കുഴിമടിയൻ, വലിയ ശ്വാസകോശം, വൃത്തിക്കാർ; നിലനിൽപ് ഭീഷണിയിൽ
തയാറാക്കിയത്: പ്രിൻസ് രാജ്
തടാകവും നദിയും കടലും കേന്ദ്രീകരിച്ച് കൂട്ടമായി വസിക്കുന്ന ഒരു സസ്തനിയാണ് നീർനായ(otter). നിലനിൽപ് ഭീഷണി അഭിമുഖീകരിക്കുന്ന നീർനായ്ക്കളെ ഓഗസ്റ്റിൽ ജനീവയിൽ നടന്ന രാജ്യാന്തരപരിസ്ഥിതി സംരക്ഷണ സംഗമം സംരക്ഷിത ജീവികളുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി.
ശൈത്യമേഖലയിലും മിതശീതോഷ്ണ മേഖലയിലുമാണ് നീർനായ്ക്കളെ കണ്ടുവരുന്നത്. ഓസ്ട്രേലിയയും അന്റാർട്ടിക്കയും ഒഴികെ 5 ഭൂഖണ്ഡങ്ങളിൽ നീർനാക്ക്കളുണ്ട്. ലോകത്ത് പ്രധാനമായും 13 ഇനം നീർനായ്ക്കളാണുള്ളത്. അതിൽത്തന്നെ ഏറ്റവും കൂടുതലുള്ളത് രണ്ട് ഇനം– ശുദ്ധജല നീർനായകളും സമുദ്രജല നീർനായ്ക്കളും.
പുറംകാഴ്ചയിൽ ചെറുത് അകം വിശാലം
ജലാശയതീരത്താണ് ശുദ്ധജല നീർനായ്ക്കളുടെ വാസം. അവയുടെ വാസസ്ഥലം പുറം കാഴ്ചയിൽ ചെറിയൊരു മാളമായി തോന്നാമെങ്കിലും വിസ്തൃതിയേറിയ ഉൾഭാഗത്തോടു കൂടിയതാണ്. വാസഗൃഹം പണിയുന്നതിൽ കുഴിമടിയനാണ് നീർനായ. അന്യജീവികൾ കഠിനാധ്വാനത്തിലൂടെ പൂർത്തിയാക്കിയ വാസസ്ഥലം സംഘബലം ഉപയോഗിച്ച് കൈവശപ്പെടുത്തുകയാണ് ഇവർ ചെയ്യുക. ശേഷം,തങ്ങൾക്കു വസിക്കാൻ പാകത്തിൽ വിപുലപ്പെടുത്തും.
മത്സ്യപ്രിയർ
ഇടത്തരം മത്സ്യമാണ് നീർനായയുടെ ഭക്ഷണം. മത്സ്യക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് ഇരപിടിത്തം. മൂർച്ചയേറിയ 32 പല്ലുകൾ ഉണ്ടെങ്കിലും ചവച്ചരയ്ക്കാതെ ചെറുകഷണങ്ങളാക്കി വിഴുങ്ങുകയാണ് ചെയ്യുക. വിസ്തൃതിയേറിയ തോൽപാദങ്ങൾ തുഴയാക്കിയാണ് നീന്തുക. ഓരോ കാലിലും കൂർത്ത നഖങ്ങളോടു കൂടിയ അഞ്ച് വിരലുകൾ ഉണ്ടായിരിക്കും. നാലു കാലും ഉപയോഗിച്ചു ചാടിച്ചാടിയാണ് കരയിലെ സഞ്ചാരം.
വലിയ ശ്വാസകോശമുള്ളതിനാൽ നീർനായ്ക്ക് കൂടുതൽ ഓക്സിജൻ സംഭരിച്ചുവയ്ക്കാൻ കഴിയും. അതിനാൽ മത്സ്യത്തെ തിരഞ്ഞ് ആഴങ്ങളിലക്ക് ഉൗളയിടുന്ന നീർനായ്ക്കു പത്തുമിനിറ്റിലേറെ വെള്ളത്തിനടിയിൽ ചെലവഴിക്കാനാവും. ശരീരഭാരത്തിന്റെ നാലിലൊന്ന് അളവിലെങ്കിലും പ്രതിദിനം ആഹാരം ആവശ്യമാണ് ഇവർക്ക്. മികച്ച കാഴ്ച–കേൾവി–ഘ്രാണ ശക്തിയും ഉയർന്ന സംവേദനക്ഷമതയും ഇരപിടുത്തത്തെയും സഹായിക്കുന്നു.
വലിയ വൃത്തിക്കാർ
ദിവസവും പല തവണ കുളിച്ച്, ശരീരം വൃത്തിയായി സൂക്ഷിക്കുന്നവരാണ് ഇവർ. കുളികഴിഞ്ഞ് ശരീരത്തെ പൊതിഞ്ഞ രോമം ഏറെ നേരം മിനുക്കും. മലിനജലത്തിൽ നീർനായ ഇറങ്ങില്ല. നീർനായ സാന്നിധ്യം മാലിന്യമുക്തമായ ജലാശയത്തിന്റെ സൂചനയാണ്.
ശരീരവലുപ്പത്തിൽ ഒന്നാം സ്ഥാനക്കാരൻ രണ്ട് മീറ്റർ നീളം വയ്ക്കുന്ന ജയന്റ് ഓട്ടറാണ്. 50 കിലോഗ്രാം ശരീരഭാരം കൈവരിക്കുന്ന സീ ഓട്ടറാണ് ശരീരഭാരത്തിൽ ഒന്നാമത്. കുഞ്ഞൻമാരാണ് ഏഷ്യൻ സ്മോൾ ക്ലോസ്ഡ് ഓട്ടർ. ഒരുമീറ്ററിൽ താഴെ നീളവും പരമാവധി 5 കിലോ ഭാരവുമാണ് ഇവയ്ക്കുണ്ടാവുക.
നിലനിൽപ് ഭീഷണിയിൽ
നീർനായക്കളുടെ എണ്ണം വലിയതോതിൽ കുറഞ്ഞിരിക്കുന്നു. വേട്ട, ആവാസ വ്യവസ്ഥാശോഷണം, മത്സ്യലഭ്യതക്കുറവ് തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ നീർനായ്ക്കളെ മനുഷ്യൻ തോലിനും മാംസത്തിനുമായി വേട്ടയാടിയിരുന്നു. കോട്ടും ബെൽറ്റുമൊക്കെ നിർമിക്കുന്നതിനാണ് നീർനായയുടെ തോൽ ഉപയോഗിച്ചിരുന്നത്. രഹസ്യമായി നീർനായവേട്ട നിർബാധം തുടരുന്നുമുണ്ട്.