എല്ലാ രോഗങ്ങളും നമ്മളെ ആക്രമിക്കാത്തത് എന്തുകൊണ്ട്?
രേഷ്മ രമേശ്
എവിടെത്തിരിഞ്ഞാലും രോഗാണു, പക്ഷേ എല്ലാ രോഗങ്ങളും നമ്മളെ ആക്രമിക്കുന്നതുമില്ല. ഇതെന്തുകൊണ്ടാണ്?
ഉപദ്രവകാരിയെന്ന് ഉറപ്പുള്ള ഒരാളെ നമ്മൾ വീട്ടിലേക്കു കയറ്റാറുണ്ടോ. കുഞ്ഞൻ രോഗാണുക്കളോടു നമ്മുടെ ശരീരം പെരുമാറുന്നതും അങ്ങനെത്തന്നെ. ഇങ്ങോട്ടു കയറണ്ട എന്നു പറഞ്ഞു കോട്ട കെട്ടി തടയും. ഇനി അതിക്രമിച്ചു കയറിക്കൂടിയാലോ, അവരെ ഇറക്കിവിടാൻ പരമാവധി പൊരുതും. ഇതാണു ശരീരത്തിന്റെ പ്രതിരോധസംവിധാനം. വൈറസ്, ബാക്ടീരിയ, മറ്റു പരാദജീവികൾ എന്നിവയെ തിരിച്ചറിയുക, അകറ്റിനിർത്തുക; ഇതാണു ജോലി. പ്രതിരോധസംവിധാനം രണ്ടുതരത്തിലാണു പ്രവർത്തിക്കുന്നത്. പൊതുവായ പ്രതിരോധം, പ്രത്യേക പ്രതിരോധം. രോഗാണുവോ പൊടിപടലമോ എന്തുമാകട്ടെ, ‘മുഖം നോക്കാതെ’ പ്രതികരിക്കുന്നതാണു പൊതുവായ പ്രതിരോധം. തള്ളിപ്പുറത്താക്കുക എന്ന ഒറ്റവഴിമാത്രം. പ്രത്യേക പ്രതിരോധം പേരുപോലെ തന്നെ, രോഗാണുക്കളെ തിരിച്ചറിഞ്ഞ് പൊരുതുന്ന രീതി. ഇത്തവണ, പൊതുവായ പ്രതിരോധം എന്തെന്നു നോക്കാം. പത്താംക്ലാസുകാർക്ക് ഇതിനെക്കുറിച്ചു പഠിക്കാനുണ്ടല്ലോ.
പ്രാഥമികതല പ്രതിരോധം അഥവാ പടിക്കു പുറത്ത്
രോഗാണുവിനേയും മറ്റും പടിക്കു പുറത്തുനിർത്തുക എന്നതുതന്നെ ആദ്യത്തെ വഴി. ശരീരത്തിലെ ത്വക്ക്, ശ്ലേഷ്മ സ്തരങ്ങൾ എന്നിവ രോഗാണുക്കളെ തടയും. ഇവയുണ്ടാക്കുന്ന സ്രവങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഉമിനീര്, കണ്ണുനീർ, മ്യൂക്കസ്, സെബേഷ്യസ് ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന സേബം എന്നിവയിലെല്ലാം ലൈസോസൈം എന്ന എൻസൈം ഉണ്ട്. അതിനു രോഗകാരികളെ നശിപ്പിക്കാൻ കഴിവുണ്ട്. ബാക്ടീരിയകളെ ദഹിപ്പിച്ചുകളയാൻ മാത്രം ശേഷിയുണ്ട് ഇവയ്ക്ക്.
