മനുഷ്യന് കാണാനാകാത്തത് പക്ഷികൾക്കു കാണാം; അതും അദ്ഭുതക്കാഴ്ചകൾ!
നവീൻ മോഹൻ
കൊടുംകാട്. തിങ്ങിനിറഞ്ഞു നിൽക്കുന്ന പച്ചപ്പ്. എവിടെത്തിരിഞ്ഞു നോക്കിയാലും ആ ഹരിതാഭ മാത്രമേയുള്ളൂ. അതിനിടയിൽ ആരെങ്കിലും പച്ച ഉടുപ്പിട്ട് ഒളിച്ചിരുന്നാൽ പോലും അറിയാനാകില്ല. പക്ഷേ ആ പച്ചിലക്കൂട്ടത്തിനിടയിൽ ഒളിച്ചിരിക്കുന്ന കുഞ്ഞുപ്രാണിയെ വരെ കണ്ടെത്തി കൊത്തിത്തിന്നാൻ കിളികൾക്കു സാധിക്കും. അതെങ്ങനെയാണെന്നത് ഇത്രയും കാലം ഒരദ്ഭുതമായിരുന്നു. ഇപ്പോൾ സ്വീഡനിലെ ലുന്ദ് സർവകലാശാലയിലെ ഗവേഷകർ അതിന്റെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യർ പച്ചിലക്കൂട്ടത്തെ പച്ച നിറത്തിൽ കാണുമ്പോൾ പക്ഷികൾക്ക് അങ്ങനെയല്ലത്രേ! അവർ കാണുന്ന പച്ചിലകൾക്ക് അത്രയേറെ ‘പച്ചപ്പൊന്നും’ ഉണ്ടാകില്ല. പക്ഷികളുടെ കാഴ്ച എങ്ങനെയായിരിക്കുമെന്ന് ഒരു പ്രത്യേക തരം ക്യാമറയിലൂടെയാണ് സ്വീഡിഷ് ഗവേഷകർ വിശദീകരിച്ചത്. വിശദമായ പഠനം നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രാഥമിക വർണങ്ങൾ എന്നറിയപ്പെടുന്ന ചുവപ്പ്, പച്ച, നീല നിറങ്ങൾ (ആർജിബി–റെഡ്, ഗ്രീൻ, ബ്ലൂ) പല തരത്തിൽ കൂട്ടിച്ചേർത്താണ് കണ്ണുകൾ മനുഷ്യനെ കാക്കത്തൊള്ളായിരം നിറങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നത്. കണ്ണുകളെ ഇതിനു സഹായിക്കുന്നതാകട്ടെ കോൺ സെല്ലുകൾ എന്നറിയപ്പെടുന്ന ഒരുകൂട്ടം ‘ഫോട്ടോറിസപ്റ്റർ’ കോശങ്ങളും. കണ്ണിലെ റെറ്റിനയിലാണ് കോൺ സെല്ലുകളുള്ളത്. ഇവയാണ് നിറങ്ങളുടെ തരംഗദൈർഘ്യമനുസരിച്ച് (wavelength) ഓരോന്നിനെയും തിരിച്ചറിയുന്നത്. ഓരോ പ്രാഥമിക വർണങ്ങളെയും തിരിച്ചറിയാൻ ഓരോ തരം കോൺ സെല്ലുകളാണ് കണ്ണിലുള്ളത്. എന്നാൽ പക്ഷികകൾക്കു നാലാമതൊരു സെറ്റ് കോൺ സെൽ കൂടിയുണ്ട്. അൾട്രാവയലറ്റ് രശ്മികളെ തിരിച്ചറിയാൻ സാധിക്കുന്നതാണവ. മനുഷ്യനാകട്ടെ ആ നിറത്തെ തിരിച്ചറിയാനുള്ള ശേഷിയുമില്ല! ഇക്കാര്യം ഗവേഷകർക്ക് നേരത്തേ അറിയാമായിരുന്നു. പക്ഷേ ഈ അൾട്രാവയലറ്റ് നിറം ഉപയോഗിച്ച് പക്ഷികൾ എന്തു ചെയ്യാനാണ്? അതറിയാനാണ് ഗവേഷകർ പ്രത്യേകതരം ക്യാമറ നിർമിച്ചത്. പക്ഷികൾ കാണുന്ന അതേപോലെ കാഴ്ചകൾ സാധ്യമാക്കുന്ന ഒരു ക്യാമറ ഇതാദ്യമായാണു ലോകത്ത് നിർമിച്ചതെന്നും ഗവേഷകർ പറയുന്നു. അതുപയോഗിച്ച് പലയിടത്തു നിന്നും പച്ചിലക്കൂട്ടങ്ങളുടെ ഫോട്ടോകളുമെടുത്തു.
ഈ വാർത്തയ്ക്കൊപ്പമുള്ള ആ ചിത്രത്തിന്റെ മാതൃക ശ്രദ്ധിച്ചാൽ കുട്ടിക്കൂട്ടുകാർക്ക് കാര്യം മനസ്സിലാകും. അൾട്രാവയലറ്റ് വിഷനിലൂടെ പക്ഷികൾ കാണുമ്പോൾ ഇലകളുടെ മുകൾ ഭാഗത്തിനു പച്ചനിറം കുറവായിരിക്കും. ഏകദേശം ചുവപ്പിനോടു ചേർന്ന നിറമാണു പക്ഷികൾ കാണുക. ഇലയുടെ താഴെയുള്ള ഭാഗമാകട്ടെ കടുംപച്ച നിറത്തിലും. മനുഷ്യന്റെ കാഴ്ചയിൽ ഇതു നേരെ തിരിച്ചാണ്. ഈ ‘കളർ വിഷൻ’ കാരണം പക്ഷികൾക്കു പച്ചിലക്കൂട്ടത്തിന്റെ ഒരു ത്രിമാന (3D) രൂപം കിട്ടും. അങ്ങനെയാണ് ഇലക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കാനും എളുപ്പം ഇരപിടിക്കാനും സാധിക്കുന്നത്. ജീവജാലങ്ങളുടെ കാഴ്ചശക്തിയിൽ വന്നിട്ടുള്ള പരിണാമം തിരിച്ചറിയുന്നതിലേക്കും ഗവേഷകരുടെ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണു കരുതുന്നത്.