തേനീച്ചയില്ലാതെ മനുഷ്യനു നാലു വർഷത്തെ ആയുസ്സ് മാത്രമോ?

വേണു വാരിയത്ത്

വായുവില്ലാതെ മനുഷ്യന് എത്രനേരം ജീവിക്കാനാകും? പരമാവധി മൂന്നു മിനിറ്റ്. വെള്ളമില്ലാതെയോ? മൂന്നു ദിവസം. ആഹാരമില്ലെങ്കിൽ...? മൂന്നാഴ്ച വരെ. എന്നാൽ തേനീച്ച ഇല്ലാതെ എത്രനാൾ ജീവിക്കാൻ കഴിയുമെന്നു ചോദിച്ചാൽ എത്രനാൾ വേണമെങ്കിലും ജീവിക്കാനാകും എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്കു തെറ്റി. ലോകം കണ്ട മികച്ച ശാസ്ത്രജ്ഞന്മാരിലൊരാളായ ആൽബർട്ട് ഐൻസ്റ്റൈൻ ഇതുസംബന്ധിച്ച് പറഞ്ഞിരിക്കുന്നതു നോക്കൂ– തേനീച്ചയില്ലാത്ത ലോകത്ത് മനുഷ്യനു നാലു വർഷത്തെ ആയുസ്സ് മാത്രമേ ഉള്ളൂ.

നാം കരുതുംപോലെ തേനീച്ച അത്ര നിസ്സാരക്കാരനല്ലെന്നു മനസ്സിലായല്ലോ. പ്രകൃതിയിലെ ഏറ്റവും പ്രാധാന്യമുള്ള ജീവികളിലൊന്നാണു തേനീച്ച. കടന്നലുകളുടെയും ഉറുമ്പുകളുടെയും കൂട്ടത്തിൽ ഉൾപ്പെടുന്ന ഈ പറക്കും ഷഡ്പദം നമ്മുടെ അന്നദാതാവാണ്‌ എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല.

നമ്മുടെ ഭക്ഷ്യവിളകളിൽ 80 ശതമാനത്തോളം തേനീച്ചയുടെ പരാഗണത്തിൽ നിന്നുണ്ടാകുന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ മൂന്നിലൊന്ന് ആഹാരവും ലഭ്യമാക്കുന്നത് തേനീച്ചയാണ്. ആപ്പിൾ, മാമ്പഴം, പീച്ച്, തേയില, മത്തൻ, ചെറി, തണ്ണിമത്തൻ, വെളുത്തുള്ളി, ബ്രോക്കോളി, സപ്പോട്ട, സൂര്യകാന്തി, കാരറ്റ്, കശുവണ്ടി, കോട്ടൺ.... ഈ പട്ടിക പറഞ്ഞാൽ തീരില്ല. തേനീച്ച ഇല്ലാതാകുന്നതോടെ മിക്ക ആഹാരസമ്പത്തും നാണ്യവിളകളും നമുക്ക് നഷ്ടമാകും. ഏതാണ്ട് രണ്ടര ലക്ഷത്തോളം ഇനം പൂക്കളിൽ തേനീച്ചയുടെ പരാഗണം നടക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ലോകത്ത് ഒരേയൊരു ഷഡ്പദം മാത്രമേ മനുഷ്യനുള്ള ആഹാരം നേരിട്ട് ‘പാകപ്പെടുത്തി’ തരുന്നുള്ളു, അത് തേനീച്ചയാണ്. ആഹാരമാകട്ടെ തേനും.

കീടനാശിനികളുടെ അമിത ഉപയോഗം തേനീച്ചകളുടെ നാശത്തിനു കാരണമായിട്ടുണ്ട്. നമ്മുടെ ആഹാരസമ്പത്തിന്റെ അപകടകരമായ നാശത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. തേൻ തരുന്ന വെറും ജീവി എന്നതിലപ്പുറം പ്രകൃതിയുടെ വലിയ ഒരു കണ്ണിയാണ് തേനീച്ച. ആ കണ്ണി പൊട്ടിപ്പോകാതെ സംരക്ഷിച്ചേ പറ്റൂ. അതുകൊണ്ടു തേനീച്ചയെ വെറുമൊരു തേനീച്ചയായി കാണരുത്, പ്രാണവായു പോലെ‌, ജീവജലം പോലെ തേനീച്ചയെയും നാം സംരക്ഷിക്കണം.