വെന്തുപൊള്ളിയ ശരീരവുമായി മനുഷ്യർ;  ലക്ഷങ്ങൾക്ക് ജീവൻ നഷ്ടമായി ! , Hiroshima day, Fat Man, Little boy, Bomb, Manorama Online

വെന്തുപൊള്ളിയ ശരീരവുമായി മനുഷ്യർ; ലക്ഷങ്ങൾക്ക് ജീവൻ നഷ്ടമായി !

ലോകത്തെ നടുക്കി ഹിരോഷിമയിൽ യുഎസ് ആണവ ആക്രമണം നടത്തിയത് ഓഗസ്റ്റ് ആറിന്, നാഗസാക്കിയിൽ ഒൻപതിനും

1945 ഓഗസ്റ്റ് 6
യുഎസിന്റെ എനോള ഗേ ബി–2 ബോംബർ വിമാനം ഹിരോഷിമ നഗരത്തിനു മുകളിൽ. വിമാനത്തിലെ ‘ലിറ്റിൽ ബോയ്’ എന്ന യുറേനിയം 235 ബോംബിന്റെ റിലീസിങ് ബട്ടണിൽ രാവിലെ 8.15ന് പൈലറ്റ് പോൾ വാർഫീൽഡ് ടിബെറ്റ്സിന്റെ വിരലമർന്നു. 1900 അടി ഉയരത്തിൽനിന്നു ബോംബ് നഗരത്തിലേക്ക്.

3 മീറ്റർ ഭാരം 4408 കിലോഗ്രാം
അതിനുള്ളിൽ ജീവൻ നഷ്ടമായത് എഴുപതിനായിരത്തിലേറെ മനുഷ്യർക്ക്. 13 കിലോമീറ്റർ ചുറ്റളവ് ചാരമായി. 2500 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ നഗരം ഉരുകിത്തിളച്ചു; കൂൺ മേഘങ്ങൾ പർവതംപോലെ ഉയർന്നുപൊങ്ങി. 3 ദിവസം ഹിരോഷിമ കത്തി. റേഡിയേഷനെ തുടർന്നു ജീവൻ നഷ്ടമായത് 1.35 ലക്ഷം പേർക്ക്. 90% ഡോക്ടർമാരും നഴ്സുമാരും കൊല്ലപ്പെട്ടു ആശുപത്രികൾ തരിപ്പണമായി. അവശേഷിച്ച മനുഷ്യ ജീവനുകൾ വെന്തുപൊള്ളിയ ശരീരവുമായി ചികിത്സ കിട്ടാതെ ഓടിയും ഇഴഞ്ഞും നടക്കുന്ന കാഴ്ചയായിരുന്നു പിന്നെ. ഹിരോഷിമ അണുബോംബിന്റെ ആഘാതത്താൽ സമ്പൂർണമായി നശിക്കുന്ന ആദ്യ നഗമായി.

നാഗസാക്കിയിലെ ആണവ സ്ഫോടനം
ഓഗസ്റ്റ് 15 നാഗസാക്കി ആക്രമണത്തിന്റെ ആറാം നാൾ (ഓഗസ്റ്റ് 15ന്) ജപ്പാൻ കീഴടങ്ങി; സെപ്റ്റംബർ രണ്ടിന് ഒപ്പുവച്ച കരാറിലൂടെ രണ്ടാം ലോകയുദ്ധം അവസാനിച്ചു. ടോട്ടോചാൻ പുസ്തകത്തിലൂടെ ലോകപ്രശസ്തമായ അപൂർവ വിദ്യാലയം ‘ടോമോ’യും ആണവ സ്ഫോടനത്തിൽ ചാമ്പലായി. പുസ്തകമെഴുതിയ തെത്‌സുകോ കുറഖിയോനഗി പഠിച്ചത് അവിടെയാണ്.

