ഭൂമിയിൽ ഒന്നിനെയും പേടിയില്ലാത്ത ഹണി ബാജർ!
നന്ദകുമാർ ചേർത്തല
ഭൂമിയിൽ ഒന്നിനെയും പേടിയില്ലാത്ത മൃഗമെന്നാണ് ഹണി ബാജറിന്റെ വിശേഷണം. താടിയെല്ലിന്റെയും പല്ലുകളുടെയും ബലം കൊണ്ട് ഇവ ഗിന്നസ് ബുക്കിൽ വരെ കയറിപ്പറ്റിയിട്ടുണ്ട്. ആമയുടേ പുറം തോട് വരെ ഇവയക്കു കടിച്ചു പൊട്ടിക്കാൻ സാധിക്കും. കടുകട്ടി ചർമമാണ് ഇവയ്ക്കുള്ളത്. കാലുകൾക്കും നല്ല ബലമുണ്ട്. കാൽ നഖങ്ങൾ ഉപയോഗിച്ചു വളരെ വേഗത്തിൽ കുഴികൾ നിർമിക്കാൻ കഴിവുണ്ട്. മിനിറ്റുകൾക്കുള്ളിൽ കുഴിയുണ്ടാക്കി അവയിൽ കയറി ശത്രുക്കളിൽ നിന്നും ഒളിക്കുന്നു. ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ രൂക്ഷഗന്ധമുള്ള രാസവസ്തു ഇവ പുറപ്പെടുവിക്കും.
തേൻ കിട്ടാത്ത സമയങ്ങളിൽ, ഹണി ബാജർ മറ്റു തീറ്റ തേടുന്നു. ഷഡ്പദങ്ങൾ, മുള്ളൻ പന്നികൾ, പാമ്പുകൾ, ചെറിയ മാനുകൾ, ആമകൾ, തവളകൾ, ചെറിയ മുതലകൾ തുടങ്ങിയവ ഇഷ്ട ഭക്ഷണമാണ്. പഴങ്ങളും കിഴങ്ങുകളും ഭക്ഷിക്കുന്നു.
ഹണി ബാജറിനും ഹണി ഗൈഡ് എന്ന ചെറിയ പക്ഷിക്കും അഭേദ്യമായ ബന്ധമുണ്ട്. തേനീച്ചക്കൂടുകൾ ഉള്ള സ്ഥലത്തേക്ക് ഹണി ഗൈഡ്, ഹണി ബാജറിനെ കൂട്ടികൊണ്ടു പോകുന്നു. ഹണി ബാജർ തേനീച്ചക്കൂട് പൊളിച്ചു മതിയാവോളം തേൻ ഭക്ഷിക്കുന്നു. ആവശ്യത്തിനു തേൻ കുടിച്ച് ഹണി ബാജർ മടങ്ങും.. അതോടെ ഹണി ഗൈഡ് തേനീച്ചക്കൂട്ടിൽ കടന്നു മിച്ചമുള്ള തേൻ കുടിച്ച് വിശപ്പടക്കും.
സ്വന്തമായി മാളങ്ങൾ നിർമിക്കുമെങ്കിലും ചിലപ്പോൾ മറ്റുള്ളവരുടെ മാളങ്ങളിൽ പോയി ഉറങ്ങും. കുറുക്കൻ, കീരി എന്നിവയുടെ മാളങ്ങളാണ് ഇങ്ങനെ മാറി ഉറങ്ങുവാനായി കയറാറുള്ളത്
ബാഹ്യ കർണങ്ങൾ കട്ടിയുള്ള ചർമത്തിനടിയിലാണെങ്കിലും, നല്ല കേൾവിശക്തി ഉണ്ട്. കാഴ്ച ശക്തിയിലും ഘ്രാണ ശക്തിയിലും മുൻപിലാണ്. ഇരയുടെ സാന്നിധ്യം വളരെ ദൂരെ നിന്ന് അറിയാൻ സാധിക്കും. അനായാസേന മരങ്ങളിൽ കയറുന്നതിനുള്ള കഴിവും ഉണ്ട്.