ആകാശത്തുനിന്ന് ഭൂമിയെ തുറിച്ചു നോക്കി തലയോട്ടിയും പ്രേതക്കണ്ണുകളും; ഹബിൾ അദ്ഭുതം!
സ്കൂളിൽ പോകുന്നില്ലെങ്കിലും കൊച്ചുകൂട്ടുകാർക്കു പഠിക്കാൻ ആവശ്യമായ വിവരങ്ങളെല്ലാം അധ്യാപകർ ടിവിയിലൂടെയും മൊബൈലിലൂടെയും കംപ്യൂട്ടറിലൂടെയുമെല്ലാം നൽകുന്നുണ്ടല്ലോ ഇപ്പോൾ. അധ്യാപകർ എത്ര ദൂരെയാണെങ്കിലും ഈ സ്മാർട് ഉപകരണങ്ങളിലൂടെ നമുക്കു വീട്ടിലിരുന്നു പഠിക്കാമെന്നു ചുരുക്കം. പ്രപഞ്ചത്തിൽ നോക്കെത്താദൂരത്തോളം അകലെ നടക്കുന്ന സംഭവങ്ങളും നമുക്കു വീട്ടിലിരുന്നു കാണാനാകും. അതിനു സഹായിക്കുന്നതാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ വിക്ഷേപിച്ച ഹബിൾ സ്പെയ്സ് ടെലസ്കോപ്പ്. 1990ൽ അയച്ച ഇത് ഇപ്പോഴും പ്രപഞ്ചത്തിന്റെ പല കോണുകളിൽനിന്നുമുള്ള ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് അതിന്റെ മുപ്പതാം വാർഷികവും ലോകം ആഘോഷിച്ചു.
അമ്പരപ്പിക്കുന്ന ചിത്രങ്ങളെടുക്കുന്നതിൽ മിടുക്കനാണ് ഹബിൾ. 2019 ഒക്ടോബറിൽ അത്തരമൊരു ചിത്രം ഏറെ വൈറലാവുകയും ചെയ്തു. ഹാലോവീൻ ആഘോഷങ്ങളോടനുബന്ധിച്ചു പുറത്തുവിട്ട ആ ചിത്രത്തിൽ ആകാശത്തുനിന്നു രണ്ടു കണ്ണുകൾ ഭൂമിയിലേക്കു നോക്കുന്നതായിരുന്നു കാഴ്ച! ആകാശത്ത്, അതും 70.4 കോടി പ്രകാശ വർഷം അകലെ ആരാണു ഭൂമിയെ ഇങ്ങനെ തുറിച്ചു നോക്കുക? അന്യഗ്രഹ ജീവികളാണോ? അല്ലേയല്ല. ബഹിരാകാശത്തെ ഗാലക്സികളുടെ ഒരു അദ്ഭുതക്കാഴ്ചയാണ് ഹബിൾ പകർത്തിയത്.
കോടിക്കണക്കിന് നക്ഷത്രങ്ങളുടെ കൂട്ടമാണ് ഗാലക്സി എന്നറിയപ്പെടുന്നത്. നമ്മുടെ ഭൂമി ഉൾപ്പെടുന്ന സൗരയൂഥമില്ലേ, അത് ക്ഷീരപഥം അഥവാ Milkyway എന്ന ഗാലക്സിയിൽപ്പെട്ടതാണ്. ഹാലോവീന് നമ്മളെ തുറിച്ചു നോക്കിയ ഗാലക്സിക്ക് ഭൂമിയുമായും ഒരു ബന്ധമുണ്ട്, അതു വഴിയേ പറയാം. അതിനു മുൻപ് എന്തായിരുന്നു ആ കണ്ണുകളെന്ന് അറിയേണ്ടേ? രണ്ട് ഗാലക്സികൾ പരസ്പരം കൂട്ടിയിടിച്ചപ്പോഴുള്ള കാഴ്ചയാണ് ഹബിൾ പകർത്തിയത്. എഎം 2026–424 (Arp-Madore 2026-424) എന്നായിരുന്നു ആ കാഴ്ചയ്ക്ക് നാസ നൽകിയ ശാസ്ത്രീയമായ പേര്.
കൂട്ടിയിടിയിലൂടെയാണ് ആ സംവിധാനത്തിന് വൃത്താകൃതി ലഭിച്ചത്. ഈ ആകൃതി ഏകദേശം 10 കോടി വർഷത്തോളം ഇതേ രീതിയിൽത്തന്നെ തുടരും. അതിനിടയ്ക്ക് അൽപാൽപമായി രണ്ടു ഗാലക്സികളും കൂടിച്ചേരും. അങ്ങനെ ഏകദേശം 200 കോടി വർഷമെടുക്കും രണ്ടു ഗാലക്സികളും ഒരുമിച്ചു ചേരാൻ! ഗാലക്സികൾ എപ്പോഴൊക്കെ നേർക്കുനേർ വന്നിടിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഒരെണ്ണം നശിച്ചു പോവുകയാണു പതിവ്. പക്ഷേ അപൂർവമായി മാത്രം ഗാലക്സികൾ സമാധാനപരമായി ‘വഴക്കൊന്നും’ ഇല്ലാതെ കൂടിച്ചേരും. അങ്ങനെ പുതിയൊരു ഗാലക്സിയും രൂപംകൊള്ളും. റിങ് ഗാലക്സികളെന്ന ഈ പ്രതിഭാസമാണ് തലയോട്ടിയിലെ രണ്ടു വട്ടക്കണ്ണുകളായി ഹബിൾ സ്പെയ്സ് ടെലസ്കോപ്പിനു തോന്നിയത്.
നക്ഷത്രങ്ങൾ പല രീതിയിൽ കൂടിച്ചേർന്നാണു തലയോട്ടിയുടെ രൂപം സ്വീകരിച്ചതും. എന്നാൽ നിലവിലെ സാഹചര്യത്തിൽ എഎം 2026–424 കൂട്ടിയിടിച്ച് പുതിയ ഗാലക്സിയുണ്ടാകുമോയെന്നോ അതോ വൻ നാശമുണ്ടാകുമോയെന്നോ ഗവേഷകർക്കു പറയാനാകില്ല. ഇരു ഗാലക്സികളുടെയും മധ്യത്തിനുള്ള തമോ ഗർത്തം അഥവാ ബ്ലാക്ക് ഹോളുകളുടെ സ്വഭാവമനുസരിച്ചിരിക്കും കാര്യങ്ങൾ. ഇനി ആ റിങ് ഗാലക്സിക്ക് ഭൂമിയുമായി എന്തു ബന്ധമെന്ന കാര്യം– ഏകദേശം 450 കോടി വർഷം കഴിയുമ്പോൾ ഇതുപോലൊരു സംഭവം നമ്മുടെ ഭൂമി ഉൾപ്പെട്ട ക്ഷീരപഥം ഗാലക്സിയിലും നടക്കും. ആൻഡ്രോമിഡ എന്ന ഗാലക്സിയുമായിട്ടായിരിക്കും അന്ന് ക്ഷീരപഥം കൂട്ടിയിടിക്കുക. അതിനെ അതിജീവിക്കാൻ ക്ഷീരപഥത്തിനാകുമോ? കോടിക്കണക്കിനു വർഷം കഴിയണം ഉത്തരം കിട്ടാൻ..