300 ഏക്കറിലെ ഗോൾഡൻ ഹൗസ്; നീറോയുടെ കൊട്ടാരത്തിൽ മറഞ്ഞിരുന്ന രഹസ്യ അറ,  Hidden underground chamber, Sphinx room, Nero'spalace, Padhippura, Manorama Online

300 ഏക്കറിലെ ഗോൾഡൻ ഹൗസ്; നീറോയുടെ കൊട്ടാരത്തിൽ മറഞ്ഞിരുന്ന രഹസ്യ അറ

റോം നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ചെന്നു പറയുന്ന നീറോ ചക്രവർത്തിയെപ്പറ്റി കേട്ടിട്ടില്ലേ കൂട്ടുകാർ? എഡി 64ലാണ് ‘ഗ്രേറ്റ് റോമൻ ഫയർ’ എന്നു കുപ്രസിദ്ധമായ ആ തീപിടിത്തം ഉണ്ടായത്. ആറു ദിവസം റോം നിന്നുകത്തി. ഏഴാംനാളിൽ തീയണഞ്ഞെന്നു കരുതി രക്ഷാപ്രവർത്തനം തുടങ്ങും മുൻപേ വീണ്ടും തീ ആളിപ്പടർന്നു. മൂന്നു ദിവസം കൂടി തീപിടിത്തം. റോം നഗരത്തിന്റെ മൂന്നിൽ രണ്ടും ആ തീപിടിത്തത്തിൽ നശിച്ചില്ലാതായി. എന്നാൽ തീപിടിത്തത്തിനു ശേഷം നീറോ ചക്രവർത്തി ഒരു വമ്പൻ കൊട്ടാരം പണികഴിപ്പിച്ചു. ഡോമസ് ഓറിയ അഥവാ ഗോൾഡൻ ഹൗസ് എന്നായിരുന്നു അതിനു പേരിട്ടത്.

പേരു പോലെത്തന്നെ അതിഗംഭീരമായിരുന്നു കൊട്ടാരവും. ഏകദേശം 300 ഏക്കറിലേറെ സ്ഥലത്ത് മുന്നൂറിലേറെ മുറികളുമായിട്ടായിരുന്നു കൊട്ടാരം പണികഴിപ്പിച്ചത്. എന്നാൽ കൊട്ടാരത്തിന്റെ ആഡംബരം കൂടാതെ ചില രഹസ്യങ്ങളും ഡോമസ് ഓറിയയിൽ ഒളിഞ്ഞിരുന്നിരുന്നു. ഏകദേശം 2000 വർഷത്തോളം ആരുമറിയാതെ അതങ്ങിനെത്തന്നെ തുടരുകയും ചെയ്തു. അടുത്തിടെ നീറോ ചക്രവർത്തിയുടെ കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണിക്കിടെ ആർക്കിയോളജിസ്റ്റുകളാണ് ഗോൾഡൻ ഹൗസിലെ രഹസ്യ അറ കണ്ടെത്തിയത്. സ്ഫിൻക്സ് റൂം എന്നാണ് അതിനു ഗവേഷകർ നൽകിയ പേര്.


മനുഷ്യന്റെ മുഖവും സിംഹത്തിന്റെ ശരീരവുമുള്ള സാങ്കൽപിക ജീവിയുടെ പേരാണ് സ്ഫിൻക്സ്. ഇതുൾപ്പെടെയുള്ള ജീവികളുടെയും യഥാർഥ ജീവികളുടെയും ദൈവങ്ങളുടെയുമെല്ലാം ചിത്രങ്ങൾ വരച്ചിട്ടതായിരുന്നു രഹസ്യ അറ. ആർക്കിയോളജിക്കൽ പാർക്ക് ഓഫ് കൊളോസിയത്തിലെ ഗവേഷകര്‍ ഇതെല്ലാം വിശദമായി പഠിച്ചു. റോം ഭരിച്ച ഏറ്റവും ക്രൂരനായ ചക്രവർത്തിയുടെ ഭരണകാലത്തെ വിശദാംശങ്ങളിലേക്കു വെളിച്ചം വീശുന്നതാണു മുറിയെന്നാണു ഗവേഷകർ പറയുന്നത്. എഡി 68ൽ ആത്മഹത്യ ചെയ്യുകയായിരുന്നു നീറോ ചക്രവർത്തി എന്നാണു ചരിത്രം. അതിനു മുൻപ് പരമാവധി ആഡംബരത്തോടെയായിരുന്നു കൊട്ടാരത്തിന്റെ നിർമാണം. പക്ഷേ രഹസ്യ അറ എന്തിനു വേണ്ടി നിർമിച്ചു എന്നു വ്യക്തമായിട്ടില്ല.


പാതി മനുഷ്യനും പാതി കുതിരയുമായ സാങ്കൽപികജീവിയായ സെന്റോർ, പക്ഷികൾ, കടൽജീവികൾ, കരിമ്പുലിയോടു പോരാടുന്ന യോദ്ധാവ് തുടങ്ങിയ ചിത്രങ്ങളായിരുന്നു അറയിൽ കണ്ടെത്തിയവയില്‍ ചിലത്. ആടിന്റെ കാലുകളുള്ള പാൻ ദേവന്റെയും സംഗീതോപകരണങ്ങളുടെയും ചിത്രങ്ങൾ അറയിലുണ്ടായിരുന്നു. ചുവപ്പുനിറത്തിലായിരുന്നു ചിത്രങ്ങളെല്ലാം. ഇവയിൽ സ്വർണം പൂശാനുള്ള ശ്രമങ്ങളുണ്ടായതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഡോമസ് ട്രാൻസിറ്റോറിയ എന്ന പഴയ കൊട്ടാരം നശിച്ചതിനെത്തുടർന്നാണ് പുതിയത് നീറോ പണികഴിപ്പിച്ചത്. ചക്രവർത്തിയെന്ന നിലയിൽ തന്റെ പ്രൗഢി വിളിച്ചോതുന്നതായിരിക്കണം പുതിയ കൊട്ടാരമെന്നും അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. എന്നാൽ നീറോയുടെ മരണശേഷം കൊട്ടാരത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയായിരുന്നു. ചില ഭാഗങ്ങളിൽ മറ്റു കെട്ടിടങ്ങൾ ഉയരുകയും ചെയ്തു. അത്തരത്തിൽ നിർമിക്കപ്പെട്ടതാണ് ലോകാദ്ഭുതങ്ങളിലൊന്നായ റോമിലെ കൊളോസിയം. നീറോയുടെ കൊട്ടാരം പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന ഗവേഷണത്തിനിടെയായിരുന്നു പുതിയ കണ്ടെത്തൽ.

Summary : Sphinx Room – Hidden Underground Chamber Found in Nero’s Palace