കണ്ടെത്തി, ഈജിപ്ഷ്യൻ മമ്മികളിൽ മറഞ്ഞിരുന്ന ‘ടാറ്റൂ’ രഹസ്യം!,  Infrared reveals, Egyptian mummies, hidden tattoos, Padhippura, Manorama Online

കണ്ടെത്തി, ഈജിപ്ഷ്യൻ മമ്മികളിൽ മറഞ്ഞിരുന്ന ‘ടാറ്റൂ’ രഹസ്യം!

ഈജിപ്തിൽ കണ്ടെത്തിയ മമ്മികളിൽ ഏറ്റവും പ്രസിദ്ധമാണ് തുത്തൻഖാമന്റേത്. പക്ഷേ ജെബെലീൻ മമ്മികളെപ്പറ്റി കൂട്ടുകാർ കേട്ടിട്ടുണ്ടോ? അവയാണിപ്പോൾ പുരാവസ്തു ഗവേഷകർക്കിടയിലെ സംസാര വിഷയം. ജെബെലീൻ എന്ന പേരു കേട്ട് ഏതെങ്കിലും രാജാവിന്റേതാണെന്നു കരുതേണ്ട. ഈജിപ്തിലെ നൈൽ നദീതീരത്തെ ഒരു നഗരമാണത്. മമ്മികളെ അവ കണ്ടെത്തുന്ന സ്ഥലങ്ങളുടെ പേരിട്ടു വിളിക്കുന്ന രീതിയുണ്ട്. ജെബെലീനിൽ നിന്നു കണ്ടെത്തിയതിനാലാണു ഗവേഷകർ ചില മമ്മികൾക്ക് ആ പേര് നൽകിയതും.


1900ത്തിലാണ് ജെബെലീനിലെ ഒരു ശവകുടീരത്തിൽ നിന്ന് ആറ് മമ്മികളെ ഗവേഷകർ കണ്ടെത്തിയത്. അവയെ വൈകാതെ തന്നെ ബ്രിട്ടനിലെത്തിക്കുകയും ചെയ്തു. അന്നുമുതൽ ബ്രിട്ടിഷ് മ്യൂസിയത്തിൽ യാതൊരു അനക്കവും തട്ടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു അവയെ. മമ്മിയുടെ ‘ഉറക്കം’ തടസ്സപ്പെടുത്തിയാൽ മരണമെന്നായിരുന്നു പുരാതന ഈജിപ്തിലെ കഥകൾ. പക്ഷേ ജെബെലീനിലെ മമ്മികളെ അനങ്ങാതെ സൂക്ഷിച്ചുവച്ചത് അതുകൊണ്ടൊന്നുമായിരുന്നില്ല. അവയെ സ്കാൻ ചെയ്തു പരിശോധിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്താനുള്ള കാത്തിരിപ്പിലായിരുന്നു ഗവേഷകർ. മാത്രവുമല്ല മ്യൂസിയത്തിലെ ഏറ്റവും വിലപിടിച്ച കാഴ്ചാവസ്തുക്കളിലൊന്നുമായിരുന്നു ആ മമ്മികൾ.


എന്തായാലും രണ്ടു നൂറ്റാണ്ടിനു ശേഷം ഈ മമ്മികളിൽ രണ്ടെണ്ണത്തിനെ പരിശോധിക്കാൻ തന്നെ ഗവേഷകർ തീരുമാനിച്ചു. എക്സ് റേ പരിശോധന ഉൾപ്പെടെ നടത്തിയപ്പോഴായിരുന്നു അവയുടെ മേൽ രണ്ട് ടാറ്റൂകൾ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പച്ചകുത്തലുകളിലൊന്നായിരുന്നു അത്. അതായത്, ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ അടയാളങ്ങളോ പച്ചകുത്തിയവയിൽ ഏറ്റവും പഴക്കമുള്ളത്. കാർബൺ ഡേറ്റിങ്ങിലൂടെ പരിശോധിച്ചപ്പോൾ ബിസി 3351നും 3017നും ഇടയ്ക്കു ജീവിച്ചിരുന്നവരുടെ മൃതദേഹങ്ങളാണ് മമ്മികളാക്കപ്പെട്ടതെന്നു കണ്ടെത്തി. ഒരെണ്ണം വനിതയുടെയും മറ്റൊന്നു പുരുഷന്റെയുമായിരുന്നു. പുരാതന ഈജിപ്തിൽ വനിതകൾ മാത്രമേ പച്ചകുത്തിയിരുന്നുള്ളൂ എന്ന ഗവേഷകരുടെ നിഗമനത്തിനും അതോടെ അവസാനമായി.


തുടക്കത്തിൽ കരിപുരണ്ട പാടു പോലെയായിരുന്നു ടാറ്റൂ. അതിന്മേൽ ഇൻഫ്രാറെഡ് പരിശോന നടത്തിയപ്പോഴായിരുന്നു കൂടുതൽ വ്യക്തമായ ചിത്രം ലഭിച്ചത്. പുരുഷൻ പച്ചകുത്തിയിരുന്നത് ഒരു കാളയുടെയും ആടിന്റെയും ചിത്രമായിരുന്നു. വനിത പച്ചകുത്തിയതാകട്ടെ ഇംഗ്ലിഷിൽ ‘എസ്’ ആകൃതിയിലുള്ള നാല് ചിഹ്നങ്ങളും. ചുമലിലായിരുന്നു ഈ ടാറ്റൂകൾ. വയറിന്മേൽ ‘എൽ’ അകൃതിയിലുള്ള മറ്റൊരു ചിഹ്നവുമുണ്ടായിരുന്നു. ഇവയുടെ അർഥമെന്തെന്ന് പുരാവസ്തു ഗവേഷകര്‍ക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ സംരക്ഷിക്കാൻ ഹാത്തോർ എന്ന ഈജിപ്ഷ്യൻ രാജാവിന്റെ ചിത്രം പച്ചകുത്തുന്ന രീതി ഈജിപ്തിലെ അമ്മമാർക്കിടയിലുണ്ടായിരുന്നു. അത്തരത്തിൽ ദൈവപ്രീതിക്കു വേണ്ടി വരച്ചതാണോ ഈ ചിത്രങ്ങളെന്നും പരിശോധിച്ചുവരികയാണു ഗവേഷകർ.

Summary : Infrared Reveals Egyptian Mummies' Hidden Tattoos