അന്റാർട്ടിക്കയിൽ നിന്നു കിട്ടി ‘ഇഗ്വാന’ നിധി. Iguana Sized Dinosaur. Antarctica. Padhippura, Manorama Online

അന്റാർട്ടിക്കയിൽ നിന്നു കിട്ടി ‘ഇഗ്വാന’ നിധി

നവീൻ മോഹൻ

വീട്ടിലെ ചുമരിലും വാതിലിലും ജനലിലുമൊക്കെ തത്തിത്തത്തി നടക്കുന്ന പല്ലികളെ കണ്ടിട്ടില്ലേ? പെട്ടെന്നൊരു ദിവസം അവയങ്ങു വലുതായാലോ! ആരായാലും പേടിച്ചു പോകും. പക്ഷേ മെക്സിക്കോയിലും തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമൊക്കെയുള്ളവർ അങ്ങനെ പേടിക്കില്ല. കാരണം അവർ ചെറിയ പല്ലിയെയും ഭീമൻ പല്ലിയെയും ഒരുപോലെ കണ്ടാണ് വളർന്നത്. ഇഗ്വാനകൾ എന്നാണ് ആ ഭീമൻ പല്ലികളുടെ പേര്. സത്യത്തിൽ ദിനോസറുകളുടെയും ഇന്നത്തെ കാലത്തെ മുതലകളുടെയുമൊക്കെ പൂർവികരാണ് ഇഗ്വാനകൾ. മുതലയും ദിനോസറുമൊക്കെ നല്ല ഇറച്ചിതീറ്റക്കാരായിരുന്നെങ്കിൽ പാവം ഇഗ്വാനകൾ ശുദ്ധ വെജിറ്റേറിയന്മാരാണ്. കാഴ്ചയിൽ ഏകദേശം ഇഗ്വാനയെപ്പോലെയിരിക്കുന്നതും അവയുടെ കുടുംബത്തിൽപ്പെട്ടതുമായ ഒരു ജീവിയെ അടുത്തിടെ ഗവേഷകർ കണ്ടെത്തി.

‘അന്റാർട്ടിക്കയിൽ നിന്നു കുഴിച്ചെടുത്ത നിധി ’എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. അത്രയേറെ വിലപ്പെട്ടതായിരുന്നു അവിടെ നിന്നു ലഭിച്ച അറിവും. ഏകദേശം 25 കോടി വർഷം പഴക്കമുള്ള ഫോസിലാണ് ഗവേഷകർ കുഴിച്ചെടുത്തത്. അത് ഇപ്പോഴൊന്നുമല്ല, ഒൻപതു വർഷം മുൻപ്. അന്നു ലഭിച്ച ഫോസിലിനെപ്പറ്റി വിശദമായി പഠിച്ച ഗവേഷകർ അടുത്തിടെയാണ് അതുമായി ബന്ധപ്പെട്ട പഠനം പൂർത്തിയാക്കിയത്. എന്തായാലും ജേണൽ ഓഫ് വെർടിബ്രേറ്റ് പാലിയന്റോളജിയിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനത്തിൽ ഗംഭീര വിവരങ്ങളാണ്. അമ്പരപ്പിക്കുന്ന വിവരങ്ങളായതിനാൽത്തന്നെ ആ ഫോസിലുകളിൽ നിന്നു തിരിച്ചറിഞ്ഞ ജീവിക്ക് ഒരു രാജകീയ പേരും നൽകി– അന്റാർട്ടിക്കയിലെ രാജാവ് അഥവാ ‘അന്റാർട്ടനാക്സ്’. ഇതോടൊപ്പം ‘ഷാക്ക്ൽടനി’ എന്നു കൂടി ചേർത്തതോടെ ഭീമൻ പല്ലിയുടെ ശാസ്ത്രനാമവുമായി. അന്റാർട്ടിക് പര്യവേക്ഷകനായ ഏണസ്റ്റ് ഷാക്ക്ൽടനോടുള്ള ആദരസൂചകമായിട്ടായിരുന്നു ആ പേര്.

ഷാക്ക്ൽടൻ പണ്ട് അന്റാർട്ടിക്കയിലെ ഒട്ടേറെ അദ്ഭുതക്കാഴ്ചകൾ പുറംലോകത്തെത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പര്യവേക്ഷണത്തിലൂടെ പ്രശസ്തമായ ഒരു മഞ്ഞുപർവത മേഖലയിൽ നിന്നായിരുന്നു ഗവേഷകർക്ക് അന്റാർട്ടനാക്സിന്റെ ഫോസിൽ ലഭിച്ചത്. അങ്ങനെയാണ് ആ പേരു കൊടുത്തതും. ട്രയാസിക് കാലഘട്ടത്തിലാണ് അന്റാർട്ടനാക്സ് ജീവിച്ചിരുന്നതെന്നാണു കരുതുന്നത്. അതായത്, കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ ഒരു കൂട്ട വംശനാശം സംഭവിച്ചിരുന്നു. അന്ന് കരയിലെ 70% ജീവികളും ഇല്ലാതായിപ്പോയി. ആ വംശനാശത്തിലും യാതൊന്നും പറ്റാതെ പിടിച്ചുനിന്നവരാണ് അന്റാർട്ടനാക്സുകൾ. അതെങ്ങനെ സാധിച്ചു എന്നു മാത്രം ചോദിക്കരുത്. ഗവേഷകരും അതിന്റെ ഉത്തരം തേടിയുള്ള അന്വേഷണത്തിലാണ്. ഒരു കൂട്ടവംശനാശം വന്നാൽ പിന്നെയും ജീവിതം തളിരിടാൻ ഏറെ കാലങ്ങളെടുക്കുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. പക്ഷേ അന്റാർട്ടനാക്സിനോയെ കണ്ടെത്തിയതോടെ അക്കാര്യത്തിലും ‘കൺഫ്യൂഷനായി’.

ദിനോസറുകളുടെയും മുതലകളുടെയും പൂർവികരായ ആർച്ചോസോറുകളുടെ വിഭാഗത്തിലാണ് അന്റാർട്ടനാക്സിന്റെയും സ്ഥാനം. ഇവയുടെ കാലും കൈകളും എല്ലുകളുമെല്ലാം കണ്ടെത്തി. പക്ഷേ പല്ലും തലയോട്ടിയും ലഭിച്ചില്ല. എങ്കിലും അന്നത്തെ സാഹചര്യമനുസരിച്ച് ഇവ മാസംഭുക്കുകളാകാനാണു സാധ്യതയെന്ന് പഠനസംഘത്തിലെ മുഖ്യഗവേഷകൻ ബ്രാൻഡൻ പീകുക്ക് പറയുന്നു. അക്കാലത്ത് അന്റാർട്ടിക്കയിൽ ഇന്നത്തെ പോലെ തണുപ്പായിരുന്നില്ല. അതിനാൽത്തന്നെ പലതരം ചെറുജീവികളും ഷ്ഡപദങ്ങളുമെല്ലാം സജീവമായിരുന്നു. അവയെ പിടിച്ചുതിന്നാണ് അന്റാർട്ടനാക്സുകൾ ജീവിച്ചിരുന്നതെന്നാണു കരുതുന്നത്.