പൊടി ‘അടിച്ചുവാരും’
നമ്മൾ ശ്വസിക്കുന്ന വായുവിൽ പൊടികളും ഉണ്ടല്ലോ. പക്ഷേ അതെല്ലാം അണുബാധ ഉണ്ടാക്കുന്നില്ല. അതിനു കാരണം ശ്വാസനാളത്തിലെ ശ്ലേഷ്മസ്തരമാണ്. അവയുണ്ടാക്കുന്ന സ്രവങ്ങൾ രോഗാണുക്കളെയും പൊടിപടലങ്ങളെയും നീക്കും. ശ്വാസപഥത്തിലെ ചെറുനാരുകൾ പോലെയുള്ള സീലിയകളും ഇതൊക്കെ ‘അടിച്ചുവാരിക്കളയും’. മൂക്കിനുള്ളിലെ ചെറുരോമങ്ങളുടെ പണിയും ഇതുതന്നെ. ചുമയും തുമ്മലും ശല്യം എന്നല്ലേ നമ്മൾ കരുതുന്നത്. പക്ഷേ ഉള്ളിൽക്കടന്ന പൊടിപടലങ്ങളെയും രോഗാണുക്കളെയും പുറത്തിറക്കാനുള്ള സൂത്രമാണത്.
ചെവിയോടു വേണോ...
ചെവിയിലെ മെഴുക് ഇടയ്ക്കിടെ ബഡ്സ് ഇട്ടു നീക്കരുത്. ചെവിക്കുള്ളിലേക്കു കടക്കാനായി കാത്തുനിൽക്കുന്ന രോഗാണുക്കളെ തടയുന്നതാണ് ഈ മെഴുക്. ഇതും പൊതുവായ പ്രതിരോധത്തിന്റെ ഭാഗം തന്നെ. മറ്റൊന്ന്, പ്രോട്ടീനുകൾ ഉപയോഗിച്ചുള്ള പ്രതിരോധമാണ്. ത്വക്കിലെ കെരാറ്റിൻ പ്രോട്ടീനും ഇങ്ങനെത്തന്നെ. ഓരോ കോശങ്ങളെയും ചേർന്നുനിൽക്കാൻ സഹായിക്കുന്ന കെരാറ്റിനു മറ്റൊരു ഉപയോഗം കൂടിയുണ്ട്. ത്വക്കിന്റെ ഏറ്റവും പുറമേയുള്ള ഭാഗത്ത് അടിഞ്ഞുകൂടുന്ന മൃതകോശങ്ങളിൽ ധാരാളം കെരാറ്റിൻ ഉണ്ട്. ഇത് ഒരു കോട്ടപോലെ പ്രവർത്തിച്ച് രോഗാണുക്കളെ അകത്തേക്കു കടക്കാതെ തടയുന്നു.
ദ്വീതിയതല പ്രതിരോധം അഥവാ കടക്ക് പുറത്ത്
ശത്രുരാജ്യക്കാരെ പോലെ ശരീരത്തിന്റെ ഈ കോട്ടകളെല്ലാം കടന്ന് രോഗാണു അകത്തെത്തിയാലോ. അപ്പോഴാണു ദ്വീതിയതല പ്രതിരോധം വേണ്ടിവരുന്നത്. ശരീരത്തെ അണുബാധകളിൽനിന്നു സംരക്ഷിക്കുന്നത് ശ്വേതരക്താണുക്കളാണ്. ശരീരത്തിൽ മുറിവോ ക്ഷതമോ ഉണ്ടാകുമ്പോൾ ആ ഭാഗം വീർക്കാറില്ലേ. അതുകണ്ടു പരിഭ്രമിക്കേണ്ട. ശരീരം രോഗാണുക്കളെ പ്രതിരോധിക്കാൻ തയാറായി എന്നാണ് അർഥം. മുറിവുകളിലൂടെ രോഗാണുക്കൾ എളുപ്പത്തിൽ അകത്തുകടക്കുമല്ലോ. മുറിവിന്റെ ഭാഗത്തേക്കു ശ്വേതരക്താണുക്കൾ ഉടൻ എത്തണമെന്ന രാസസന്ദേശങ്ങൾ രൂപപ്പെടും. ഇതോടെ, രക്തക്കുഴലുകൾ വികസിക്കും. രക്തപ്രവാഹം കൂടും. ശ്വേതരക്താണുക്കളും പ്ലാസ്മയും മുറിവേറ്റ ഭാഗത്തേക്ക് എത്തും, അവിടം വീങ്ങും. ഇതാണു വീങ്ങൽ പ്രതിരോധം, ഇൻഫ്ലമേറ്ററി റസ്പോൺസ്. ഇതുമൊരു പ്രതിരോധ പ്രവർത്തനം തന്നെ.
