബെന്നും ത്രില്ലടിച്ചു പോയി. ഒരുപക്ഷേ ലോകത്തിൽ ഇതാദ്യമായിട്ടാകാം, വംശനാശം വന്നുവെന്നു കരുതിയിരുന്ന ഒരു ചെടിയെ ഡ്രോണ്‍ ഉപയോഗിച്ചു കണ്ടെത്തുന്നത്! ഇനിയും ഒട്ടേറെ ഹിബിസ്കാഡെൽഫസ് ചെടികൾ താഴ്‌വരയിൽ കണ്ടെത്താമെന്ന പ്രതീക്ഷയിലാണിപ്പോൾ കെൻ. അതിനുള്ള തിരച്ചിലും ഡ്രോൺ തുടങ്ങിക്കഴിഞ്ഞു.