ചൊവ്വയിൽ 24 ലക്ഷം പേരുകൾ

അശ്വിൻ നായർ

തിങ്കളാഴ്ച നാസയുടെ ഇൻസൈറ്റ് ദൗത്യം ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിൽ ഊളിയിട്ടിറങ്ങും. ചൊവ്വയുടെ ആന്തരികഘടന പഠിക്കാൻ ലക്ഷ്യമിട്ടാണ് ഇൻസൈറ്റിനെ നാസ വിക്ഷേപിച്ചത്.

ഗ്രഹോപരിതലത്തിൽ ഇടിച്ചിറങ്ങി സ്ഥാനമുറപ്പിച്ചു പരീക്ഷണങ്ങൾ നടത്തുന്ന ലാന്‍ഡർ രീതിയിലുള്ള ദൗത്യമാണ് ഇത്. പ്രശസ്തമായ ക്യൂരിയോസിറ്റി ദൗത്യം വിക്ഷേപിച്ചു കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷമാണ് ഇൻസൈറ്റ് ദൗത്യം വിക്ഷേപിക്കുന്നത്.

ചൊവ്വയിലേക്ക് കുറെ ദൗത്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആന്തരികഘടന ഇത്ര സമഗ്രമായി പഠിക്കുന്ന മറ്റൊരു ദൗത്യമുണ്ടാകില്ല. ഭൂമിയുടേതു പോലെ തന്നെ ക്രസ്റ്റ്,മാന്റിൽ, കോർ ഘടനകൾ ചേർന്നതാണ് ചൊവ്വയും.

ഒരു കാറിന്റെ വലുപ്പത്തിലുള്ള ഇന്‍സൈറ്റ് നാസയുടെ അറ്റ്ലസ് 5 റോക്കറ്റിലാണു വിക്ഷേപിച്ചത്. നാസയുടെ ഡിസ്കവറി പദ്ധതിയുടെ ഭാഗമാണ് ഇത്. അന്തരീക്ഷത്തിൽ പാറിനടക്കാൻ രണ്ട് ചെറിയ ക്യൂബ്സാറ്റ് ഉപഗ്രഹങ്ങളും ദൗത്യത്തിനൊപ്പം അയച്ചിട്ടുണ്ട്. മാർക്കോ എ, ബി എന്നീ പേരുകളിലുള്ള ഇത്തരം ഉപഗ്രഹങ്ങൾ ചൊവ്വയെ ഭ്രമണം ചെയ്യും.

ചൊവ്വയിൽ 24 ലക്ഷം പേരുകൾ‌
ഭൂമിയിലെ 24, 29807 ആളുകളുടെ പേരുകളും ദൗത്യത്തിനൊപ്പമുള്ള ചിപ്പിൽ ചൊവ്വയിലേക്കു കൊണ്ടുപോകുന്നുണ്ട്. മലയാളികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

പ്രധാന പഠനലക്ഷ്യങ്ങൾ
ആന്തരിക ഘടന വിലയിരുത്തുക വഴി, ചൊവ്വ,ഭൂമി, ബുധൻ,ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കുക. ചൊവ്വയിലുണ്ടാകുന്ന കമ്പനങ്ങള്‍, ഉൽക്കകൾ മൂലമുള്ള മാറ്റങ്ങൾ എന്നിവ പഠിക്കുക.

പ്രധാന ഉപകരണങ്ങൾ

റൈസ് ആന്റിന - ചൊവ്വാഗ്രഹത്തിന്റെ ഉത്തരധ്രുവത്തിന്റെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന ഉപകരണം.
റോബട്ടിക് ആം- പ്രോബുകള്‍ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറക്കിവയ്ക്കുന്ന നിർണായകമായ പ്രക്രിയ.
താപമാപിനി- ചൊവ്വയുടെ ഉള്ളിലെ താപനില അറിയാനുള്ള ഉപകരണം. 5 മീറ്റർ താഴ്ചയിൽ ആഴ്ന്നിറങ്ങും.
സീസ്മോഗ്രഫ്- ചൊവ്വയിലുള്ള പ്രകമ്പനങ്ങൾ അളക്കുന്ന ദൗത്യം. മാഴ്സ് ക്വേക്സ് എന്നറിയപ്പെടുന്ന പ്രതിഭാസം ഗവേഷകരുടെ ഇഷ്ടവിഷയമാണ്.

ചങ്കിടിപ്പോടെ ഇറക്കം
ഇൻസൈറ്റ് ദൗത്യത്തിന്റെ ഏറ്റവും നിർണായകമായ ഘട്ടം അന്തരീക്ഷത്തിൽ നിന്ന് ഉപരിതലത്തിലേക്കുള്ള ഇടിച്ചിറക്കമാണ്.ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഉപകരണങ്ങളിറക്കുന്നത് ശ്രമകരമായ ജോലിയാണ്.പൊടിക്കാറ്റ് ശക്തമായതും ഇതു ദുഷ്കരമാക്കും. എന്നാൽ ഇതു തടയാനുള്ള സംവിധാനങ്ങളെല്ലാം ദൗത്യത്തിലുണ്ടെന്നാണു നാസ പറയുന്നത്.പ്രത്യേകം തയാർ ചെയ്ത പാരഷൂട്ട്, ആഘാതങ്ങൾ കുറയ്ക്കാൻ ഇൻസൈറ്റിനെ സഹായിക്കും. എലീസിയം പ്ലാനിറ്റ എന്നറിയപ്പെടുന്ന മേഖലയിലാണു ദൗത്യം ഇറങ്ങുക. ചൊവ്വയുടെ മധ്യരേഖയ്ക്കടുത്തുള്ള സമതലപ്രദേശമാണ് ഇത്.പടുകൂറ്റൻ കുഴികളും വമ്പൻ അഗ്നിപർവതങ്ങളും ഇവിടെയുണ്ട്.