ശ്വേതരക്താണുക്കൾ
ഇനി, നമുക്ക് ശ്വേതരക്താണുക്കളെക്കുറിച്ചു പറയാം. ഇവയ്ക്കു ചുവന്ന രക്താണുക്കളിൽനിന്നുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ. കോശമർമം ഉണ്ട് എന്നതുതന്നെ. ശ്വേതരക്താണുക്കൾ 5 തരത്തിലുണ്ട്. ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനോഫിൽ, മോണോസൈറ്റ്, ലിംഫോസൈറ്റ് എന്നിവ. ഇതിൽ, ലിംഫോസൈറ്റ് ഒഴികെയുള്ളവ പൊതുവായ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാണ്. ലിംഫോസൈറ്റുകൾ പ്രത്യേക പ്രതിരോധത്തിന്റെ ഭാഗവും. ശ്വേതരക്താണുക്കളുടെ അളവിലെ വ്യത്യാസമാണ് ഒരാൾ രോഗിയാണോ അല്ലയോ എന്നു തിരിച്ചറിയാൻ സഹായിക്കുന്നത്.
സസ്തനികളിലെ ജൈവപ്രക്രിയയുടെ ഭാഗമാണു ഫാഗോസൈറ്റോസിസ്. മൃതകോശങ്ങൾ നീക്കാനും മറ്റും ഈ ‘വിഴുങ്ങൽ’ വേണം. ഏറ്റവും പ്രധാനം, രോഗാണുവിനെ തുരത്തുന്നതുതന്നെ. നമ്മളെ ആക്രമിക്കുന്ന രോഗാണുക്കളെ രക്തത്തിലെ ഫാഗോസൈറ്റുകളായ ന്യൂട്രോഫിലും മോണോസൈറ്റും നശിപ്പിക്കുന്നു. ഇതിന് ഇവയെ സഹായിക്കുന്നതു കോശത്തിലെ ലൈസോസോം എന്ന കോശാംഗമാണ്. മൃതകോശങ്ങളെ നശിപ്പിക്കുന്നതും ഇതു തന്നെ.
രോഗാണുക്കളും ഫാഗോസൈറ്റും തമ്മിൽ
രോഗാണുക്കളെ കണ്ടുകിട്ടിയാലുടൻ ഫാഗോസൈറ്റിന്റെ കോശസ്തരം അതിനെ ആഗിരണം ചെയ്യും. ഇങ്ങനെ ഉള്ളിൽപ്പെട്ടുപോകുന്ന രോഗാണുവിനെ കാത്തു ലൈസോസോം നിൽപ്പുണ്ടല്ലോ. രോഗാണുവുളള കോശസ്തര സഞ്ചിക്കൊപ്പം ലൈസോസോം ചേരും. ഇതോടെ എൻസൈമുകൾ പുറപ്പെടും. രോഗാണുക്കളെ നശിപ്പിക്കും. അവശിഷ്ടങ്ങൾ കോശത്തിൽനിന്നു പുറത്തുകളയുകയും ചെയ്യും.
പൊതുപ്രതിരോധത്തിലെ ശ്വേതരക്താണുക്കൾ
∙ ന്യൂട്രോഫിൽ– ശ്വേതരക്താണുക്കളിൽ ഏറ്റവും കൂടുതലുള്ളത്. മറ്റുള്ളവയ്ക്കു കയറാനാകാത്ത കോശങ്ങളിലും കയറിപ്പറ്റാൻ കഴിവുള്ളവ. ബാക്ടീരിയ, ഫംഗസ് എന്നിവയെ വിഴുങ്ങി നശിപ്പിക്കുന്ന ഫാഗോസൈറ്റും ആണിത്.
അതിനുള്ള രാസവസ്തുക്കൾ ഉണ്ടാക്കുന്നുമുണ്ട്. മുറിവുണ്ടാകുമ്പോൾ വീങ്ങൽ പ്രതിരോധത്തിനായി ആദ്യം ഓടിയെത്തുന്നതും ന്യൂട്രോഫിൽ തന്നെ.
