ലോകത്തിലെ ഏറ്റവും വലിയ തേനീച്ച!

ഡോ.ടി.ആർ.ജയകുമാരി

അമേരിക്കയിലെ ഒരു കൂട്ടം തേനീച്ചക്കർഷകരാണ് തേനീച്ചകളെക്കുറിച്ചുളള അറിവുകൾ ജനങ്ങൾക്ക് പകർന്നുനൽകാനും അവയെ വളർത്താനുളള താല്‌പര്യം ജനിപ്പിക്കാനുമായി തേനീച്ച അവബോധദിനം എന്ന പേരിൽ 2009 ഓഗസ്റ്റ് 22ന് ഇതിനു തുടക്കമിട്ടത്.. പിന്നീടിത് ആഗോളതലത്തിലുളള ദിനാചരണമായി മാറുകയും പേര് ലോക തേനീച്ചദിനം എന്നാക്കുകയും ചെയ്‌തു. 2010 മുതൽ ഓഗസ്റ്റിലെ മൂന്നാം ശനിയാഴ്‌ചയാണ് തേനീച്ചദിനമായി ആചരിക്കുന്നത്.

അറിയുക തേനീച്ചയെ
പൂർവേഷ്യയിലെ ഉഷ്‌ണമേഖലകളിൽ ഉത്ഭവിച്ച ഒരു ഷഡ്‌പദമാണ് തേനീച്ച. ലോകത്തൊട്ടാകെ ഏതാണ്ട് ഇരുപതിനായിരം ഇനം തേനീച്ചകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഏപ്പിഡേ എന്ന പ്രാണികുടുംബത്തിലെ ഏപ്പിസ് എന്ന ജനുസ്സിലാണ് ഉൾപ്പെടുന്നത്. തേനീച്ചകൾ സമൂഹമായാണ് ജീവിക്കുന്നത്. തേൻമെഴുക് കൊണ്ടുള്ള കൂടുകളിലാണ് ഇവയുടെ താമസം. ഓരോ കൂട്ടിലും ഷഡ്‌ഭുജാകൃതിയുളള അനേകം അറകൾ കാണും. മരക്കൊമ്പുകളിലും മരപ്പൊത്തുകളിലും കല്ലിടുക്കുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും സൺഷെയ്‌ഡുകളിലും മതിലുകളുടെയും പാറകളുടെയും വിടവുകളിലുമൊക്കെ ഇവ കൂടുണ്ടാക്കുന്നത്.

തേനീച്ചകളെപ്പറ്റിയുളള പഠനമാണ് മെലിറ്റോളജി.
തേനിൽക്കാണുന്ന പൂമ്പൊടിയെപ്പറ്റിയുളള പഠനം മെലിറ്റോപാലിനോളജി.
തേനീച്ചകളെ വളർത്തി തേൻഉല്‌പാദിപ്പിക്കുന്നതിന് എപ്പിക്കൾചർ എന്ന് പേർ.
ഹിമാലയൻ തേനീച്ച (ഏപ്പിസ് ഡോർസേറ്റ ലബോറിയോസ) ആണ് ലോകത്തിലെ ഏറ്റവും വലിയ തേനീച്ച.

തേനീച്ചയുടെ ശരീരം
തേനീച്ചയുടെ രോമാവൃതമായ ശരീരത്തിൽ തല, ഉരസ്സ്, ഉദരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ കാണും. തലയിൽ പൂന്തേനും മറ്റും വലിച്ചുകുടിക്കാനുളള അവയവവും ഒരു ജോടി സംയുക്തനേത്രങ്ങളും മൂന്ന് ലഘുനേത്രങ്ങളും രണ്ടു സ്പർശിനികളുമുണ്ടാവും. ഉരസ്സും ഉദരവും അനേകം ഖണ്ഡങ്ങളാൽ നിർമ്മിതമാണ്. ഉരസ്സിൽ മൂന്നും ഉദരത്തിൽ ആറും ഖണ്ഡങ്ങളുണ്ടാവും. ഉരസ്സിൽ, രണ്ടുജോടി ചിറകുകളും ഖണ്ഡങ്ങളാൽ നിർമ്മിതമായ മൂന്നു ജോടി കാലുകളും കാണും. മുന്നിലെ ചിറകുകൾ പിൻജോടിയെക്കാൾ വലുതാണ്. പറക്കുന്നത് മുൻചിറകുകളുപയോഗിച്ചാണ്. ചൂടുകാലത്ത് കൂടിനകം വീശിത്തണുപ്പിക്കാനും തേനിലെ ജലാംശം വീശിക്കളയാനുമാണ് പിൻചിറകുകൾ ഉപയോഗിക്കാറുളളത്. പൂമ്പൊടി വഹിച്ചുകൊണ്ടു വരുന്നത് താരതമ്യേന നീളം കൂടുതലുളള പിൻകാലുകളിലാണ്. ഉദരഭാഗത്ത് ദഹനവ്യവസ്ഥയും പ്രത്യുല്‌പാദനാവയവങ്ങളും സ്ഥിതിചെയ്യുന്നു. പൂന്തേനും പൂമ്പൊടിയും തേടി തേനീച്ചകൾ പകൽ വളരെ ദൂരം സഞ്ചരിക്കും. പൊതുവെ നിരുപദ്രവകാരികളായ ഇവ ജീവഭയമുണ്ടായാൽ കുത്തും. ശരീരത്തിന് പിന്നിലെ കൊമ്പുപോലുള്ള ഒരവയവം കൊണ്ടാണ് കുത്തുന്നത്. കുത്തുമ്പോൾ മാംസത്തിൽ ആഴ്‌ന്നിറങ്ങുന്ന ഈ അവയവം പിൻവലിക്കാൻ ഇവയ്‌ക്കാവില്ല. പിൻവലിക്കാനുളള ശ്രമങ്ങൾ നടത്തുമ്പോൾ അവയവത്തോടൊപ്പം ഉദരത്തിന്റെയും ദഹനവ്യൂഹത്തിന്റെയും ഭാഗങ്ങൾക്ക് ക്ഷതമേൽക്കുകയും അവയവം കടിയേറ്റയാളുടെ ദേഹത്ത് തറഞ്ഞിരിക്കുകയും ചെയ്യും. അങ്ങനെ കുത്തുന്ന തേനീച്ചകൾ ചത്തുപോകും. വേലക്കാരി ഈച്ചകളാണ് സാധാരണ കുത്താറുളളത്. കുത്തേറ്റ ഭാഗത്ത് അസഹ്യമായ തരിപ്പും വേദനയുമുണ്ടാകും. ക്രമേണ ഈ ഭാഗം തിണിർത്ത് പൊങ്ങുകയും ചെയ്യും.

