കൂനന്റേയും ജിപ്‍സി പെൺകുട്ടിയുടേയും കല്ലറ പൊളിച്ചപ്പോൾ !
ജസ്റ്റിൻ മാത്യു
ലോക സാഹിത്യത്തിലെ വിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണു നോത്രദാമിലെ കൂനൻ. ചരിത്രപരതകൊണ്ടും കലാമേന്മകൊണ്ടും മികച്ചു നിൽക്കുന്ന കൃതിയാണിത്. അക്ഷരലോകത്തെ കുലപതിയായ വിക്ടർ ഹ്യൂഗോയാണു രചയിതാവ്. നോത്രദാമിലെ പള്ളിയെക്കുറിച്ചും അതിലെ ശില്‍പകലകളെക്കുറിച്ചും ഗഹനമായ വിവരണം ഈ കൃതിയില്‍ കാണാം. അടുത്തിടെ നോത്രദാം പള്ളി അഗ്നിക്കിരയായപ്പോൾ ഈ നോവലും ഏറെ ചർച്ച ചെയ്യപ്പെട്ടു.
നോത്രദാം പള്ളിയിലെ മണിയടിക്കാരനാണു ക്വസിമോദൊ എന്ന കൂനൻ. ഒറ്റക്കണ്ണനും മുടന്തനുമായ അയാൾക്കു തുടർച്ചയായ മണിയടി മൂലം കേൾവി ശക്തിയില്ല. ചുറ്റുപാടുകൾ വെറുപ്പും പരിഹാസവും മാത്രമാണ് അവനു സമ്മാനിച്ചത്. തിരിച്ചു ചുറ്റുപാടുകളോടുള്ള അവന്റെ പ്രതികരണവും സമാനമായ രീതിയിലാണ്.
കാതടപ്പിക്കുന്ന മണിയൊച്ച കേട്ടു പാരിസ് നഗരം ഉണരുന്നിടത്താണു കഥയുടെ തുടക്കം. അന്നാണു വിഡ്ഢികളുടെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. കൂനനെയാണു വിഡ്ഢികളുടെ മാർപ്പാപ്പയായി തിരഞ്ഞെടുക്കുന്നത്. ആര്‍ച്ച് ഡീക്കൻ ക്ലോദു ഫ്രോല്ലോയുടെ ദത്തുപുത്രനാണു കൂനൻ ക്വസിമോദൊ.
ഈ സമയം സുന്ദരിയായ എസ്മൊറാല്‍ദ എന്ന ജിപ്സി പെൺകുട്ടിയുമുണ്ടവിടെ. ആർച്ച് ഡീക്കന് ഈ പെൺകുട്ടിയോടു താൽപര്യം തോന്നുന്നു. അവളെ കൂനന്റെ സഹായത്താല്‍ സ്വന്തമാക്കാന്‍ ശ്രമിച്ച ആര്‍ച്ച് ഡീക്കന്‍, പെണ്‍കുട്ടിയെ ആക്രമിച്ച കുറ്റത്തിനു നിയമത്തിനു മുന്നില്‍ ക്വസിമോദൊയെ വിട്ടുകൊടുക്കുന്നു. കൂനനെ ശിക്ഷയ്ക്കു വിധിക്കുന്നു. അവശനായ ക്വസിമോദൊ വെള്ളത്തിനായി നിലവിളിക്കുമ്പോൾ ദാഹജലവുമായെത്തുന്നതു ജിപ്സി പെണ്‍കുട്ടി മാത്രമാണ്. ചതിയനായ ആര്‍ച്ച് ഡീക്കന്‍ വക്രബുദ്ധിയുപയോഗിച്ചു ജിപ്സി പെണ്‍കുട്ടിയെ കൊലക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുന്നു. വധശിക്ഷയ്ക്കു വിധിച്ച പെണ്‍കുട്ടിയെ അത്ഭുതകരമായി ക്വസിമോദോ കൂനൻ രക്ഷിക്കുന്നു. എന്നാൽ ഡീക്കന്‍ പെണ്‍കുട്ടിയെ വീണ്ടും നിയമത്തിനു മുന്നിലെത്തിക്കുന്നു.
പെണ്‍കുട്ടിയുടെ വധശിക്ഷ നടപ്പാക്കിയതറിഞ്ഞു കൂനൻ ആര്‍ച്ച് ഡീക്കനെ കൊല്ലുന്നു. കൂനൻ അപ്രത്യക്ഷനാകുന്നു. ഒന്നര വർഷത്തിനു ശേഷം കല്ലറ പൊളിക്കേണ്ടി വരുന്നു. ശവശരീരങ്ങൾക്കിടയിൽ 2 അസ്ഥികൂടങ്ങൾ ആലിംഗനം ചെയ്ത രീതിയിൽ കണ്ടെത്തുന്നു. ഒന്ന് ജിപ്സി പെൺകുട്ടിയുടേതാണ്. മറ്റേതു കൂനന്റെയും. അസ്ഥിപഞ്ചരത്തെ വേർപെടുത്താൻ ശ്രമിച്ചപ്പോൾ അതു പൊടിഞ്ഞു പോകുന്നു. അവിടെയാണു കഥ അവസാനിക്കുന്നത്.