∙ മോണോസൈറ്റ്– വലിപ്പമേറിയ ശ്വേതരക്താണുക്കൾ. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
∙ ബേസോഫിൽ– ഏറ്റവും കുറവ് കാണപ്പെടുന്നത്. മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കും, വീങ്ങൽ പ്രതികരണത്തിനായി രക്തക്കുഴലുകൾ വികസിപ്പിക്കും. അലർജി, ആസ്മ രോഗങ്ങളുണ്ടാകുമ്പോഴും വീങ്ങൽ പ്രതിരോധം പുറത്തെടുക്കും.
∙ ഈസിനോഫിൽ– അന്യവസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തു ഉണ്ടാക്കുന്നു, വീങ്ങൽ പ്രതികരണത്തിനുവേണ്ട രാസവസ്തുക്കൾ ഉണ്ടാക്കുന്നു. ആസ്മ രോഗികളുടെ ശ്വാസകോശങ്ങളിൽ ഈസിനോഫിലുകൾ ധാരാളമായി കാണപ്പെടും. ഇതു കോശങ്ങൾ വീങ്ങാനും നശിക്കാനും ഇടയാക്കും. ഇതാണ് ഈ രോഗികളിൽ ശ്വാസതടസ്സമുണ്ടാക്കുന്നത്.
രക്തം കട്ടപിടിക്കൽ
മുറിവിൽനിന്നു രക്തം വാർന്നുപോയി ആൾ ഗുരുതരാവസ്ഥയിൽ ആകാതിരിക്കാനുള്ള ശരീരത്തിന്റെ സൂത്രമാണു രക്തം കട്ടപിടിക്കൽ. രക്തകോശങ്ങളെ ചേർത്തുനിർത്തുന്നതു ദ്രവഘടകമായ പ്ലാസ്മയാണെന്ന് അറിയാമല്ലോ. ഇളംമഞ്ഞ നിറമാണിതിന്. പ്ലാസ്മയിലെ ഫൈബ്രിനോജൻ എന്ന ഗ്ലൈക്കോപ്രോട്ടീൻ ഫൈബ്രിൻ ആയി മാറിയാണ് രക്തംകട്ടപിടിക്കാൻ സഹായിക്കുന്നത്.
ഇതിനു പല ഘട്ടങ്ങളുണ്ട്
കോശങ്ങൾ ശിഥിലീകരിച്ചു ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു. ഇത് പ്ലാസ്മയിലെ പ്രോത്രോംബിൻ എന്ന പ്രോട്ടീനെ ത്രോംബിൻ ആക്കി മാറ്റുന്നു. ഇത് പ്ലാസ്മയിലെ ഫൈബ്രിനോജൻ എന്ന പ്രോട്ടീനെ ഫൈബ്രിൻ നാരുകളാക്കും. ഒഴുകിയെത്തുന്ന രക്തകോശങ്ങൾക്കും പ്ലേറ്റ്‌ലെറ്റുകൾക്കും കുറുകെ ഈ നാരുകൾ വലക്കണ്ണികൾ തീർക്കും. ഇതാണു രക്തം കട്ടപിടിക്കൽ. പക്ഷേ, ഇങ്ങനെ രക്തം കട്ടപിടിക്കുന്നതു ജീവഹാനി ഉണ്ടാക്കാറുമുണ്ട്. ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ ഉള്ള രക്തക്കുഴലിലാണു കട്ടപിടിക്കുന്നതെങ്കിലോ?. ഹൃദയത്തിലേക്കുള്ള ഓക്സിജൻ കിട്ടാതെ ഹൃദയാഘാതം സംഭവിക്കാം. തലച്ചോറിലേക്കാണെങ്കിൽ മസ്തിഷ്കമരണവും. ബൈക്ക് അപകടവാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ടോ?. തലയ്ക്കു പരുക്കേൽക്കുന്നതാണു മിക്കവാറും മരണകാരണം.
മുറിവുണ്ടാകുമ്പോൾ ആദ്യം ആ ഭാഗം വീങ്ങുന്നു, പിന്നീടു രക്തം കട്ടപിടിക്കുന്നു. ഒടുവിലാണു പുതിയ കോശങ്ങൾ ഉണ്ടാകുന്നതും മുറിവുണങ്ങുന്നതും. ഏറ്റവുമവസാനം എപ്പിത്തീലിയൽ കോശങ്ങൾ വളരുന്നതോടെ മുറിവുണങ്ങുന്നു.