തേൻ
ധാരാളം ധാതുക്കളും നിരോക്സീകാരികളും അണുനാശകങ്ങളും ലഘുപഞ്ചസാരകളും അടങ്ങിയ രുചികരമായ തേൻ തരുന്നു എന്നതാണ് തേനീച്ചകളുടെ പ്രാധാന്യം. എളുപ്പത്തിൽ ദഹിക്കുന്നതിനാൽ എല്ലാ പ്രായക്കാർക്കും യോജിച്ച ആഹാരമാണ് തേൻ. ചുമ, വയറിളക്കം, വിളർച്ച എന്നിവയ്‌ക്ക് ഇത് ഔഷധമാണ്. മുറിവുകളുണക്കാനും പൊണ്ണത്തടി കുറയ്‌ക്കാനും തടി കൂട്ടാനും തേൻ സഹായകമാണ്. പൂമ്പൊടി ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് നിക്ഷേപിച്ച് സസ്യങ്ങളിൽ പരാഗണത്തിനും ഇവ കാരണമാകുന്നു.

തേനീച്ചനൃത്തം (വാഗിൾ ഡാൻസ്)
തേനുളള പൂക്കൾ കണ്ടെത്തിയാൽ തേനീച്ചകൾ പ്രത്യേക ആകൃതിയിൽ വായുവിൽ പറന്ന് സുഹൃത്തുക്കളെ വിവരമറിയിക്കും. ആശയവിനിമയം നടത്താനുളള ഈ നൃത്തഭാഷയാണ് വാഗിൾ ഡാൻസ്. പറക്കലിന്റെ വേഗതയും ആകൃതിയുമാണ് പൂക്കളുടെ സ്ഥാനവും അകലവും സൂചിപ്പിക്കുന്നത്.

തേനീച്ചക്കുടുംബം
ഒരു കൂട്ടിൽ റാണി, വേലക്കാർ, മടിയന്മാർ എന്നിങ്ങനെ മൂന്നുതരം തേനീച്ചകൾ കാണും. ഇവയിൽ മടിയന്മാർ ആണീച്ചകളും മറ്റുളളവ പെണ്ണീച്ചകളുമാണ്. ഇവ തമ്മിൽ വലുപ്പത്തിലും ശരീരഘടനയിലും ജീവിതധർമങ്ങളിലും. ഏറ്റവുമധികമുളളത് വേലക്കാരാണ്. ഇവയുടെ എണ്ണം കൂടിന്റെ വലുപ്പമനുസരിച്ച് 30,000 മുതൽ ഒരു ലക്ഷത്തിലധികം വരെയാകാം. പ്രത്യുൽപാദന ശേഷിയില്ലാത്ത ഇവയാണ് കൂട് നിർമിക്കുകയും വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. പൂന്തേനും പൂമ്പൊടിയും ശേഖരിക്കുകയും, നാം ഉപയോഗിക്കുന്ന തരത്തിലുളള തേൻ ഉല്‌പാദിപ്പിക്കുകയും ചെയ്യുന്നതും ഇവർ തന്നെ. റാണിയെയും കുഞ്ഞുങ്ങളെയും പരിപാലിക്കുക, കൂട്ടിലെ അംഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങി