ഈ ജീവികൾക്ക് ഒരിക്കലും മരണമില്ല!!!
മരണമില്ലാത്ത ജീവികളെ കൂട്ടുകാർ സിനിമയിലും കഥകളിലും ഒക്കെ കണ്ടിട്ടില്ലേ.. കാലനില്ലാത്ത കാലത്തെക്കുറിച്ച് കുഞ്ചൻ നമ്പ്യാർ എഴുതിയത് വായിച്ചു നോക്കണം... രസമുള്ള കഥകൾ അതിൽ കാണാം. ജനിച്ചാൽ മരിക്കാത്ത ജീവികൾ ഉണ്ടെന്നാണ് ജീവശാസ്ത്രജ്ഞർ പറയുന്നത്. ഇവിടെ നമ്മുടെ സങ്കൽപത്തിലുളള ജനനത്തിനും മരണത്തിനും വ്യത്യാസങ്ങളുണ്ട്.
ചെറുപ്പമാകും ഇടയ്ക്കിടെ...
ട്യുറി ടോപ്സിസ് ധൂമി (turritopsis dohrnil) എന്ന ഒരിനം കടൽചൊറി അഥവാ ജെല്ലി ഫിഷ് മരണമില്ലാത്തജീവിയാണത്രെ. ഈ അപൂർവ ജെല്ലി ഫിഷിന് 4.5 മില്ലിമീറ്ററാണ് വലുപ്പം. മരണത്തെ പറ്റിക്കാൻ ഇഷ്ടന്റെ കൈയിൽ ചില സൂത്രപ്പണികൾ ഉണ്ട്. മുറിവേറ്റോ അസുഖം ബാധിച്ചോ ഒക്കെ ആണല്ലോ പല ജീവികളും മരിക്കുന്നത്. ഇടയ്ക്കിടെ ഈ ജീവിയുടെ പഴയ കോശങ്ങളെല്ലാം നശിച്ച് പുതിയവ ഉണ്ടാകും. ജീവി ചെറുപ്പമാകും. പിന്നീട് പ്രായപൂർത്തിയാകും. വീണ്ടും കോശങ്ങൾ പുതുക്കി ചെറുപ്പമാകും. ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ മരണം ഉണ്ടാകുന്നില്ല. ഇവയുടെ ശരീത്തിന്റെ 90ശതമാനം ജലമാണ്.
വെട്ടിമുറിച്ചാൽ രണ്ട് ജീവി
കടലിൽ കാണുന്ന ഒരിനം വലിയ ചുവപ്പൻ ചെമ്മീനുകൾക്കും ജീവശാസ്ത്രപരമായി മരണമില്ല. ചിലയിനം കടലാമകളും ചുവപ്പുനിറമുള്ള പവിഴപ്പുറ്റുകളും 5 നൂറ്റാണ്ടോളം ജീവിക്കും. പ്രായം കൂടി അപ്പൂപ്പനാകുമ്പോൾ കടലാമയുടെ ശരീര ഭാഗങ്ങൾ നമ്മെപ്പോലെ പണിമുടക്കില്ല. ആൽബട്രോസ് പക്ഷികളിലെ ഒരിനം 66 കൊല്ലം ജീവിച്ചിരുന്നതായി രേഖയുണ്ട് . പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും കാലം ജീവിച്ചിരുന്നബഹുമതി ഈ പക്ഷിക്കാണ്. ഗ്രീൻലാൻഡ് ഷാർക്, ബൗ ഹെഡ് വെയ്ൽ എന്നീ കടൽ ഭീമന്മാരും ആയുസ്സിൽ മുന്നിലാണ്.
പ്ലനറിയൻ വേം എന്ന ശരീരം പരന്ന ഒരിനം പുഴു ഉണ്ട്. കടലിലും ശുദ്ധജല തടാകത്തിലും മണ്ണിലും ചെടിയിലുമൊക്കെ കാണപ്പെടുന്ന ഇവയിൽ ചിലതിനെ വെട്ടിമുറിച്ച് പോലും കൊല്ലാനാവില്ല ! നീളത്തിലോ വീതിയിലോ മുറിച്ച് രണ്ടു തുണ്ടമാക്കിയാലും പുഴു മരിക്കില്ല . പകരം ദിവസങ്ങൾക്കകം രണ്ടു കഷണങ്ങളും രണ്ടു പുഴുവായി മാറും.
റേഡിയേഷൻ ഇഷ്ടം ആസിഡ് പുല്ല്
Deinococcus radiodurans എന്ന ഇനം ബാക്ടീരിയകൾക്ക് ഏതു പ്രതികൂല സാഹചര്യത്തിലും ജീവിക്കാനാവും. കടുത്ത ചൂടിലും വായു ഇല്ലാത്ത സ്ഥലത്തും ആസിഡിലും കൊടും തണുപ്പിലും ഒന്നും ഈ സൂക്ഷ്മ ജീവി നശിക്കില്ല . വലിയ അളവിൽ അണുവികിരണം ഉണ്ടായാലും മരണത്തെ അതിജീവിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
ദാ വന്നു, ദേ പോയി
മേഫ്ലൈ എന്ന തുമ്പികളാണ് ലോകത്തെ ഏറ്റവും ആയുസ് കുറഞ്ഞ ജീവികൾ. പരമാവധി ഒരു ദിവസമാണ് ആയുസ്സ്. അതുകൊണ്ട് ഇവയെ 'വൺ ഡേ ഇൻസെക്റ്റ്' എന്നും വിളിക്കാറുണ്ട്. ഇവയ്ക്ക് വായില്ല. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കില്ല. ആഹാരം ദഹിപ്പിക്കുന്ന അവയവങ്ങളുമില്ല. ചതുപ്പുകൾക്ക് മുകളിൽ പറക്കുന്ന ഇവ പറക്കുന്നതിനിടയിൽ തന്നെ മുട്ടയിടും. വെള്ളത്തിൽ മരിച്ചുവീണ് ജലജീവികളുടെ ആഹാരമാകും. മൂവായിരത്തോളം ഇനം മേഫ്ലൈകളുണ്ട്. ചിലതിനു മണിക്കൂറുകളുടെ ആയുസ്സേ ഉള്ളൂ. മിക്ക മേഫ്ലൈകളും മൂന്നുവർഷം ചതുപ്പിലെ വെള്ളത്തിൽ ലാർവയായി കിടന്നിട്ടാണ് വെറും ഒരു ദിവസം ജീവിക്കാനായി പറന്നു വരുന്നത്.
മരങ്ങളുടെ ആയുസ്
ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കാൻ പ്രകൃതി അനുവദിച്ചിരിക്കുന്നത് വൃക്ഷങ്ങളെയാണ്. വടക്കേ അമേരിക്കയിലെ കലിഫോർണിയയിൽ കാണുന്ന ഒരിനം പൈൻ മരങ്ങൾക്ക് (Great Basin bristle cone pine) 5,068 വർഷത്തെ ആയുസ്സുണ്ടെന്നു ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട് .