ഹിബാക്കുഷ
ആണവസ്ഫോടനത്തിന് ഇരകളായ ജപ്പാൻകാർ അറിയപ്പെടുന്നത് ഹിബാക്കുഷ (സ്ഫോടനം ബാധിച്ച ജനങ്ങൾ) എന്ന പേരിൽ. ഹിരോഷിമയിലെ യുദ്ധസ്മാരകത്തിൽ 3,08725, നാഗസാക്കിയിൽ 1,75,743 ഹിബാക്കുഷകളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു.
9.46 ഗ്രേ റേഡിയേഷൻ
റേഡിയേഷൻ അളക്കുന്ന യൂണിറ്റ് ആണ് ഗ്രേ. 5 ഗ്രേ ഉണ്ടെങ്കിൽ മനുഷ്യ ശരീരം മാരകമായ റേഡിയേഷനു വിധേയമായെന്നർഥം. ഹിരോഷിമയിൽ ആണവ സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ താടിയെല്ല് പരിശോധിച്ചു നടത്തിയ പഠനത്തിൽ 9.46 ഗ്രേ റേഡിയേഷൻ ഏറ്റെന്നു വ്യക്തമായി. കഴിഞ്ഞ വർഷമാണ് ഈ പഠനഫലം പുറത്തുവന്നത്.

46% റേഡിയേഷൻ
1950–2000 കാലഘട്ടത്തിൽ ഹിരോഷിമയിലുണ്ടായ രക്താർബുദ മരണങ്ങളിൽ 46% റേഡിയേഷൻ മൂലമാണെന്ന് പിന്നീട് പഠനങ്ങളിൽ തെളിഞ്ഞു.

1945 ഓഗസ്റ്റ് 9
മൂന്നു ദിവസത്തിനു ശേഷം ഓഗസ്റ്റ് 9ന് തെക്കൻ തുറമുഖ നഗരമായ നാഗസാക്കിയിൽ ബോക്സ് കാർ എന്ന ബോംബർ വിമാനം. പൈലറ്റ് ചാൾസ് സ്വീനെയുടെ നേതൃത്വത്തിൽ ഫാറ്റ്മാൻ ബോംബ് നഗരത്തിലേക്ക്. തൽക്ഷണം മരണം നാൽപതിനായിരത്തിലധികം.

കടലാസ് കൊക്കുകൾ
സഡാക്കോ സസാകിയുടെ കടലാസ് കൊക്കുകൾ യുദ്ധത്തിനെതിരെ ലോകത്തെ ചിന്തിപ്പിച്ചു. രണ്ടു വയസ്സുള്ളപ്പോഴുണ്ടായ സ്ഫോടനത്തിന്റെ അണുവികിരണം മൂലം മാരകമായ രക്താർബുദം ബാധിച്ച പെൺകുട്ടിയാണു സഡാക്കോ. 1000 കൊക്കുകളുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹം സാധിക്കുമെന്ന വിശ്വാസപ്രകാരം അവൾ ആശുപത്രിക്കിടക്കയിൽ കൊക്കുകളുണ്ടാക്കി. 644 എണ്ണം ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കു മരണത്തിന് കീഴടങ്ങി. അവളുടെ കൂട്ടുകാരികൾ ബാക്കി കൊക്കുകളെയുണ്ടാക്കി. ആ കടലാസ് കൊക്കുകൾ ലോക സമാധാനത്തിന്റെ പ്രതീകമായി മാറി.

പിന്നീട് ലോകത്ത് അണുബോംബ് ഉപയോഗിച്ചിട്ടില്ല. എന്നാൽ, ലിറ്റിൽ ബോയ്‌യെക്കാളും ഫാറ്റ്മാനെക്കാളും പലമടങ്ങ് പ്രഹര ശേഷിയുള്ള ആണവായുധങ്ങൾ വിവിധ രാജ്യങ്ങളുടെ ആയുധപ്പുരകളിലുണ്ട്.

തയാറാക്കിയത്: നിന്നി മേരി ബേബി