കുതിരയ്ക്കെന്താ രാഷ്ട്രീയത്തിൽ കാര്യം?

ഷെറിൻ മുഹമ്മദ്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പതിവായി കേൾക്കുന്ന പരാതിയാണല്ലോ ‘കുതിരക്കച്ചവടം’ നടത്തുന്നു എന്ന്. കർണാടകയിൽ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പു ഫലം വന്നശേഷം ചില പാർട്ടികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലെ പ്രാധാന താരം കുതിരയായിരുന്നു. ‘ഞങ്ങളുടെ പേരിലുള്ള അന്യായ ഇടപാടുകൾ അവസാനിപ്പിക്കുക’ എന്നൊക്കെയുള്ള രസികൻ പോസ്റ്ററുകളുമായി അവർ മാർച്ച് ചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിൽ, യഥാർഥ കുതിരക്കച്ചവടവുമായി ബന്ധപ്പെട്ട് തന്നെയാണ് ഈ പ്രയോഗമുണ്ടായത്. കൗശലവും അധാർമികതയുമെല്ലാം നിറഞ്ഞ വിലപേശലുകൾക്കൊടുവിലാണ് കുതിരക്കൈമാറ്റം സംബന്ധിച്ച കരാറിൽ കച്ചവടക്കാർ ഏർപ്പെട്ടിരുന്നത്. കച്ചവടത്തിന് എത്തിക്കുന്ന കുതിരയുടെ മേൻമയെക്കുറിച്ച് പലപ്പോഴും കള്ളം പറയും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പരിശോധിച്ചറിയുക എളുപ്പവുമായിരുന്നില്ല. മുന്തിയ ഇനമെന്ന് തെറ്റിദ്ധരിച്ച് വൻ തുക മുടക്കി വാങ്ങി ചതിയിൽപ്പെടുന്നവരേറെ. വിലപേശാൻ കഴിവും വാക്സാമർഥ്യവുമുള്ളവർ കുതിരക്കച്ചവടത്തിൽ കൊള്ളലാഭം കൊയ്യുന്നത് പതിവായതോടെ മറ്റു മേഖലകളിലും ഈ വാക്ക് പ്രചാരത്തിലായി. 15:47 23-05-2018

നൂറ്റാണ്ടിനു മുൻപും
യുഎസിൽ, അതിവേഗ സാമ്പത്തിക വളർച്ചയുണ്ടായ 1870–1900 കാലത്ത് ബിസിനസ് ഇടപാടുകളിലെ ധാർമികത കുറഞ്ഞത് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കി. 1893ൽ പത്രങ്ങൾ അവരുടെ പ്രചാരത്തിന്റെ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നത് തടയാൻ കൊണ്ടുവന്ന നിയമത്തിനെതിരെ ന്യൂയോർക്ക് ടൈംസ് എഴുതിയ മുഖപ്രസംഗത്തിൽ ‘കുതിരകച്ചവടം’ എന്ന പരാമർശമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയരംഗത്ത് ഭരണം പിടിക്കാനും ബില്ലുകൾ പാസാക്കാനും മറ്റുമായി മറുപക്ഷത്തുളളവരെ സ്വാധീനിക്കുന്ന വഴിവിട്ട ശ്രമങ്ങൾക്കും വിലപേശലുകൾക്കും ‘കുതിരക്കച്ചവടം’ എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. സ്വന്തം നേട്ടത്തിനുവേണ്ടി ജനപ്രതിനിധികൾ വോട്ട് കച്ചവടം നടത്തുന്നതിന് നേരത്തേ ‘ലോഗ് റോളിങ്’ (Logrolling) എന്ന വാക്കാണ് പ്രചാരത്തിലുണ്ടായിരുന്നത്.